Flash News

CM Defuses Kerala Congress (M) crisis with a secret deal – മരം വീണിട്ടും അഴിമതി പെരുമഴ

November 16, 2015 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

k-m-mani - appukuttanമഴ നിന്നാലും മരം പെയ്യുമെന്നതാണ് കേരളത്തിലെ പഴമൊഴി. ഇവിടെ ഇപ്പോള്‍ മറിച്ചാണ്. അഴിമതി ആരോപണത്തിന്റേയും നിയമ നടപടിയുടേയും കാറ്റില്‍ വന്‍മരം വീണിട്ടും അഴിമതി പെരുമഴ കൂടുതല്‍ ശക്തമായി തുടരുകയാണ്. ധനകാര്യമന്ത്രി കെ.എം മാണി രാജിവെച്ചിട്ടും പുതിയ ആരോപണങ്ങളുടെ കാറ്റില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ മന്ത്രിപദം ആടിയുലഞ്ഞുതുടങ്ങി. മന്ത്രി ബാബു മലര്‍ന്നടിച്ച് വീഴുമെങ്കില്‍ അത് മാണിയുടെ വീഴ്ചപോലെയാവില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭതന്നെ കാലാവധി തീരുംമുമ്പുതന്നെ വീഴ്ത്തുന്നതിലേക്കാവും അത് എത്തിക്കുക. ഈ പംക്തിയില്‍ സോളാര്‍കേസ് മുതല്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ച് വായനക്കാരുമായി ഒരു സാധ്യത പങ്കുവെച്ചിരുന്നു. കോടതിവിധിയോ കോടതി ഇടപെട്ടുള്ള പരാമര്‍ശമോ ഏതു നിമിഷവും ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ വീഴ്ത്താനും യു.ഡി.എഫ് തകരുന്നതിലേക്ക് നയിക്കാനും ഇടയുണ്ടെന്ന്. സുതാര്യതയും കരുതലും മുഖമുദ്രയായി പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി ഗവണ്മെന്റിന്റെ അണിയറ രഹസ്യങ്ങള്‍ സോളാര്‍ സംഭവത്തെ തുടര്‍ന്ന് പുറത്തുവരാന്‍ തുടങ്ങിയതോടെ. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഞെട്ടിപ്പിക്കുന്ന അഴിമതികളുടേയും ആശ്ലീല – ആഭാസ ഇടപാടുകളുടേയും കൂത്തരങ്ങായി അധ:പതിച്ചതോടെ അതിന്റെ കേവലം താക്കോല്‍ദ്വാര കാഴ്ചകളായിരുന്നു സരിത – ശാലു – ബിജു രാധാകൃഷ്ണന്‍ ത്രികോണ സാമ്പത്തിക – രാഷ്ട്രീയ തട്ടിപ്പുകളിലൂടെ പുറത്തുവന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും ആഭ്യന്തര – റവന്യൂ വകുപ്പ് മന്ത്രിമാരും തുടരെത്തുടരെ ആരോപണ വിധേയരായി. ഇതിനിടെയാണ് ധനകാര്യമന്ത്രി കെ.എം മാണി ഔദ്യോഗിക വസതിയില്‍വെച്ച് സംസ്ഥാനത്തെ മദ്യവില്പനയുടെ മൊത്തക്കച്ചവടക്കാരുടെ സംഘടനയില്‍നിന്ന് ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണമുയര്‍ന്നത്. ‘അന്വേഷണങ്ങള്‍ നൂറ്റൊന്ന് ആവര്‍ത്തിക്കട്ടെ’ എന്ന് അഹങ്കരിച്ച് പാമോലിന്‍ കേസിലെ ഉമ്മന്‍ചാണ്ടി മാതൃക സ്വീകരിച്ച് അധികാരസ്ഥാനത്ത് ഉറച്ചിരിക്കുകയാണ് മന്ത്രി മാണി ചെയ്തത്. സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന് നിയമമന്ത്രികൂടിയായ മാണിക്കെതിരെ ഹൈക്കോടതി കടുത്ത പരാമര്‍ശം നടത്തി അദ്ദേഹത്തിന്റെ മന:സ്സാക്ഷിയെതന്നെ ചോദ്യം ചെയ്തു. യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളും സ്വന്തം പാര്‍ട്ടിയിലെ പി.ജെ. ജോസഫ് വിഭാഗവും മാണി രാജിവെക്കണമെന്ന് ഉറച്ചുനിന്നപ്പോള്‍ മാത്രമാണ് കോടതിയുടെ മാന്യത നിലനിര്‍ത്താനെന്ന മട്ടില്‍ മന്ത്രി മാണി രാജിവെച്ചത്. നിയമവാഴ്ചയും പൊതു രംഗത്തെ ധാര്‍മ്മികതയും അനുസരിച്ചാണെങ്കില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെതന്നെ രാജി എപ്പോഴോ നടക്കേണ്ടതായിരുന്നു. ആ നിലക്കുള്ള വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ ഈ ഭരണത്തില്‍ ക്ഷോഭിച്ച കടല്‍പോലെ ഉരുത്തിരിഞ്ഞ് നിരവധി പ്രതിസന്ധികള്‍ സൃഷ്ടിച്ചതാണ്. നിരപരാധികളായതുകൊണ്ടല്ല മുഖ്യമന്ത്രിയും കൂട്ടരും രക്ഷപെട്ട് നാലരവര്‍ഷത്തിലേറെ തികച്ചത്. അഴിമതിയും സ്വജനപക്ഷപാതവും തുടരാന്‍ ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും ദുരുപയോഗപ്പെടുത്താന്‍ കഴിവുള്ള ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായതുകൊണ്ടുമാത്രമാണ് ഇത് സാധ്യമായത്. നിയമം നിയമത്തിന്റെ വഴിക്കെന്ന് നാമം ജപിക്കുക, നീതിയുടെ ഭ്രൂണഹത്യ നടത്താന്‍ അന്വേഷണ സംവിധാനങ്ങളേയും പ്രോസിക്യൂഷനേയും ദുരുപയോഗിക്കുക. ജനാധിപത്യ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് നീതിനിര്‍വ്വഹണത്തിന്റെ കഴുത്തു ഞെരിക്കുകയാണ് ഉമ്മന്‍ചാണ്ടി ഗവണ്മെന്റ് അണിയറക്കു പിന്നില്‍ ചെയ്തത്. മുഖ്യമന്ത്രിയടക്കം ഭരണനേതൃത്വത്തിലുള്ളവര്‍ ദൈവവിശ്വാസികളായതുകൊണ്ട് ഉറപ്പിച്ചു പറയട്ടെ, ദൈവത്തിനുപോലും കണ്ടു സഹിക്കാതെ വന്നപ്പോഴാണ് മന്ത്രി മാണിക്ക് ഇറങ്ങേണ്ടിവന്നത്. വിജിലന്‍സ് കോടതി വിധിക്കുപിറകെ ഹൈക്കോടതിയും ഈ വിധം വിധി പരാമര്‍ശം നടത്തിയത്. അഴിമതി വിരുദ്ധ സമരത്തില്‍ മാണിയുടെ രാജിയോടെ ഒരു അധ്യായം പൂര്‍ത്തിയായല്ലോ എന്ന് ആരെങ്കിലും ആശ്വസിക്കുന്നുണ്ടെങ്കില്‍ കാത്തിരുന്നു കാണുക എന്ന മുന്നറിയിപ്പാണ് നല്‍കാനുള്ളത്. കേരള ഗവണ്മെന്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താന്‍ പ്രഥമദൃഷ്ട്യാ ആരോപണമുയര്‍ന്നാല്‍തന്നെ ബന്ധപ്പെട്ട മന്ത്രിമാരുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ട ചരിത്രമാണുള്ളത്. കോഴ വാങ്ങിയെന്നതിന് മാണിയുടെ പേരില്‍ കേസെടുത്തിട്ടും മന്ത്രിപദവിയിലിരുത്തി. വിജിലന്‍സ് ചോദ്യം ചെയ്തിട്ടും കുറ്റവിമുക്തനാക്കണമെന്ന സര്‍ക്കാറിന്റെ അപേക്ഷ വിജിലന്‍സ് കോടതി തള്ളിയിട്ടും മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടില്ല. കെ.പി.സി.സിയും കേരളാ കോണ്‍ഗ്രസ് (എം) ലെ മാണിവിഭാഗം ഒഴിച്ചുള്ള ഘടകകക്ഷികളും ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മാണിക്കൊപ്പം നില്‍ക്കുന്നു. മറ്റ് വഴിയില്ലാതെ മാണി രാജിവെച്ചിട്ടും മാണിക്കൊപ്പമാണ് മുഖ്യമന്ത്രി.

k-m-mani-with-oommen-chandy - appukuttam

കൊണ്ടുവരട്ടെ തെളിവ് : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.എം മാണിയും

അഴിമതികേസില്‍ രാജിവെച്ച കെ.എം മാണിക്ക് മസ്‌ക്കറ്റ് ഹോട്ടലില്‍ സെക്രട്ടേറിയറ്റിലെ ഐ.എ.എസ് ഉദ്യോഗസ്ഥരെക്കൊണ്ട് വന്‍ യാത്രയയപ്പ് നല്‍കിച്ചു. പാലായ്ക്കു മടങ്ങുന്ന വഴിയിലെ സ്വീകരണ യോഗങ്ങളിലേക്ക് തന്റെ പാര്‍ട്ടിയിലെ വിശ്വസ്തരെ പ്രത്യേകം നിയോഗിച്ചു. സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി തനിക്കെതിരായ പരാമര്‍ശം നീക്കുന്നതിന് മാണിക്ക് നിഗൂഢമായ പിന്തുണയും സഹായവും മുഖ്യമന്ത്രി നല്‍കും. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ അഗ്നിശുദ്ധി നേടി മാണിയെ ധനകാര്യ നിയമ വകുപ്പുകളിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. നിര്‍ണ്ണായക ഘട്ടത്തില്‍ മാണിക്കൊപ്പം രാജിവെക്കാതെ വിഘടിച്ചുനിന്ന മന്ത്രി പി.ജെ. ജോസഫിനേയും അനുകൂലികളേയും മാണിയുമായി അടുപ്പിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. കേരളാ കോണ്‍ഗ്രസ് പിളരുന്നതോടെ മുങ്ങുന്ന യു.ഡി.എഫ് കപ്പലില്‍നിന്ന് പലരും ഒറ്റക്കും കൂട്ടായും വിട്ടുപോകുന്ന അടിയന്തര സ്ഥിതിവിശേഷം തല്ക്കാലം തടയുന്നതില്‍ ഉമ്മന്‍ചാണ്ടിയും വിശ്വസ്തരും വിജയിച്ചിട്ടുണ്ട്. എന്നാല്‍ ധനമന്ത്രി മാണിയും ചില ബാറുടമകളും മാത്രം ബന്ധപ്പെട്ട ഒരു അഴിമതി കേസല്ല ബാര്‍ കോഴ അഴിമതി. ബാര്‍ ഉടമകള്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്നതിനുവേണ്ടി ഉമ്മന്‍ചാണ്ടി ഗവണ്മെന്റിന്റെ ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് നല്‍കിയ കോഴയുടെ ഒരു വീതം മാത്രമാണ് മാണി കൈപ്പറ്റിയതായി പറയുന്നത്. മന്ത്രി കെ.ബാബുവിനെതിരായി നേരത്തെ വന്നതും ഇപ്പോള്‍ പുറത്തുവരുന്നതുമായ വിവരങ്ങള്‍ ബോധ്യപ്പെടുത്തുന്നത് പതിനാല് ജില്ലകളില്‍നിന്നും ബാര്‍ ഉടമകളുടെ അസോസിയേഷന്‍ പിരിവു നടത്തിയിട്ടുണ്ടെന്നാണ്. തൃശ്ശൂരില്‍നിന്ന് 30 ലക്ഷം, പാലക്കാട്ടുനിന്ന് ഒരു കോടി എന്നതൊക്കെ പുതിയ വെളിപ്പെടുത്തലുകളാണ്. പൂര്‍ണ്ണമായ കണക്ക് പുറത്തുവരേണ്ടിയിരിക്കുന്നു. 2ജി സ്‌പെക്ട്രത്തിന്റേയും കല്‍ക്കരി ഇടപാട് കുംഭകോണത്തിന്റേയും മാതൃകയിലുള്ള ഒന്നാണ് യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ നടന്നത്. ബാര്‍ അസോസിയേഷന്‍ നേതാക്കളിലൊരാളായ ബിജു രമേശ് ഈ തെളിവുകളുമായി രംഗത്ത് വന്നിരുന്നില്ലെങ്കില്‍ ഇപ്പോഴും മഞ്ഞുമലയുടെ ഒരു തുമ്പായിമാത്രം പുറത്തുകാണുന്ന ഈ വന്‍ കുംഭകോണം മന്ത്രിതലത്തില്‍ ഭദ്രമായി ഒതുങ്ങിപ്പോകുമായിരുന്നു. അതുകൊണ്ടാണ് തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും തന്റെ രക്തത്തിന് ചിലര്‍ ദാഹിക്കുന്നുവെന്നും മന്ത്രി മാണി വിലപിക്കുന്നത്. അവര്‍ ആരൊക്കെയാണെന്ന് പാലായില്‍ പറയുമെന്ന് പ്രഖ്യാപിച്ചാണ് പട്ടത്തുനിന്ന് തന്റെ സ്വീകരണയാത്ര മാണി ആരംഭിച്ചത്. പക്ഷേ പാലായില്‍ അക്കാര്യം മാത്രം മാണി മിണ്ടിയില്ല. അണികള്‍ കെ. ബാബു കെ.ബാബു എന്ന് വിളിച്ചുകൂവിയിട്ടും എന്തോ എന്ന് അഭിനയിച്ച് പ്രസംഗം മതിയാക്കുകയായിരുന്നു മാണി. യോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ പി.ജെ. ജോസഫും എത്തി. മാണിയെ കുറ്റവിമുക്തനാക്കി രക്ഷപെടുത്താനുള്ള ഇടപാട് ഉറപ്പിച്ചെന്നു വ്യക്തം. കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍കൂടിയായ മന്ത്രി പി.ജെ. ജോസഫും പി.സി ജോര്‍ജിനെ പുറന്തള്ളി ചീഫ് വിപ്പ് സ്ഥാനം നല്‍കിയ തന്റെ വിശ്വസ്തന്‍ തോമസ് ഉണ്ണിയാടനും തനിക്കൊപ്പം രാജിവെക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) യോഗത്തില്‍ കെ.എം മാണി പറയിപ്പിച്ചത് തിരിച്ചടിക്കാന്‍ ഉറച്ചായിരുന്നു. ഒന്നിച്ചു മുങ്ങട്ടെ എന്ന് തീരുമാനിച്ച്. മന്ത്രിസഭക്ക് പുറത്തുനിന്ന് പിന്തുണ നല്‍കുക, രാഷ്ട്രീയ സാഹചര്യം മാറുന്നതിനനുസരിച്ച് നിലപാടുകളും രാഷ്ട്രീയ ബന്ധങ്ങളും മാറ്റുക എന്നതായിരുന്നു മാണിയുടേയും അനുകൂലികളുടേയും നിലപാട്. അത് പൊളിച്ചത് പി.ജെ. ജോസഫിന്റെ മറിച്ചുള്ള തീരുമാനമാണ്. ജോസഫ് വിഭാഗത്തെ യു.ഡി.എഫില്‍ നിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഇടപെടലുമാണ്. കേരളാ കോണ്‍ഗ്രസ് (എം) വിജയിച്ച പതിനൊന്ന് നിയമസഭാ സീറ്റുകളിലും വിജയിക്കാനാകുമെന്നതാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പിന്തുണവെച്ച് മാണി കണക്കുകൂട്ടുന്നത്. എതിരായ തെളിവുകള്‍ മുക്കി അന്വേഷണ സംവിധാനം ദുരുപയോഗപ്പെടുത്തി എക്‌സൈസ് മന്ത്രി കെ. ബാബുവിനെ രക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ഇപ്പോള്‍ വെളിപ്പെടുന്നു. ഇനിയും തെളിവുകള്‍ പുറത്തുവരും. മാണിയെ സമാശ്വസിപ്പിക്കാനാണെങ്കില്‍പോലും രണ്ട് നീതിയെപ്പറ്റി പി.ജെ. ജോസഫ് വരെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. മന്ത്രി ബാബു നേരിട്ടാണ് പണം കൈപ്പറ്റിയതെന്ന് സാക്ഷിമൊഴിപോലും ഉദ്ധരിച്ച് കെ.എം മാണി പരിഹസിക്കുന്നു. ബാര്‍ കോഴ ആരോപണം കൈക്കൂലി നല്‍കിയ ബാര്‍ ഉടമകളല്ല തെളിയിക്കേണ്ടത്. ആരോപണത്തിനു വിധേയരായവരില്‍ ഒരാള്‍ നിയമവകുപ്പിന്റേയും അപരന്‍ എക്‌സൈസ് വകുപ്പിന്റേയും തലപ്പത്തുള്ള മന്ത്രിമാരാണ്. നീതി ഉറപ്പുവരുത്താന്‍ പ്രതികളെ സ്വന്തം ജില്ലിയില്‍നിന്നും സംസ്ഥാനത്തുനിന്നുപോലും മാറ്റിനിര്‍ത്തുന്ന നിയമമുള്ളപ്പോള്‍ പ്രതികളാകേണ്ടവര്‍ മന്ത്രിമാരായി തുടരുകയാണ്. ബാര്‍ ഉടമകള്‍ കൊടുത്ത കോഴ ഒരു പ്രത്യേക കേസായി രജിസ്റ്റര്‍ ചെയ്ത് എല്ലാ ജില്ലകളിലും അന്വേഷണം നടത്തി സ്വയം തെളിവെടുത്ത് മുന്നോട്ടു പോയിരുന്നെങ്കില്‍ ഈ വലിയ കുംഭകോണം ശരിയായ രീതിയില്‍ പുറത്തു വരുമായിരുന്നു. നീതിയുടെ വഴി തടയുകയും തിരിച്ചുവിടുകയും കേസ് മുക്കുകയും ചെയ്യുന്ന മന:സ്സാക്ഷിയില്ലാത്ത ഒരു ഗവണ്മെന്റ് സംസ്ഥാനത്ത് തുടരുമ്പോള്‍ സത്യം എങ്ങനെ പുറത്തുവരും. ഇക്കാര്യത്തില്‍ സജീവമായി ഇടപെട്ട പ്രതിപക്ഷത്തിനുപോലും വീഴ്ച പറ്റിയിട്ടുണ്ട്. ആദ്യം മാണിക്കെതിരെ. ഇപ്പോള്‍ മന്ത്രി കെ. ബാബുവിനെതിരെ. ഈ കുംഭകോണത്തിന്റെ അടിമാന്തി പുറത്തിടുന്നതിനുവേണ്ടി സമഗ്രവും നിഷ്പക്ഷവുമായ ഒരന്വേഷണം ഉറപ്പുവരുത്തുകയാണ് യഥാര്‍ത്ഥ ആവശ്യം. ഇന്നത്തെ സ്ഥിതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിപക്ഷം ലജ്ജിക്കേണ്ടതില്ല. കൂട്ടിലടച്ച തത്ത എന്ന പേരുദോഷമുണ്ടെങ്കിലും ബംഗാളിലെ ശാരദാ ചിട്ടി കുംഭകോണത്തില്‍ മന്ത്രിമാരെയടക്കം പിടികൂടിയത് സി.ബി.ഐ. ബി.ജെ.പി കേന്ദ്രമന്ത്രിമാര്‍ക്കെതിരായി ഉയര്‍ന്ന ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ ഇടതുപക്ഷം മടിച്ചില്ല. കേരളത്തിന്റെ കാര്യം വരുമ്പോഴാണ് ആരോപണ വിധേയരായ മന്ത്രിമാര്‍ക്ക് കീഴിലുള്ള അന്വേഷണ സംവിധാനങ്ങളെ ചുറ്റിപ്പറ്റി പ്രതിപക്ഷം ദിഗ്ഭ്രമം കാണിക്കുന്നത്. ആ ആവശ്യം അംഗീകരിക്കാന്‍ മുഖ്യമന്ത്രിയും ഗവണ്മെന്റും തയാറാകില്ല. നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നു എന്നതാണ് അറച്ചറച്ച് മന്ത്രി മാണിയുടെ രാജിയിലേക്കുപോലും കാര്യങ്ങളെത്തിക്കാന്‍ കാരണം. നിയമസഭാ തെരഞ്ഞെടുപ്പ് കൂടുതല്‍ അടുത്തുവരുന്നു എന്നതുതന്നെയാണ് ഈ വന്‍ കുംഭകോണത്തിലെ പ്രതികളെ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാനുള്ള സാഹചര്യം എന്ന് പ്രതിപക്ഷം മനസ്സിലാക്കണം. അഴിമതി സ്ഥാപനവത്ക്കരിച്ച ഈ ഗവണ്മെന്റിനേയും ധാര്‍മ്മികത നഷ്ടപ്പെട്ട യു.ഡി.എഫ് രാഷ്ട്രീയ കൂട്ടങ്ങളേയും തുറന്നു കാട്ടിയാല്‍ മാത്രം പോര നിയമത്തിനു കീഴ്‌പ്പെടുത്തക തന്നെ വേണം. അതിന് തെളിവ് കണ്ടെത്തേണ്ടത് അന്വേഷണ ഏജന്‍സികളുടെ ചുമതലയാണ്. അത് ഏല്‍പ്പിക്കേണ്ടത് തെളിവ് എവിടെ എന്ന് ചോദിച്ച് അത് മുക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്കല്ല. കോടതിക്കാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top