തിരുവനന്തപുരം: ജില്ലാ പഞ്ചായത്തുകള്‍ ഇരുമുന്നണിയും തുല്യമായി പങ്കിട്ടപ്പോള്‍ ഗ്രാമ-ബ്ലോക് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കം. എല്‍.ഡി.എഫും യു.ഡി.എഫും ഏഴു വീതം ജില്ലാ പഞ്ചായത്തുകളില്‍ ഭരണം നേടി. ആകെയുള്ള 941 ഗ്രാമപഞ്ചായത്തില്‍ 550ല്‍ ഇടതുപക്ഷത്തിനാണ് ഭരണം. യു.ഡി.എഫിന് 315ഉം.
ബി.ജെ.പി ഇക്കുറി 12 ഗ്രാമപഞ്ചായത്ത് ഭരിക്കും. പ്രാദേശിക സഖ്യങ്ങള്‍ 12 ഇടത്ത് ഭരണത്തിലേറിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലാ പഞ്ചായത്തുകള്‍ യു.ഡി.എഫിനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനും ലഭിച്ചു. കഴിഞ്ഞതവണ യു.ഡി.എഫിന് എട്ടും ഇടതിന് ആറും ജില്ലയിലായിരുന്നു ഭരണം.
പത്തോളം പഞ്ചായത്തുകളില്‍ പ്രധാന പാര്‍ട്ടികളിലെ തര്‍ക്കത്തില്‍ അംഗങ്ങള്‍ വിട്ടുനിന്നതുമൂലം ക്വോറം തികയാതെ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ചത്തേക്ക് മാറ്റി. കാലാവധി കഴിയാത്ത 42 പഞ്ചായത്തില്‍ പിന്നീട് തെരഞ്ഞെടുപ്പ് നടക്കും. ബ്ലോക് പഞ്ചായത്തുകളിലും ഇടതിന് മേധാവിത്വം ലഭിച്ചു. ആകെയുള്ള 152 ബ്ലോക്കില്‍ വ്യാഴാഴ്ച 145 ലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇടതുമുന്നണി 91ലും യു.ഡി.എഫ് 54ലും ഭരണത്തിലത്തെി. തിരുവനന്തപുരത്തെ പോത്തന്‍കോട്, വയനാട്ടിലെ കല്പറ്റ, കോട്ടയത്തെ ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടന്നില്ല.
കഴിഞ്ഞതവണ 604 ഗ്രാമപഞ്ചായത്തില്‍ ഭരണമുണ്ടായിരുന്ന യു.ഡി.എഫ് 308ല്‍ ഒതുങ്ങിയപ്പോള്‍ 365 ഗ്രാമപഞ്ചായത്തില്‍നിന്ന് ഇടതുമുന്നണി 543ലത്തെി. 152 ബ്ലോക്കില്‍ കഴിഞ്ഞ പ്രാവശ്യം 91ലും ഭരണം യു.ഡി.എഫിനായിരുന്നു. ഇക്കുറി അത് 49 ആയി. ഇടതുമുന്നണിയാകട്ടെ 61ല്‍നിന്ന് 96ലത്തെി.