ബിജു രമേശിന്റെ അടുത്ത നീക്കം ബാബുവിനെതിരെ; മന്ത്രി ബാബുവിന് രണ്ട് തവണ 50 ലക്ഷം രൂപ വീതം നല്‍കിയെന്ന് ബിജു രമേശ്

bdfgsdfbdfgതിരുവനന്തപുരം: കെ.എം മാണി ധനമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ബാര്‍ കോഴക്കേസിലെ പരാതിക്കാരനായ ബിജു രമേശ് എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ രംഗത്തെത്തി. ബാബുവിനെതിരെ അടുത്തയാഴ്ച കേസ് ഫയല്‍ ചെയ്യുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ ബാബുവിന് സെക്രട്ടറിയേറ്റിലെത്തി രണ്ട് തവണ 50 ലക്ഷം രൂപ വീതം താന്‍ നേരിട്ട് നല്‍കിയിരുന്നു. ബാര്‍ ഉടമകള്‍ പിരിച്ചെടുത്ത 23 കോടി രൂപയും ബാബുവിന് നല്‍കിയിരുന്നു.

ബാബുവിന്റെ നിര്‍ദേശാനുസരണം ഈ തുക വിതരണം ചെയ്യുകയാണുണ്ടായതെന്നും ബാബു പറഞ്ഞു. ബാറുടമകളായ പോളക്കുളം കൃഷ്ണദാസിനും എലഗന്‍സ് ബിനോയിക്കും ഇക്കാര്യങ്ങളെല്ലാം അറിയാം. ലൈസന്‍സ് കിട്ടിയവരില്‍ നിന്ന് 20 ലക്ഷം പിരിച്ചത് ബിനോയ് ആണെന്നും ബിജു രമേശ് പറഞ്ഞു.

ബാബുവിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. മാണിക്കെതിരെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാത്രം പറഞ്ഞാല്‍ മതിയെന്ന് മൊഴി നല്‍കാനെത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇങ്ങനെ പറഞ്ഞത് വിന്‍സന്‍ എം പോളിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നും ബിജു രമേശ് വ്യക്തമാക്കി.

ബാബുവിനെ ഉപദ്രവിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കളടക്കം പലരും പറഞ്ഞുവെന്നും ബിജു രമേശ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. തന്റെ ആരോപണം ശരിയെന്ന് തെളിയിക്കാന്‍ നാര്‍ക്കോ അനാലിസിസ് നടത്തണം. അതിന് താന്‍ തയ്യാറാണെന്നും കെ ബാബു തയ്യാറുണ്ടോയെന്നും ബിജു രമേശ് വെല്ലുവിളിച്ചു. ബാബു നല്‍കിയ മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ബാബുവിന്റെ കോടികളുടെ ആസ്തി പരിശോധിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

അതേ സമയം ബിജു രമേശിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച് ഭയമില്ലെന്നും നിയമപോരാട്ടം തുടരുമെന്നും മന്ത്രി കെ ബാബു പറഞ്ഞു. കേസ് പിന്‍വലിക്കുന്നതിനായി ബിജു രമേശിന്റെ പല ദൂതന്‍മാരും വന്നിരുന്നുവെങ്കിലും താന്‍ അതിന് തയ്യാറായില്ലെന്നും ബാബു പറഞ്ഞു. കേസുമായി മുന്നോട്ടു പോകുമെന്നും ബാബു പ്രതികരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment