വളരുമ്പോള്‍ പിളരുകയും, പിളരുമ്പോള്‍ വളരുകയും ചെയ്യുമെന്ന ദുശ്ശാഠ്യ രാഷ്ട്രീയക്കാരാണ് മലയാളികള്‍ എന്നു പറഞ്ഞാല്‍ തെറ്റാകുമോ! ഇത് കേരള രാഷ്ട്രീയത്തിന്റെ മറ്റൊരു മോശം വശം. പത്ത്നാനൂറ് വര്‍ഷങ്ങള്‍ വിദേശ അടിമത്വത്തില്‍ നിന്ന് മോചിതരായ നാം ഇന്നും പണ്ടത്തെ ചേരിപ്പോരില്‍ നിന്ന് തമ്മില്‍ കലഹിച്ചും പരസ്പരം ഭള്ള് പറഞ്ഞും പഴയ പടിയില്‍ തന്നെയല്ലേ? അതുപോലെ വിദേശത്തേക്ക് കുടിയേറിയിട്ടുള്ള പ്രമാണിമാരും, അവരുടെ കുത്തക സംഘടനകളും അങ്ങിനെത്തന്നെ എന്ന് തോന്നിപ്പോകാറുണ്ട്.
‘കയ്യൂക്കുള്ളവന് കാര്യക്കാരന്‍’ എന്ന മട്ടിലാണ് അവരുടെ ചെയ്തികള്‍. എന്തും വില കൊടുത്തും വാങ്ങുമവര്‍, സ്ഥാനമാനങ്ങളും, അധികാരങ്ങളും. എവിടെയും അവര്‍ വക്താക്കള്‍ ആകും. എന്തിനെയും അവര്‍ അപലപിക്കും. എന്ത് പ്രസ്ഥാനങ്ങളിലും കയറിക്കൂടി സ്ഥാനമാനം പിടിച്ചുപറ്റി മൈക്ക് വിഴുങ്ങുന്ന ഈ കൂട്ടര് അവസരവാദികളും അല്പന്മാരുമാണെന്ന് ഖേദത്തോടുകൂടി ഇവിടെ പറയേണ്ടിയിരിക്കുന്നു. ‘സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ചു നാണംകെട്ട് നടക്കുമൊരു കൂട്ടര്…’ എന്ന് കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍ പാട്ട് എഴുതിയത് ഇക്കൂട്ടരെപ്പറ്റി തന്നെയല്ലേ എന്ന് തോന്നുമാറ്!
മലയാളികള്‍ ഏറെ കുടിയേറിയിട്ടുള്ള വടക്കേ അമേരിക്കയില്‍ കൂണു കിളിര്‍ത്ത പോലെത്തന്നെ സംഘടനകള്‍. ഒരു സംഘടന ഓണത്തിന് തൂശനിലയിട്ട് 16 കൂട്ടം കറി വിളമ്പുമ്പോള്‍ മറ്റേ സംഘടന 18 കൂട്ടം വിളമ്പുമെന്ന്! അതുകേള്‍ക്കാത്ത താമസം കറികളുടെ എണ്ണം കൂട്ടിക്കൂട്ടി മത്സരത്തില്‍ ഓണവിരുന്നൊരുക്കും, ഇതര സംഘടനകളും. വെറുതെ എന്ന് കരുതണ്ട 15 മുതല്‍ 25 ഡോളര്‍ വരെ ഈടാക്കും. പിന്നെ ഓണമല്ലേ മാവേലിയെപ്പറ്റി വേണ്ടി വന്നാല്‍ ഇംഗ്ലീഷില്‍ത്തന്നെ മുഖ്യ പ്രഭാഷകന്‍ ഒരു കാച്ചും കാച്ചും, ഐതിഹ്യത്തെ കവച്ച് വെച്ച്! പലതു, നോണ്‍ പ്രീഫിറ്റബ്ള്, പ്രോഫിറ്റ് പാര്ശ്വവല്ക്കരിച്ചവ, സ്വകാര്യ വ്യക്തി വക, കുടുംബ വക. എല്ലാറ്റിനും ആകര്‍ഷകമായ പേരുകള്‍, ഓമന, കാമന, മക്കാന, പുക്കാന, ചക്കാന. ഇതൊക്കെ കൂടാതെ ചില്ലറ സംഘടന വ്യാപാരവുമുണ്ട്. കൂരീച്ചിറ സംഗമം, പോത്താനിക്കാട് സംഗമം, ഓച്ചിറ ഫ്രണ്ട്ഷിപ്പ്, കൊട്ടാരക്കര കൂട്ടായ്മ, കാട്ടാക്കട മേള എന്നിങ്ങനെ!.
ഇതൊക്കെ പറഞ്ഞുവരുന്നത് നമ്മുടെ സംഘടനകളുടെ ശോചനീയാവസ്ഥ എടുത്തുകാട്ടാനാണ്. ഒരു ഓണം നടത്താനൊരു സംഘടന! അതും വ്യാവസായിക അടിസ്ഥാനത്തില്‍. ഇതുപോരാഞ്ഞ് നാട്ടില്‍ നിന്നെത്തുന്ന സിനിമാ/ പിന്നണി താരങ്ങളുടെ കച്ചവട ഏജന്റുകളായും ഇക്കൂട്ടര്‍ കുപ്പായമിടുന്നത് കാണുമ്പോള്‍ ഈ സംഘടനകളെ പറ്റി പുശ്ചം തോന്നാവുന്നതില് തെറ്റ് പറയാനാകുമോ. കലയെയും സംസ്കാരത്തെയും പരിപോഷിപ്പിക്കുന്ന എന്ന വീമ്പടിയാണ് ഈ വിഷയത്തില്‍ ഏറ്റവും വലിയ കൊള്ളയടി. ഇതുകൊണ്ട് ആര്‍ക്കൊക്കെ പ്രയോജനം എന്ന് ചിന്തിക്കുക? ഈ ബിസിനസ്സുകാരെ കൊണ്ടുവരുന്നവര്‍ക്കും, വരുന്ന ബിസിനസ്സുകാര്‍ക്കും! അല്ല എന്നുള്ള പക്ഷം സമാജ പ്രമാണികള്‍ക്ക് ഇത്തരം കലാ സാംസ്കാരിക സംരഭങ്ങള്‍ ജനകീയമാക്കാന്‍ തയ്യാറുണ്ടോ? എന്നു പറഞ്ഞാല്‍ ന്യായമായ തുക വരുന്നവര്‍ക്ക് കൊടുത്ത 50, 100, 500 എന്നീ റേറ്റുകളില്‍ അല്ലാതെ ഇരുപത്തഞ്ചോ, മുപ്പതിനോ കൊടുക്കാനാകുമോ? എങ്കില്‍ ന്യായീകരണമുണ്ട്.
ഫൊക്കാന, ഫോമ ഇവ ഫ്ലോറിഡയിലെ ഒര്‍ലാന്‍ഡോ സമ്മേളനം വരെ അറ്റകുറ്റങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ത്തന്നെ മറുനാടന്‍ മലയാളികളുടെ അജയ്യ ശക്തിയായിരുന്നു, അമേരിക്കന്‍ ദേശീയതലത്തില്‍ പോലും! അന്നതിന് മലയാളി സമൂഹത്തില്‍ അര്‍ഹിക്കുന്ന ചലനങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്നോ, അവ പൂട കൊഴിഞ്ഞ് എല്ലും തോലുമായ സിംഹക്കുട്ടികളെ പോലെ ഒരു കഷ്ണം എല്ലിനു വേണ്ടി കടിപിടി കൂട്ടുന്നു!
ഇപ്പോള്‍ നിങ്ങള്‍ ഇരുകൂട്ടര്‍ക്കും എങ്ങിനെ പറയാന്‍ കഴിയും, ഞങ്ങള്‍ അമേരിക്കയിലെ ‘സംഘടനകളുടെ സംഘടന’ എന്ന്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ കസേരകള്‍ പങ്കിട്ട് ഇരുവരും മത്സരിച്ച് കണ്‍വന്‍ഷനുകള്‍ നടത്തുന്നു. അവിടെ പ്രധാമായി എന്തു സംഭവിക്കുന്നു! നാട്ടില്‍ നിന്ന് കുറേ രാഷ്ട്രീയക്കാരെത്തുന്നു, പിന്നെ സിനിമാക്കാര്, മറ്റു സിനിമയോടു ബന്ധപ്പെട്ടവര്‍! ഇതണോ, മലയാളികളുടെ സാമൂഹ്യ സാംസ്ക്കാരിക പാരമ്പര്യം?കലയും, കയികവും, സസ്ക്കാരവും, സാഹിത്യവും, ബ്യൂട്ടി പാജന്റും, അവാര്‍ഡും, ആദരിക്കലുമൊക്കെ ഒരവിയലാക്കി വിളമ്പുന്നു എന്നു തോന്നിപ്പക്കുന്ന ഒരു കോലാഹലം അരങ്ങേറുന്നതു കൊണ്ട്, സാധാരണ കുടിയേറ്റ മലയാളിക്ക് എന്തു പ്രയോജനം! ഒടുവില്‍ പത്രത്തില്‍ പ്രമാണിമാരുടെ മുഴു ഫോട്ടോകളും, വാര്‍ത്തകളും, മന്ത്രിമാരോടൊപ്പവും താരങ്ങളാടൊപ്പവും. എന്നിട്ട് നല്ല മുഴുത്ത പ്രസ്താവനകളും, ഞങ്ങള്‍ നിങ്ങളെ ഉദ്ധരിക്കും, ഞങ്ങള്‍ ജനനായകര്‍!
ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകുന്നില്ലങ്കില്‍ ഇത്തരം സംഘടനകള്‍ അര്‍ത്ഥശൂന്യം. മറുനാടന്‍ മലയാളികളില്‍ മാറ്റങ്ങളുടെ ശബ്ദം മുഴങ്ങി കേള്‍ക്കുന്നുണ്ടെങ്കില്‍ ആത്മാര്‍ത്ഥതയുള്ള ജനനേതാക്കാള്‍ അനാവശ്യ കസേരകള്‍ ഒഴിഞ്ഞ്, കസേരകള്‍ കൂട്ടിയടിപ്പിച്ച് സാമൂഹ്യ സാസ്ക്കാരിക പ്രവര്‍ത്തനങ്ങളും അതിലുപരി മലയാളി കുടിയേറ്റത്തിന്റെ ശക്തിയും ആര്‍ജ്ജിക്കേണ്ട സമയം ആഗതമായിരിക്കുന്നു! നല്ല മനസ്സുള്ള ജനനേതാക്കളെ വിഘടിച്ച് നില്‍ക്കാതെ ഒന്നിച്ച് നില്ക്കൂ! ”ഐക്യമത്വം മഹാബലം”! ദേശീയ തലത്തില്‍ മലയാളി കുടിയറ്റക്കാരുടെ ശബ്ദം ഒന്നായിരിക്കട്ടെ!!
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply