മലപ്പുറം: യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയും അനൈക്യവും സംഭവിച്ചതായി മുസ്ലിംലീഗ്. വലിയ തോതിലുള്ള അപാകതയുണ്ടായെന്ന് മാത്രമല്ല, പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യഥാസമയം ഇടപെടലുണ്ടായില്ലന്നും പാര്‍ട്ടി വിലയിരുത്തി.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ പാണക്കാട്ട് ചേര്‍ന്ന ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പാര്‍ട്ടി വക്താവ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും അനൈക്യവും പോരായ്മകളും ചൂണ്ടിക്കാട്ടി. രാജ്യത്ത് വളരുന്ന വര്‍ഗീയ, ഫാഷിസത്തോട് യു.ഡി.എഫ് കുറേക്കൂടി ജാഗ്രത പുലര്ത്തേണ്ടതായിരുന്നെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. നവംബര്‍ 12ന് പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗം ചേരും. കൂടുതല്‍ കാര്യങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യും. പാര്‍ലമെന്ററി ബോര്‍ഡും സാഹചര്യങ്ങള്‍ വിലയിരുത്തും. 2010ല്‍ യു.ഡി.എഫിന് മികച്ച വിജയമുണ്ടായപ്പോള്‍ ഇത്തവണ കുറച്ചുപിറകിലായി. മലപ്പുറം ജില്ലാ പഞ്ചായത്തിലെ 32 ഡിവിഷനുകളില്‍ 27 ഉം യു.ഡി.എഫ് നേടി. ഫലം രാഷ്ട്രീയ പരാജയമല്ലന്ന് ഇത് തെളിയിക്കുന്നതായും ലീഗ് വിലയിരുത്തി.
തെരഞ്ഞെടുപ്പിനുശേഷം പൊലീസിന്റെ ഭാഗത്തുനിന്ന് പക്ഷപാതപരമായ നീക്കം നടക്കുന്നുണ്ട്. കോഴിക്കോട്ട് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വളരെ മോശമായ പെരുമാറ്റമാണുണ്ടായത്. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ഇടപെടല്‍. ഇത്തരം സംഭവങ്ങളില്‍ പ്രവര്‍ത്തക സമിതി ശക്തിയായി പ്രതിഷേധിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply