Flash News

ചലച്ചിത്ര പ്രവര്‍ത്തകനെ ബി.ജെ.പി നേതാക്കള്‍ കോടതി വളപ്പില്‍ ഭീഷണിപ്പെടുത്തി

November 27, 2015 , സ്വന്തം ലേഖകന്‍

8a92b069-6113-44bf-8943-d8ebb4943801

തൃശൂര്‍: സാക്ഷി പറയാനത്തെിയ ചലച്ചിത്ര പ്രവര്‍ത്തകനെ ബി.ജെ.പി നേതാക്കള്‍ കോടതി വളപ്പില്‍ ഭീഷണിപ്പെടുത്തിയതായി പരാതി. വിബ്ജിയോര്‍ ഫിലിം കലക്ടീവ് മുന്‍ സെക്രട്ടറി ശരത് ചേലൂരിനെയാണ് ബി.ജെ.പി സംസ്ഥാന സെല്‍ കോഓഡിനേറ്റര്‍ അഡ്വ. ബി. ഗോപാലകൃഷ്ണനും തൃശൂര്‍ ജില്ലാ ഭാരവാഹി അഡ്വ. രവികുമാര്‍ ഉപ്പത്തും ഭീഷണിപ്പെടുത്തിയതായി പരാതിയുയര്‍ന്നത്.

കഴിഞ്ഞ വര്‍ഷം തൃശൂരില്‍ നടന്ന ഒമ്പതാമത് വിബ്ജിയോര്‍ ചലച്ചിത്ര മേളയില്‍ ‘ഓഷ്യന്‍ ഓഫ് ടിയേഴ്സ്’ സിനിമയുടെ പ്രദര്‍ശനം ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞത് സംബന്ധിച്ച് തൃശൂര്‍ സി.ജെ.എം കോടതിയില്‍ കേസുണ്ട്. ഇതില്‍ സാക്ഷി പറയാന്‍ എത്തിയപ്പോഴാണ് ശരത്തിനെയും ഒപ്പം ഉണ്ടായിരുന്ന ചലച്ചിത്ര പ്രവര്‍ത്തകന്‍ അന്‍വര്‍ അലിയെയും ഭീഷണിപ്പെടുത്തിയത്. വിസ്താരം കഴിഞ്ഞ് പുറത്തിറങ്ങിയ ശരത്തിനെ കോടതി വരാന്തയില്‍ ബി. ഗോപാലകൃഷ്ണനും രവികുമാര്‍ ഉപ്പത്തും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് രാജാജി മാത്യു തോമസ്, കെ.സി. സന്തോഷ്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

‘നീ ഇതിന് പശ്ചാത്തപിക്കേണ്ടിവരും, നിനക്കുള്ള പണി വെച്ചിട്ടുണ്ട്, പുറത്തിറങ്ങിയാല്‍ കൈകാര്യം ചെയ്തോളാം’ എന്നിങ്ങനെയായിരുന്നത്രേ ഭീഷണി. ഇതുസംബന്ധിച്ച് ശരത് കോടതിയില്‍ പരാതി നല്‍കി. ബാര്‍ കൗണ്‍സിലിനും ബാര്‍ അസോസിയേഷനും പരാതി നല്‍കുമെന്ന് വിബ്ജിയോര്‍ സംഘാടകര്‍ അറിയിച്ചു.

കശ്മീരി സംവിധായകന്‍ ബിലാല്‍ എ. ജാനിന്റെ ‘ഓഷ്യന്‍ ഓഫ് ടിയേഴ്സ്’ എന്ന 27 മിനിറ്റുള്ള സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കന്‍ അനുവദിക്കില്ലന്ന് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1991ല്‍ കശ്മീരിലെ കുപ്വാര ജില്ലയില്‍ ഗ്രാമീണരുടെ വീടുകളില്‍ പട്ടാളം അതിക്രമിച്ചുകയറി സ്ത്രീകളെ പീഡിപ്പിച്ച സംഭവമാണ് സിനിമയുടെ ഇതിവൃത്തം.

പ്രദര്‍ശനത്തിനിടെ വേദി ആക്രമിച്ചു. അക്രമികളെ പൊലീസ് പുറത്താക്കി. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പബ്ലിക് സര്‍വിസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റാണ് സിനിമയുടെ നിര്‍മാതാക്കള്‍. പാക് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സിനിമയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top