മോഷ്ടിച്ച കോഹിനൂര്‍രത്നം തിരിച്ചു നല്‍കണം; ബ്രിട്ടീഷ് രാജ്ഞിക്കെതിരെ ഇന്ത്യക്കാര്‍ കേസിന്

kohinoor diamondലണ്ടന്‍: ഇന്ത്യയില്‍ നിന്ന് കവര്‍ന്ന, ശതകോടികള്‍ വിലയുള്ള കോഹിനൂര്‍രത്നം തിരിച്ചുനല്‍കാനാവശ്യപ്പെട്ട് ബ്രിട്ടീഷ് രാജ്ഞിക്കെതിരെ കേസിന് ഇന്ത്യന്‍ കൂട്ടായ്മ ഒരുങ്ങുന്നു. ബോളിവുഡ് താരങ്ങള്‍, വന്‍കിട ബിസിനസ് പ്രമുഖര്‍ എന്നിവര്‍ ചേര്‍ന്ന് ‘മൗണ്ടന്‍ ഓഫ് ലൈറ്റ്’ എന്ന കൂട്ടായ്മ രൂപവത്കരിച്ചാണ് ലണ്ടന്‍ ഹൈകോടതിയില്‍ കേസ് നല്‍കുന്നത്.

കിങ് ജോര്‍ജ് ആറാമന്‍ 1937ല്‍ അധികാരമേല്‍ക്കുമ്പോള്‍ അവരുടെ ഭാര്യയും പിന്നീട് 1953ല്‍ അധികാരാരോഹണ സമയത്ത് എലിസബത്ത് രാജ്ഞിയും ഇത് ധരിച്ചിരുന്നു. 1000 കോടി രൂപ മൂല്യംവരുന്ന 105 കാരറ്റ് രത്നം ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടു പോയതാണെന്നും യഥാര്‍ഥ അവകാശികള്‍ക്ക് തിരിച്ചു നല്‍കണമെന്നുമാണ് ആവശ്യം.

13ാം നൂറ്റാണ്ടില്‍ ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലുള്ള കൊല്ലൂര്‍ ഖനിയില്‍ നിന്ന് കുഴിച്ചെടുത്തതാണ് കോഹിനൂര്‍ എന്നാണ് കരുതുന്നത്. പേര്‍ഷ്യന്‍ ചക്രവര്‍ത്തി നാദിര്‍ഷയാണ് ഇതിന് കോഹിനൂര്‍ എന്ന പേര് നല്‍കിയത്. ഇന്ത്യ ഭരിച്ച വിവിധ ഭരണവംശങ്ങളിലൂടെ കൈമാറി 1800കളുടെ അവസാനത്തില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിന്‍െറ ഭാഗമായി. 186 കാരറ്റിലേറെ ഭാരമുണ്ടായിരുന്ന ഇത് പലവുരു ചത്തെിമിനുക്കിയാണ് നിലവിലെ 105 കാരറ്റിലത്തെിയത്.

ബ്രിട്ടനിലെ ഹോളകോസ്റ്റസ് നിയമപ്രകാരമാണ് (പൈതൃകപ്രധാനമായ വസ്തുക്കള്‍ തിരിച്ചുനല്‍കാനുള്ളത്) കേസ് നല്‍കുകയെന്നാണ് അഭിഭാഷകര്‍ പറയുന്നത്. ഗ്രീസിന്റെ ഉടമസ്ഥതയിലായിരുന്ന എല്‍ജിന്‍ മാര്‍ബ്ള്‍സ് എന്ന ശില്‍പവും സമാനമായി ബ്രിട്ടനില്‍ നിയമക്കുരുക്ക് നേരിടുന്ന ചരിത്രവസ്തുവാണ്.

സാമ്പത്തികമൂല്യം മാത്രമല്ല, ഇന്ത്യയുടെ ചരിത്രവും പൈതൃകവുമായി ഏറെ അടുത്തുനില്‍ക്കുന്നവയാണ് കോഹിനൂര്‍ രത്നമെന്ന് ബോളിവുഡ് നടിയും മൗണ്ടന്‍ ഓഫ് ലൈറ്റ് അംഗവുമായ ഭൂമിക സിങ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment