Flash News

സാഹിത്യത്തിന്റെ ലക്ഷ്യം – വിചാരവേദിയില്‍ ചര്‍ച്ച (വാസുദേവ്‌ പുളിക്കല്‍)

November 13, 2015 , വാസുദേവ്‌ പുളിക്കല്‍

sahithyam titleവിചാരവേദി ഒന്‍പതാം വാര്‍ഷികം കെ.സി.എ.എന്‍.എയില്‍ വെച്ച്‌ നവംബര്‍ 8- ന്‌ ആഘോഷിച്ചു, ‘സാഹിത്യത്തിന്റെ ലക്ഷ്യം’ എന്ന വിഷയം ചര്‍ച്ച ചെയ്‌തു. സാഹിത്യത്തെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും ഇന്നത്തെ സാഹചര്യത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗ്ഗീയതക്കെതിരെ സാഹിത്യകാരന്മാര്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യതയും സാംസി കൊടുമണ്‍ സ്വാഗതപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ പ്രശസ്‌ത നരവംശശാസ്ര്‌തജ്‌ഞനും പണ്ഡിതനുമായ ഡോ. ഏ. കെ. ബി. പിള്ളയായിരുന്നു. ഉത്തമസാഹിത്യം സൃഷ്‌ടിക്കുക എന്നതാണ്‌ സാഹിത്യകാരന്മാര്‍ ലക്ഷ്യമാക്കേണ്ടത്‌. വിശ്വസാഹിത്യത്തിലെ പ്രവണതകള്‍ കൈക്കൊണ്ടതുകൊണ്ട്‌ മലയാളസാഹിത്യത്തില്‍ ധാരാളം മാറ്റങ്ങള്‍ വന്നിട്ടുണ്ട്‌. സാഹിത്യകാരന്‍ സമചിത്തനായിരിക്കണം. കാരണം സമചിത്തതയാണ്‌ സാഹിത്യ രചനക്ക്‌ പൂര്‍ണ്ണതയും വ്യക്‌തതയുമുണ്ടാക്കുന്നത്‌. പ്രാചീന സാഹിത്യം സംഭോഗ സാഹിത്യമാണ്‌. പ്രാചീന സാഹിത്യകാരന്മാര്‍ സ്വന്തം സുഖത്തിനും ആനന്ദത്തിനും വേണ്ടി എഴുതിയ സാഹിത്യത്തിന്‌ ലക്ഷ്യബോധമിക്ലായിരുന്നു. മണിപ്രവാള സാഹിത്യം ഉദാഹരണം. ജീവിതത്തിന്റെ വേദനകളും അഭിനിവേശങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞപ്പോള്‍ സാഹിത്യത്തിന്‌ ലക്ഷ്യമുണ്ടാവുകയും ഉത്തമസാഹിത്യം ഉടലെടുക്കുകയും ചെയ്‌തു. ആധുനീകത്വം സാമൂഹ്യബന്ധമില്ലാത്തതും വ്യക്‌തി കേന്ദ്രീയവുമാണ്‌. കൃതൃമശൈലിയില്‍്‌ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ആധുനീകത്വമാണ്‌ മലയാളത്തിനെ കൃതൃമമാക്കിയത്‌. ആധുനികത്വം ശൂന്യതയുടെ സാഹിത്യമാണ്‌. സാഹിത്യകാരന്മാര്‍ സമൂഹത്തിലെക്കിറങ്ങി ചെന്ന്‌ സമൂഹത്തിന്റെ തീച്ചൂളയിലൂടെ നടന്ന്‌ ചൂടുള്ള വായു ശ്വസിക്കണം. അപ്പൊഴെ സാഹിത്യത്തിന്റെ ലക്ഷ്യമായ മനുഷ്യത്വത്തിന്റെ പുനഃസൃഷ്‌ടി സാധ്യമാകൂ.. ഡോ. എ. കെ. ബി. അദ്ധ്യക്ഷപ്രസംഗത്തില്‍ ലക്ഷ്യബോധമുള്ള സാഹിത്യത്തിന്റെ വിവിധ വശങ്ങള്‍ വിവരിച്ചു. വാല്‌മീകി ആദ്യകവിതയില്‍ തന്നെ മനവപുരോഗതി എന്ന സാഹിത്യത്തിന്റെ ലക്ഷ്യം അനുഗാനം ചെയ്‌തിട്ടുള്ളത്‌ അനാവരണം ചെയ്‌തുകൊണ്ട്‌ ജീവിതത്തിന്റെ അഗാധതകളേയും രഹസ്യങ്ങളേയും ഹൃദയസ്‌പര്‍ശിയായി അവതരിപ്പിച്ചിട്ടുള്ള സാഹിത്യരചനകള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്ല്‌ ഉത്തമസാഹിത്യകാരന്മാര്‍ സാഹിത്യത്തിന്റെ ലക്ഷ്യത്തില്‍ നിന്ന്‌ വ്യതിചലിക്കുകയില്ല എന്ന്‌ വാസുദേവ്‌ പുളിക്കല്‍ പറഞ്ഞു.

IMG_0561ജനകീയതയും മതനിരപേക്ഷതയും പുലര്‍ത്തുന്ന, അമേരിക്കയിലെ സാഹിത്യപ്രസ്‌ഥാനങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന, സാഹിത്യകാരന്മാര്‍ നയിക്കുന്ന വിചാരവേദി `സാഹിത്യത്തിന്റെ ലക്ഷ്യം” എന്ന വിഷയം ചര്‍ച്ചക്കെടുത്തത്‌ ഉചിതമായി എന്ന പ്രസ്‌താവനയോടെയാണ്‌ ഡോ. ജോയ്‌ല്‌പറ്റി. കുഞ്ഞാപ്പു പ്രസംഗം ആരംഭിച്ചത്‌. ചിന്തയെ തര്‍ജ്‌ജമ ചെയ്യുന്ന ആന്തരിക മനസ്സാണ്‌ ഭാഷ. സര്‍ഗ്ഗാത്മകത നിറഞ്ഞു നില്‍ക്കുമ്പോള്‍ ഭാഷ സാഹിത്യമാകുന്നു. സൗന്ദര്യാധിഷ്‌ഠിതമാണ്‌ പൗരാണിക കവിതകള്‍. കവികള്‍ പ്രജാപതിക്ക്‌ തുല്യരാണ്‌. സൗന്ദര്യാത്മകമായ കലാസൃഷ്‌ടികള്‍ നമുക്ക്‌ ഉല്ലാസവും ശാന്തിയും സമാധാനവും നല്‍കുന്നു. നല്ല സാഹിത്യം അനുഭവവേദ്യമാക്കുന്ന അനുഭൂതികള്‍ ചിന്താമണ്ഡലത്തില്‍ ഏറെ നാള്‍ നിലനില്‍ക്കും. സാഹിത്യത്തിന്‌ സ്വയം സമര്‍പ്പിക്കുന്നവരാണ്‌ യഥാര്‍ത്ഥ സാഹിത്യകാരന്മാര്‍. സ്വന്തം വിശ്വാസങ്ങളെ മുറിപ്പെടുത്തുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ സാഹിത്യകാരന്‍ പ്രതികരിക്കുന്നു, സാഹിത്യം ഉടലെടുക്കുന്നു. സമൂഹത്തിന്റെ നാഡിയിടിപ്പും ചലനവും മനസ്സില്‍ തട്ടി എഴുതുമ്പോള്‍ സാമൂഹ്യപ്രതിബദ്ധത താനേ വന്നു ചേരും. നല്ല കൃതി ജനിക്കണമെങ്കില്‍ എഴുത്തുകാര്‍ ധൈര്യം അവലംബിച്ച്‌ എഴുതണം. എഴുത്തുകാരെ ബോധവല്‍ക്കരിക്കുന്നത്‌ നിഷ്‌പക്ഷമതികളായ വിമര്‍ശകരാണ്‌. വിമര്‍ശനം വളരെ അവധാനപൂര്‍വ്വം നടത്തേണ്ട്‌ കര്‍മ്മമാണ്‌. വൈയക്‌തികമാകാതെ വിമര്‍ശഖണ്ഡത്തിലെ ഖണ്ഡനവും മണ്ഡനവും ആത്മനിഷ്‌ഠക്കുപരി വസ്‌തുനിഷ്‌ഠമാകേണ്ടതുണ്ട്‌. വ്യക്‌തിവൈരാഗ്യവും വ്യക്‌തിപൂജയും ഒരുപോലെ അപകടകാരികളാണ്‌. മൂല്യനിര്‍ണ്ണയത്തിനു പകരം ഈ സമീപനം മൂല്യനിരാസത്തില്‍ കലാശിക്കും. അവാര്‍ഡുകള്‍ ലഭിക്കുന്നത്‌ ഏറ്റവും നല്ല കൃതികള്‍ക്കായിരിക്കണമെന്നില്ല. എങ്കിലും അവാര്‍ഡ്‌ നല്‍കുന്ന കൃതികള്‍ക്ക്‌ സാഹിത്യമൂല്യമുള്ളവയായിരിക്കണം. അവാര്‍ഡുകള്‍ എഴുത്തുകാര്‍ക്ക്‌ ലഭിക്കുന്ന അംഗീകാരമാണ്‌. എഴുത്തുകാര്‍ക്ക്‌ അംഗീകാരവും പ്രോത്സാഹനവും ലഭിക്കേണ്ടത്‌ അനിവാര്യമാണ്‌. രചനകള്‍ക്ക്‌ പ്രതിഫലം ലഭിക്കുന്നത്‌ എഴുതാനുള്ള പ്രചോദനം നല്‍കാം. എന്നാല്‍ പ്രതിഫലം സാഹിത്യത്തിന്റെ ലക്ഷ്യമാക്കരുത്‌. എന്തിന്‌ എഴുതണമെന്ന്‌ എഴുത്തുകാരന്‍ തന്നോടു തന്നെ ചോദിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം തന്റെ എഴുത്തിന്റെ ലക്ഷ്യം പരോക്ഷമായി പ്രഖ്യാപിക്കുന്നു. ഈ ചോദ്യത്തിന്‌ ഉത്തരം പറയുന്ന എഴുത്തുകാരന്‍ മനസ്‌താപത്തിന്റെ താപത്തിലും പശ്‌ചാത്തപത്തിന്റെ താപത്തിലും കുമ്പസാരത്തിന്‌ മുന്നോടിയായി പ്രകരണം ചൊല്ലി സ്വയം ഏറ്റുപറയുന്ന വാക്കുകള്‍കൊണ്ട്‌ തനിക്കുതന്നെ പ്രായശ്‌ചിത്തം വിധിക്കുകയാണ്‌. തന്റെ സാഹിത്യ രചനകളുടെ ലക്ഷ്യം എന്തെന്ന്‌ കൂടി കൂട്ടിച്ചേര്‍ത്തു കൊണ്ട്‌ ഡോ. കുഞ്ഞാപ്പു പ്രസംഗം അവസാനിപ്പിച്ചു.

സാഹിത്യത്തിന്റെ നിര്‍വ്വചനം ഉദ്ധരിക്ലുകൊണ്ട്‌ ഡോ. ശശിധരന്‍ പ്രസംഗം ആരംഭിച്ചു. സാഹിത്യം എന്നാല്‍ സഹിതയോര്‍ ഭാവഃ – സാഹിതങ്ങളുടെ ഭാവം. സാഹിത്യത്തിന്റെ ലക്ഷ്യം ജീവിതങ്ങളെ ഒന്നിച്ചു ചേര്‍ക്കലാണ്‌. അതായത്‌ സാഹിത്യം എകത്വം ഉല്‍ഘോഷിക്കുന്ന അദൈ്വതദര്‍ശനത്തിന്റെ സാക്ഷാത്‌ക്കാരമാണ്‌. സാഹിത്യം എന്ന വാക്ക്‌ വേദസാഹിത്യത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞു വന്നതാണ്‌. അനേകം ഭാഷാസംസ്‌കാരത്തിന്റെ ഒഴുക്കിന്റെ പ്രഭവസ്‌ഥാനം വേദസാഹിത്യമാണ്‌. വേദസാഹിത്യം ലോകമെമ്പാടും പ്രചരിക്കാന്‍ കാരണമായത്‌ ഷാജഹാന്റെ മകന്‍ ദാരാ മുസ്ലീം രാജകുമാരനാണ്‌. ഉപനിഷത്തുക്കളുടെ മഹത്വം മനസ്സിലാക്കിയ അദ്ദേഹം ഉപനിഷത്തുക്കള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക്‌ തര്‍ജ്‌ജമ ചെയ്‌തു. പിന്നീട്‌ ക്രിസ്‌ത്യന്‍ പാതിരിമാരും മറ്റും അത്‌ ലാറ്റിനിലേക്കും ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തി ലോകത്തിന്റെ മുന്നില്‍ എത്തിച്ചു. ഭേദങ്ങളറ്റ പൊരുളാണ്‌ ഭാരതീയസാഹിത്യമെന്ന്‌ ഇത്‌ തെളിയിക്കുന്നു.

വിശ്വത്തെ ഭാരതവുമായി ബന്ധപ്പെടുത്തുന്ന ടാഗോറിന്റെ വിശ്വഭാരതി സര്‍വ്വകലാശാലയുടെ ഉദ്ദേശ്യം തന്നെ അദ്വൈത ദര്‍ശനമാണ്‌. അദ്വൈത ദര്‍ശനം ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും സാഹിത്യത്തിലുണ്ട്‌. ആ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഒരേ സ്വരവും ഒരേ ലക്ഷ്യവും ഒരേ മനസ്സുമുള്ളവരെയാണ്‌ അവര്‍ ജനത എന്ന്‌ കണക്കാക്കിയിരുന്നത്‌. നമ്മുടെ ദേശീയ ഗാനത്തില്‍ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ജനഗണമന അധിനായക ജയഹേ എന്ന്‌ പ്രകീര്‍ത്തിക്കുന്നത്‌ മഹാത്മാ ഗാന്ധിയെയാണ്‌. വൈകാരികം വൈചാരികം, ആത്മീയത എന്നീ യാഥാര്‍ത്ഥ്യങ്ങളാണ്‌ സാഹിത്യകാരന്റെ അസംസ്‌കൃത വസ്‌തുക്കള്‍. ഈ അസംസ്‌കൃത വസ്‌തുക്കളെ വേണ്ടവിധത്തില്‍ ഭാഷയുടെ ലാവണ്യശാസ്‌ത്രത്തിലും ചമല്‍ക്കാരങ്ങളിലും സംസ്‌കരിച്ചെടുക്കുമ്പോള്‍ സാഹിത്യകാരന്റെ മനഃസ്സാക്ഷിയോടും സമൂഹത്തോടും നീതി പുലര്‍ത്തുന്ന ഉത്തമകലാസൃഷ്‌ടികള്‍ ജനിക്കുന്നു. അപ്പോള്‍ പാശ്‌ചാത്യ സാഹിത്യമെന്നോ പൗരസ്‌ത്യ സാഹിത്യമെന്നോ ഉള്ള വേര്‍തിരിക്കലിന്റെ ആവശ്യമില്ല. പുരോഗമന സാഹിത്യം എന്ന്‌ സാഹിത്യത്തെ മുദ്രണം ചെയ്യുന്നതും ശരിയല്ല. കാരണം സാഹിത്യം ജനങ്ങള്‍ക്ക്‌ ഉപയോഗപ്രദമാകുമ്പോള്‍ അത്‌ പുരോഗമന സാഹിത്യമാകുന്നു. സാഹിത്യകാരന്മാര്‍ക്ക്‌ സമൂഹത്തിന്റെ ഭാണ്ഡക്കെട്ട്‌ ചുമക്കേണ്ട ആവശ്യമില്ല എന്ന്‌ ലാന സമ്മേളനത്തില്‍ പറഞ്ഞ ഡോ. എം. വി. പിള്ളയും അദ്ദേഹത്തെ പിന്താങ്ങിയ ബെന്യാമിനും, ഒരു കാലഘട്ടത്തില്‍ കേരളീയ ജനതയുടെ മനസ്സില്‍ ദേശസ്‌നേഹത്തിന്റേയും ധര്‍മ്മത്തിന്റേയും നീതിയുടേയും മനോമോഹനമായ സനാതനമൂല്യങ്ങളുടെ കനകാക്ഷരങ്ങളുടെ കാഹളമൂതിയ കൈനിക്കര പത്മനാഭപിള്ളയുടേയും കൈനിക്കര കുമാരപിള്ളയുടേയും രചനകളും കാളിദാസന്റെ രഘുവംശവും മറ്റും പലവട്ടം വായിക്കണം.

സമൂഹത്തിന്റെ ഭാണ്ഡക്കെട്ട്‌ ചുമന്നില്ലായിരുന്നെങ്കില്‍ ബെന്യാമിന്റെ ആടുജീവിതം യൂണിവേഴ്സിറ്റികളില്‍ പാഠപുസ്‌തകമാകുമായിരുന്നില്ല. മതമേധാവികളും മാധ്യമപ്രവര്‍ത്തകരും രാഷ്‌ട്രീയക്കാരും ബുദ്ധിജീവികളും പണ്ഡിതന്മാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ അലക്ഷ്യമായി നമ്മുടെ നാട്‌ ഭരിച്ച്‌ നാട്‌ മുടിക്കുകയും നാട്‌ ഭരിക്കുന്നവര്‍ വണ്ണം വച്ചു വരുമ്പോള്‍ നാട്‌ മെലിയുകയും ചെയ്യുന്ന പ്രത്യേക സാമൂഹിക സാഹചര്യത്തില്‍ സാഹിത്യകാരന്മാര്‍ക്കു മത്രമേ സമൂഹത്തെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. സാഹിത്യകാരന്മാരുടെ സാമൂഹ്യ പ്രതിബദ്ധതയെ എതിര്‍ത്തു സംസാരിച്ച നോബല്‍ സമ്മാനജേതാവായ തോമസ്‌മാനും റില്‍ക്കേയും മറ്റു ലോകപ്രസിദ്ധരായ സാഹിത്യകാരന്മരും അവരുടെ അഭിപ്രായത്തിന്‌ തിരുത്തല്‍ വരുത്തിയ സാഹചര്യമുണ്ടായിട്ടുണ്ട.്‌ കാല്‌പിനികമായ ഹൃദയത്തിന്‌ ഒരിക്കലും അപചയം സംഭവിച്ചിട്ടില്ല. എന്നാല്‍ കല്‌പിനികമായ സാഹിത്യസൃഷ്‌ടികള്‍ക്ക്‌ അപചയം സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കേണ്ടതാണ്‌. അതുകൊണ്ടു തന്നെ അടുക്കളസാഹിത്യവും കാല്‌പിനികസാഹിത്യവും കാലത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നടിയുകയും, എന്നാല്‍ സാമൂഹ്യപ്രതിബദ്ധതയുള്ള സാഹിത്യസൃഷ്‌ടികള്‍ കാലത്തെ അതിജീവിച്ച്‌ ക്ലാസിക്കുകളായി മാറുകയും ചെയ്യുന്നു എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണമെന്ന്‌ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഡോ. ശശിധരന്‍ പ്രസംഗം അവസാനിപ്പിച്ചു.

സാഹിത്യ സൃഷ്‌ടികള്‍ മാനവരാശിയെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടു കൂടിയതായിരിക്കണം; ജീവിത യാഥാര്‍ത്ഥ്യത്തെ സംബന്ധിക്കുന്ന കലാസൃഷ്‌ടികള്‍ നിലനില്‍ക്കും; സാഹിത്യത്തിന്‌ രസനീയതയും പ്രബോധനാത്മകതയുമുണ്ടായിരിക്കണമെന്ന്‌ ഡോ. നന്ദകുകാര്‍ പറഞ്ഞു. ഇവിടെ പറഞ്ഞ വിഷയങ്ങളോട്‌ യോജിപ്പും വിയോജിപ്പുമുണ്ട്‌; വിചാരവേദിയുടെ ഭാരവാഹികളെ സാഹിത്യ സേവകര്‍ എന്നു തന്നെ വിളിക്കുന്നു; സാഹിത്യവാസനയുള്ള രാഷ്‌ട്രീയക്കാരില്ലാത്തത്‌ സാഹിത്യകാരന്മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്‌ എന്ന്‌ ജെ. മാത്യൂസ്‌ അഭിപ്രായപ്പെട്ടു. സാമൂഹ്യപ്രതിബദ്ധതയില്ലെങ്കില്‍ എഴുത്തുകാര്‍ എഴുതേണ്ട ആവശ്യമില്ല; ക്രിസ്‌തീയ സാഹിത്യം എഴുതുന്നവരെ ക്രൂശിക്കുന്ന ഭരണകൂടം നിലനില്‍ക്കുമ്പോള്‍ സാഹിത്യകാരന്മാര്‍ക്ക്‌ അവരുടെ ലക്ഷ്യത്തില്‍ എത്താന്‍ സാധിക്കുകയില്ല; സാഹിത്യത്തെ കുറിച്ച്‌ രാഷ്‌ട്രീയക്കാര്‍ക്ക്‌ ഒരു ബോധവല്‍ക്കരണം അനിവാര്യമാണ്‌ എന്ന്‌ ബാബു പാറക്കല്‍ അഭിപ്രയപ്പെട്ടു. എത്സി യോഹന്നാന്‍ ശങ്കരത്തില്‍ ഹൃദയസ്‌പര്‍ശിയായ സ്വന്തം കവിത ചൊല്ലി. ഡോ. എന്‍. പി. ഷീലയുടെ അസാന്ന്യദ്ധ്യത്തില്‍ സാംസി കൊടുമണ്‍ ഡോ. ഷീലയുടെ പ്രബന്ധം വായിച്ചു. ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ സാഹിത്യത്തിനുള്ള സ്‌ഥാനം അദ്വതീയമാണ്‌; സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന്‌ ഉത്തമകൃതികള്‍ ഒരളവില്‍ ഉത്തരവാദിത്വം വഹിക്കുന്നു; നിര്‍ഭാഗ്യവശാലോ കലിയുഗപ്രഭാവത്താലോ സാഹിത്യം അതിന്റെ ലക്ഷ്യത്തില്‍ നിന്ന്‌ മാറിപ്പോയി എന്ന്‌ ഡോ. ഷീല പ്രബന്ധത്തില്‍ പ്രകടിപ്പിച്ചു.

ഡോ. എ. കെ. ബി. പിള്ള ഉപസംഹാരത്തില്‍ ചര്‍ച്ച മൊത്തത്തില്‍ വിലയിരുത്തുകയും എഴുത്തുകരുടെ സാമുഹ്യപ്രതിബദ്ധതക്ക്‌ എതിരായി സംസാരിച്ചു എന്ന്‌ പറയുന്ന രണ്ടുപേരേയും സംബന്ധിപ്പിച്ചു കൊണ്ട്‌ ഒരു ചര്‍ച്ചയ്‌ക്ക്‌ വിചരവേദി വേദിയൊരുക്കണമെന്ന്‌ നിര്‍ദ്ദേശിക്കുകയും ചെയ്‌തു.

IMG_0552 IMG_0557 IMG_0567 IMG_0572 IMG_0577


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top