പാനായിക്കുളം സിമി ക്യാമ്പ്: ഇന്ന് ശിക്ഷ വിധിക്കും

panayikkulam-simi-camp-2കൊച്ചി: പാനായിക്കുളം സിമി ക്യാമ്പിലെ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. വൈകുന്നേരം മൂന്നു മണിയ്ക്ക് എറണാകുളം എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിക്കുക. അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു.

ഈരാറ്റുപേട്ട നടയ്ക്കല്‍ പീടികയ്ക്കല്‍ വീട്ടില്‍ ഹാരിസ് എന്ന പിഎ ശാദുലി (33), ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശേരി വീട്ടില്‍ അബ്ദുല്‍ റാസിക് (36), ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ (34), പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍ എന്ന നിസുമോന്‍(34), ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ്(30) എന്നിവരെയാണ് എന്‍ഐഎ കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

ഇതില്‍ ഒന്ന്,രണ്ട്, മൂന്നു പ്രതികള്‍ക്കെതിരേ യുഎപിഎ നിയമം ചുമത്തി. തെളിവുകളുടെ അഭാവത്തില്‍ ബാക്കി 11 പേരെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി കെഎം ബാലചന്ദ്രന്‍ വെറുതെവിട്ടു. 17 പേരായിരുന്നു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്.

നിരോധിക്കപ്പെട്ട സംഘടനയായ സിമിയില്‍പ്പെട്ട പ്രതികള്‍ 2006 ആഗസ്ത് 15 ന് ആലുവായ്ക്കടുത്തുള്ള പാനായിക്കുളത്ത് രഹസ്യയോഗം ചേര്‍ന്ന് സിമിയുടെ ലക്ഷ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയും ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ച് ഇന്ത്യയെ മുസ്‌ലിം രാഷ്ട്രമാക്കി മാറ്റാന്‍ ആഹ്വാനം നടത്തിയെന്നാണ് കുറ്റപത്രം. പ്രതികള്‍ രാജ്യദ്രോഹികള്‍ ആണെന്നും കാശ്മീരിനെ സ്വതന്ത്രമാക്കാന്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണെന്നും കുറ്റപത്രത്തില്‍ ആരോപിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് അനുസരിച്ചാണ് അന്വേഷണം ജനവരിയില്‍ എന്‍ഐഎ ഏറ്റെടുത്തത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment