സി.പി.എം കുതിരക്കച്ചവടം നടത്തിയെന്ന് സുധീരന്‍

sudheeranതിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ ഒരു തത്ത്വദീക്ഷയുമില്ലാതെ, അവസരവാദപരമായ കുതിരക്കച്ചവടത്തിനാണ് സി.പി.എം തയാറായതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഇത് അവരുടെ നയപരമായ പാപ്പരത്തമാണ് കാണിക്കുന്നത്. കോണ്‍ഗ്രസ് ആദര്‍ശനിഷ്ഠയില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. തദ്ദേശതെരഞ്ഞെടുപ്പില്‍ ചില്ലറ തിരിച്ചടികള്‍ നേരിട്ടെങ്കിലും കോണ്‍ഗ്രസിന്റെ അടിത്തറ ഭദ്രമാണെന്നും സംഭവിച്ച പോരായ്മ പരിഹരിച്ച് മുന്നോട്ടു പോകാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ 98ാം ജന്മവാര്‍ഷികം പ്രമാണിച്ച് ഇന്ദിരഭവനില്‍ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍. കാലമെത്ര കടന്നുപോയാലും ജനഹൃദയങ്ങളില്‍ നിറസാന്നിധ്യമായി ഇന്ദിരഗാന്ധി ഉണ്ടാകും. നെഹ്റു അടിത്തറപാകിയ ജനാധിപത്യ-മതേതരത്വആശയങ്ങള്‍ ഇന്ദിരഗാന്ധി ഉയര്‍ത്തിപ്പിടിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് നിരവധി നിയമങ്ങള്‍ ഇന്ദിരഗാന്ധിയുടെ കാലത്ത് കൊണ്ടുവന്നു. ആ നിയമങ്ങളെ അട്ടിമറിക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോര്‍പറേറ്റുകളെ സഹായിക്കാനാണിത്. പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന സുബ്രഹ്മണ്യം കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മതേതരത്വം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ ബിഹാറില്‍ മഹാസഖ്യം നേടിയ ചരിത്രവിജയം കോണ്‍ഗ്രസിന്റെ പ്രയാണത്തിന് ശക്തിപകരുമെന്ന് അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment