ഒഞ്ചിയത്ത് ആര്‍.എം.പിയെ ലീഗ് പിന്തുണച്ചു; ചോറോട് പഞ്ചായത്തില്‍ ആര്‍.എം.പി പിന്തുണയില്‍ യു.ഡി.എഫിന് ഭരണം

rrmp_0_0കോഴിക്കോട്: ആര്‍.എം.പിയുടെ ശക്തികേന്ദ്രങ്ങളായ ഒഞ്ചിയം, ചേറോട് ഗ്രാമപഞ്ചായത്തുകളില്‍ ആര്‍.എം.പി- യു.ഡി.എഫ് രഹസ്യധാരണ. ഒഞ്ചിയത്ത് മുസ്ലിം ലീഗ് പിന്തുണയോടെ ആര്‍.എം.പിക്ക് ഭരണം ലഭിച്ചു. കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ എല്‍.ഡി.എഫും ആര്‍.എം.പിയും യു.ഡി.എഫും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് നേരത്തെ പ്രചാരണമുണ്ടായിരുന്നത്. എന്നാല്‍, യു.ഡി.എഫ് മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ആകെയുള്ള 17 സീറ്റില്‍ ഏഴു സീറ്റ് സ്വന്തമാക്കി എല്‍.ഡി.എഫാണ് ഇവിടുത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി. കഴിഞ്ഞതവണ എട്ടു സീറ്റുണ്ടായിരുന്ന ആര്‍.എം.പിക്ക് ഇത്തവണ ആറു സീറ്റ് മാത്രമാണ് ലഭിച്ചത്. യു.ഡി.എഫ് നേരത്തേയുള്ള നാലു സീറ്റ് നിലനിര്‍ത്തി. ഇതില്‍ മുസ്ലിം ലീഗിലെ രണ്ടു പ്രതിനിധികള്‍ ആര്‍.എം.പിയെ പിന്താങ്ങിയപ്പോള്‍ ജെ.ഡി.യു, കോണ്‍ഗ്രസ് പ്രതിനിധികള്‍ മാറിനിന്നു. ഈ സാഹചര്യത്തിലാണ് എട്ടു വോട്ട് സ്വന്തമാക്കി ആര്‍.എം.പിയിലെ പി.വി. കവിത പ്രസിഡന്റും പി. ജയരാജന്‍ വൈസ് പ്രസിഡന്റുമായത്.

തെരഞ്ഞെടുപ്പു വേളയില്‍തന്നെ സഖ്യത്തിനില്ലന്ന് ആര്‍.എം.പി പ്രഖ്യാപിച്ചിരുന്നെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത ഇടങ്ങളില്‍ ആര്‍.എം.പി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് യു.ഡി.എഫ് പ്രചാരണം നടത്തിയിരുന്നു.

തൊട്ടടുത്ത ചോറോട് പഞ്ചായത്തില്‍ ആര്‍.എം.പി പിന്തുണയില്‍ യു.ഡി.എഫിന് ഭരണം ലഭിച്ചു. ഇവിടെയുള്ള 21 സീറ്റുകളില്‍ ഒമ്പതു വീതം സീറ്റുകള്‍ എല്‍.ഡി.എഫും യു.ഡി.എഫും കരസ്ഥമാക്കിയപ്പോള്‍ രണ്ടു സീറ്റ് ആര്‍.എം.പിയും ഒരു സീറ്റ് ബി.ജെ.പിയും നേടി. ഇവിടെ ഉപാധികളോടെ യു.ഡി.എഫിന് പിന്തുണ നല്‍കുമെന്ന് നേരത്തേ ആര്‍.എം.പി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ചോറോട് മേഖലയില്‍ നടത്തിയ ജനകീയസമരങ്ങളില്‍ കോടതിയില്‍ നിന്ന് നേടിയ അനുകൂലവിധി നടപ്പാക്കുക എന്ന ഉപാധിയാണ് ആര്‍.എം.പി മുന്നോട്ടുവെച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment