അജപാലനസന്ദര്‍ശനത്തിന്റെ ഊര്‍ജത്തില്‍ മാര്‍ കല്ലുവേലില്‍ അറുപതിന്റെ തിളക്കത്തിലേക്ക്

mar-kalluvelil.jpg.image.784.410മിസ്സിസാഗ: ഇടവകയ്ക്കും സമൂഹത്തിനും രാജ്യത്തിനും തന്നെ അനുഗ്രഹകരമായ സമൂഹമായാണ് സിറോ മലബാര്‍ സമൂഹത്തെ ഇവിടെയുള്ള മറ്റു സഭാസമൂഹങ്ങളും മെത്രാന്മാരും കാണുന്നതെന്ന് ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍. വളരെ അനുഗ്രഹിക്കപ്പെട്ട കൂട്ടായ്മയെന്നാണ് നമ്മെ വിശേഷിപ്പിക്കുന്നത്. നമ്മുടെ സമൂഹത്തിന്റെ ഭാഗമായ കുടുംബപ്രാര്‍ഥനയെയും മതബോധനത്തെയും മാതൃകാപരമായ കുടുംബജീവിതത്തെയും വളരെ ആദരവോടും അത്ഭുതത്തോടെയുമാണ് അവര്‍ നോക്കി കാണുന്നതെന്നും അജപാലനദൗത്യത്തിന്റെ ഭാഗമായി ഇതുവരെ നടന്ന സന്ദര്‍ശനങ്ങളെ വിലയിരുത്തിയ മാര്‍ കല്ലുവേലില്‍ പറഞ്ഞു. നമ്മുടെ സഭാംഗങ്ങളെ സന്തോഷവും മറ്റു സമൂഹങ്ങള്‍ നമ്മെക്കുറിച്ചു പറയുന്ന നല്ല വാക്കുകളുമാണ് ഇപ്പോള്‍ ഏറെ ഊര്‍ജവും ആത്മധൈര്യവും പകരുന്നതെന്നും ചൂണ്ടിക്കാട്ടി.

“നമ്മുടെ കൂട്ടായ്മ കുര്‍ബാനയും മതബോധനവുമൊക്കെ തുടങ്ങിയപ്പോള്‍ അടച്ചുപൂട്ടാനിരുന്ന ചില പള്ളികള്‍ പോലും കൂടുതല്‍ സജീവമായതായി പ്രാദേശിക ബിഷപ്പുമാര്‍ സാക്ഷ്യപ്പെടുത്തി. ഇതുതന്നെയാണ് നമുക്കു ലഭിക്കാവുന്ന ഏറ്റവും വലിയ സാക്ഷ്യപത്രവും ചെയ്യാവുന്ന ഏറ്റവും മികച്ച പ്രേഷിത പ്രവര്‍ത്തനവും.

“നമ്മുടെ സമൂഹത്തിന്റെ കാര്യത്തിലാണെങ്കില്‍, കര്‍ത്താവ് പറഞ്ഞപോലെ ഇടയനില്ലാത്ത ആടുകളെപ്പോലെ അലഞ്ഞുനടക്കുന്നതായാണു കാണാനായത്. എല്ലായിടത്തും നമ്മുടെ ജനങ്ങള്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. വൈദികരെ കിട്ടാന്‍ അവര്‍ ആഗ്രഹിക്കുന്നു, ആരാധനാലയങ്ങള്‍ കണ്ടെത്താന്‍ മുന്നോട്ടുവരുന്നു. നല്ല രീതിയില്‍ വഴികാട്ടാനായാല്‍ സിറോ മലബാര്‍ സമൂഹം ഇവിടെ വളരും, ഗുണഫലവുമുണ്ടാകും. ജനുവരിയില്‍ സിനഡിന് പോകുന്നതിനു മുന്പ് എല്ലാ മിഷന്‍ കേന്ദ്രങ്ങളും സന്ദര്‍ശിക്കണമെന്നാണ് ആഗ്രഹം.

സഭാസമൂഹത്തെ രൂപീകരിക്കലാണ് അജപാലനദൗത്യത്തിലെ ആദ്യഘട്ടം. ഈ സമൂഹങ്ങള്‍ക്ക് ആരാധനാസൗകര്യങ്ങളൊരുക്കിയും മതബോധനത്തിലൂടെയും മറ്റും ശക്തിപ്പെടുത്തകയെന്നതാണ് രണ്ടാംഘട്ടം. മറ്റുള്ളവരിലേക്ക് എത്തുകയെന്നതാണ് അന്തിമലക്ഷ്യം. നമ്മുടെ സമൂഹത്തെ ഇവിടെയുള്ള പിതാക്കന്മാര്‍ അനുഗ്രഹീത സമൂഹമായി കാണുന്നുണ്ടെങ്കില്‍ ഈ അനുഗ്രഹം നമ്മിലൂടെ മറ്റുള്ളവര്‍ക്കു പ്രദാനം ചെയ്യാന്‍ കഴിയണം. അതിനു സിറോ മലബാര്‍ സമൂഹത്തെ രൂപപ്പെടുത്തുകയും ശക്തിപ്പെടുത്തുകയുമെന്നതാണ് ദൗത്യമെന്നും മാര്‍ ജോസ് കല്ലുവേലില്‍ വ്യക്തമാക്കി. ദൈവാനുഗ്രഹത്തിലൂടെയും ജനത്തിന്റെ ആത്മാര്‍ഥമായ സഹകരണത്തിലൂടെയും ഇതു സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.

പാലാ രൂപതയിലെ കുറവിലങ്ങാട് ജയഗിരി ഇടവകയില്‍ ജോസഫിന്റെയും അന്നമ്മയുടെയും മകനായ മാര്‍ ജോസ് കല്ലുവേലിലിനെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ നവംബര്‍ 15 പ്രധാനപ്പെട്ടതായിരുന്നു. മെത്രാനായശേഷമുള്ള ആദ്യ പിറന്നാള്‍; അതും ഷഷ്ടിപൂര്‍ത്തി. ആഘോഷങ്ങളൊന്നുമില്ലാതിരിക്കെ പിറന്നാള്‍ വിശേഷത്തെക്കുറിച്ചുള്ള ചോദ്യം ആദ്യം അമ്പരപ്പോടെയാണ് കേട്ടതെങ്കിലും പിന്നാലെ പുഞ്ചിരിയോടെ പ്രതികരിച്ചു: “വ്യക്തിപരമായ ജീവിതത്തില്‍ ആഘോഷങ്ങള്‍ക്ക് ഒട്ടും പ്രാധാന്യം കൊടുക്കാറില്ല. പക്ഷേ കഴിഞ്ഞ വര്‍ഷങ്ങളിലെ പിറന്നാളുകളെക്കാള്‍ വളരെ പ്രാധാന്യം ഇത്തവണ ഉണ്ടെന്നു തോന്നുന്നു. നല്ലവനായ ദൈവം നല്‍കിയ അവര്‍ണനീയമായ ദാനത്തിനു മുന്നില്‍ നന്ദി പറയുവാനാണ് പ്രധാനമായും ഈ ദിനത്തെ കാണുന്നത്. കഴിഞ്ഞ അറുപതു വര്‍ഷങ്ങളിലൂടെ കര്‍ത്താവ് വളര്‍ത്തി, സംരക്ഷിച്ച്, പരിപാലിച്ച് പോന്നത് വലിയ ഒരു ലക്ഷ്യം മനസ്സില്‍വച്ചായിരുന്നു എന്ന് ഇന്നു കൂടുതല്‍ വ്യക്തമായപ്പോള്‍ ആ കര്‍ത്താവിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞാന്‍ ചോദിച്ചതോ ഞാന്‍ അര്‍ഹിക്കുന്നതോ ഒന്നുമല്ല എനിക്കു കിട്ടിയത്. കര്‍ത്താവ് എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം അവിടുന്ന് ആഗ്രഹിക്കുന്നതുപോലെ നിറവേറ്റുക എന്ന തീക്ഷ്ണതയാണ് എന്നെ ഇപ്പോള്‍ നയിക്കുന്നത്. ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചു വിശ്രമജീവിതത്തിലേക്കു കടക്കുന്ന സാധാരണ രീതിയല്ല എന്റെ മനസിലുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം കൂടുതല്‍ യുവത്വത്തിലേക്കും കര്‍മനിരതയിലേക്കും കടക്കാനുള്ള ചുവടുവയ്പായാണ് ഇതിനെ കാണുന്നത്.”

സെപ്റ്റംബറില്‍ മെത്രാഭിഷേകം നടക്കുമ്പോള്‍ 23 മിഷന്‍ സെന്ററുകളാണ് കാനഡയില്‍ സിറോ മലബാര്‍ സമൂഹത്തിനുണ്ടായിരുന്നത്. ഇന്നത് 33 ആയി. എക്സാര്‍ക്കേറ്റിനായി ശുപാര്‍ശ ചെയ്യുമ്പോള്‍ പതിനെട്ട് സെന്ററുകളാണുണ്ടായിരുന്നതെന്ന് മെത്രാഭിഷേക ചടങ്ങില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സൂചിപ്പിച്ചിരുന്നു.

ചിതറികിടക്കുന്ന സമൂഹത്തെ കോര്‍ത്തിണക്കി, വൈദികരുടെ സേവനവും മതബോധന സൌകര്യവുമെല്ലാം ഒരുക്കി ശക്തമായ സമൂഹമാക്കി മാറ്റുന്നതിനുള്ള മുന്നൊരുക്കമായാണ് സന്ദര്‍ശനപരിപാടിയെ കാണുന്നത്. വെള്ളി മുതല്‍ ചൊവ്വ വരെ നീളുന്ന രീതിയിലാണ് സന്ദര്‍ശനങ്ങള്‍. ചെന്നാലുടന്‍ തന്നെ അതതിടങ്ങളിലെ രുപതാധ്യക്ഷന്മാരെ കാണുന്നതാണ് പതിവ്. തുടര്‍ന്ന് വൈദികരുമായും നേതാക്കളുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ കൂട്ടായ്മയുടെ പുരോഗതികളും സാധ്യതകളും വിലയിരുത്തും. ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുത്തും തിങ്കളാഴ്ച ഭവനസന്ദര്‍ശങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മടക്കം.

ഇതിനകം എഡ്മിന്റനും വന്‍കൂവറും കാല്‍ഗറിയും വിനിപെഗുമെല്ലാം സന്ദര്‍ശിച്ചുകഴിഞ്ഞു. ഹാമില്‍ട്ടണ്‍ മേഖലയിലാണ് നവംബര്‍ പതിനാല്, പതിനഞ്ച് തീയിതികളില്‍. തുടര്‍ന്ന് മാല്‍ക്കം (നവംബര്‍ 19) റജൈന (നവംബര്‍ 21, 22) യാര്‍ക്കടോണ്‍ (നവംബര്‍ 23), മൂസ് ജോ (നവംബര്‍ 24), വേബേണ്‍ (നവംബര്‍ 25), സസ്കാച്വാന്‍ (നവംബര്‍ 27), നോര്‍ത്ത് ബാറ്റില്‍ഫോഡ് (നവംബര്‍ 29), ഹാലിഫാക്സ് (ഡിസംബര്‍ ആറ്), ഓട്ടവ (ഡിസംബര്‍ (19), കേംബ്രിജ് (ഡിസംബര്‍ 27) എന്നിവിടങ്ങളിലാണ് ആജപാലനദൌത്യത്തിന്റെ ഭാഗമായുള്ള സന്ദര്‍ശന പരിപാടികള്‍. ക്രിസ്മസ് ദിനത്തിലും പുതുവര്‍സരപ്പിറവിക്കും മിസ്സിസാഗയിലുണ്ടാകും. സ്കാര്‍ബ്രോയില്‍ 26ന് പാരിഷ് കൌണ്‍സില്‍ യോഗത്തിലും മാര്‍ ജോസ് കല്ലുവേലില്‍ പങ്കെടുക്കും.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment