Flash News

വരുന്നൂ…..കുട്ടികളുടെ ഇംഗ്ലീഷ് നാടകപ്പട

November 28, 2015 , സന്തോഷ് കുമാര്‍

varunnoo2കാസര്‍ഗോഡ്‌: കാസര്‍ഗോഡ് ജില്ലയില്‍ സര്‍വ ശിക്ഷ അഭിയാന്‍ അനേകം നൂതനമായ പരിപാടികള്‍ നടപ്പിലാക്കി വരുന്നുണ്ട് . ഇവയില്‍ എടുത്തു പറയേണ്ട ഒന്നാണ് ഫോക്കസ് പ്രോഗ്രാം. പൊതു വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുവേണ്ടി തയാറാക്കിയ ഫോക്കസ് എന്ന പരിപാടിയിലൂടെ കൂടുതല്‍ വിദ്യാര്‍ഥികളെ പൊതു വിദ്യാലയങ്ങളില്‍ എത്തിക്കുവാന്‍ സാധിച്ചു. അനാദായകരമായി പ്രവര്‍ത്തിക്കുന്ന ഇരുപത്തി മൂന്ന് വിദ്യാലയങ്ങളില്‍ ഫോകസ് പദ്ധതി നടപ്പിലാക്കുക വഴി പുതുതായി പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായി. പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അക്ഷരജ്ഞാനമെങ്കിലും പ്രദാനം ചെയ്യണം എന്ന ഉദ്ദേശത്തോടെ ഡയറ്റിന്‍റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെയും സഹകരണത്തോടെ നടപ്പിലാക്കിയ സാക്ഷരം, ക്ലാസ്സ് മുറിക്കകത്ത് വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ ഡയറ്റിന്‍റെ സഹകരണത്തോടെ നടപ്പിലാക്കിയ സ്‌റ്റെപ്പ് പ്രോഗ്രാം തുടങ്ങിയവ ഇവയില്‍ ചിലതുമാത്രം. ഇപ്പോള്‍ ഇതാ എനാക്റ്റ് (En@CT)എന്നപേരില്‍ ഒരു പുതിയ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് കാസര്‍ഗോഡ്‌ ജില്ലയില്‍ സര്‍വ ശിക്ഷ അഭിയാന്‍. ഇംഗ്ലീഷ് പഠനം കൂടുതല്‍ എളുപ്പവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടുകൂടി നടപ്പാക്കുന്ന പരിപാടിയാണ് എനാക്റ്റ് (En@CT (English @ Classroom Theater ). ഇംഗ്ലിഷ് പാഠപുസ്തകത്തിലെ കഥകള്‍ ലളിതമായി നാടകരൂപത്തില്‍ തയാറാക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് എനാക്റ്റ് എന്ന പദ്ധതിയിലൂടെ.

അധ്യാപകര്‍ക്ക് നാടകത്തിന്‍റെ വിവിധ വശങ്ങള്‍ പരിചയപ്പെടുത്തുക, നാടക സങ്കേതങ്ങളില്‍ സോദാഹരണ ക്ലാസ്സുകള്‍ നല്‍കുക, കുട്ടികളും അധ്യാപകരും ഉള്‍പ്പെടുന്ന ശില്‍പശാലയില്‍ ഒരു കോര്‍ തീയേറ്റര്‍ ഗ്രൂപ്പിനെ രൂപപ്പെടുത്തിയെടുക്കുക, അവരുടെ നേതൃത്വത്തില്‍ ബി ആര്‍ സി തലത്തില്‍ നടത്തുന്ന ശില്പശാലകളിലൂടെ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഇംഗ്ലീഷില്‍ കുട്ടികളുടെ നാടകസംഘങ്ങള്‍ രൂപപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ആണ് ഈ പദ്ധതിക്കുള്ളത്. എനാക്റ്റിന്റെ ആദ്യ ശില്‍പശാലയ്ക്ക് കാസര്‍ഗോഡ് ജില്ലയിലെ കൂട്ടക്കനി ഗവ. യു.പി. സ്കൂള്‍ വേദിയായി. സംസ്ഥാനത്തെ മികച്ചഹരിത വിദ്യാലമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയമാണ് കൂട്ടക്കനി ഗവ. യു.പി. സ്കൂള്‍. ആദ്യകാല നാടകപ്രവര്‍ത്തകന്‍ കൂടിയായ ഇവിടുത്തെ ഹെഡ്‌മാസ്റ്റര്‍ എം. ഗോപകുമാര്‍ ആദ്യാവസാനം ശില്പശാലയുടെ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതനായി.

ജില്ലയിലെ വിവിധ സ്‌കൂളുകളിലെ നാടകത്തില്‍ താല്പര്യമുള്ള ഇരുപതു അധ്യാപകര്‍ക്കും കൂട്ടക്കനി സ്‌കൂളിലെ അമ്പതു കുട്ടികള്‍ക്കുമാണ് En@CT പദ്ധതിയുടെ ആദ്യ ശില്‍പശാലയില്‍ പരിശീലനം നല്‍കിയത്. ഈ ശില്പശാല മൂന്നുദിവസം നീണ്ടു നിന്നു. ഒന്നാം ദിവസം ആരംഭിച്ചത് വിവധ തീയറ്റര്‍ ഗെയിമുകള്‍ പരിചയപ്പെടുത്തിക്കൊണ്ടാണ്‌. തുടര്‍ന്ന് വിവിധ നാടക സങ്കേതങ്ങള്‍ അടുത്തറിയുന്നതിനും അവയില്‍ പരിശീലനം നല്‍കുന്നതിനും ക്യാമ്പ് അംഗങ്ങള്‍ക്ക് അവസരം ലഭിച്ചു. റോള്‍ പ്ലേ, റീഡേഴ്സ് തീയറ്റര്‍, സോളിലോക്കി (ആത്മഭാഷണം), കൊറിയൊഗ്രാഫി (നൃത്തസംവിധാനം) എന്നിവയുടെ സോദാഹരണ ക്ലാസ്സുകള്‍ തുടര്‍ന്ന് നടന്നു. റീഡേഴ്സ് തീയറ്റര്‍, സോളിലോക്കി, കൊറിയൊഗ്രാഫി എന്നിവ വിശദമാക്കുന്ന ലോകപ്രശസ്തമായ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുകയും അവയെ സൂക്ഷ്മതലത്തില്‍ വിശകലനം ചെയ്യുകയും ചെയ്തു. ആദ്യ ദിവസത്തെ ക്ലാസ്സുകള്‍ക്ക് സ്റ്റേറ്റ് റീസോഴ്സ് ഗ്രൂപ്പ്‌ അംഗങ്ങളായ പി.വി.രാധാകൃഷ്ണന്‍ , ടിവി സജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഒന്നാം ദിവസം പരിചയപ്പെട്ട സ്‌ക്രിപ്റ്റ് രചനയുടെ സങ്കേതങ്ങള്‍ പ്രായോഗികപഥത്തില്‍ എത്തുന്നത്‌ രണ്ടാം ദിവസമാണ്. നടകീകരണതിന് ഏറ്റവും ഉതകുന്ന പാഠപുസ്തകകഥകള്‍ ഏതൊക്കെ എന്ന് കണ്ടെത്തുന്നതിനുവേണ്ടിയുള്ള കഥാവായനയായിരുന്നു രണ്ടാം ദിവസത്തെ ആദ്യ പരിപാടി. ഇതില്‍ ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ അഞ്ചു കഥകള്‍ നാടകരൂപം നല്‍കുന്നതിനായി തിരഞ്ഞെടുത്തു. പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനും പരിസ്ഥിതി സംബന്ധിയായ നിരവധി കഥകളുടെ രചയിതാവുമായ റസ്കിന്‍ ബോണ്ടിന്‍റെ How Far is the River?, മാല്‍ഗുഡി കഥകളുടെ സ്രഷ്ടാവ് ആര്‍. കെ നാരായണന്‍ രചിച്ച Snake in the Grass, അക്ബര്‍ ചക്രവര്‍ത്തിയുടെ സദസ്സിലെ ആസ്ഥാന ഗായകനായ മിയാന്‍‌ദാന്‍ സെന്റെയും അദ്ദേഹത്തിന്റെ ഗുരു സന്ത് ഹരിദാസിന്‍റെയും കഥ പറയുന്ന Song of Songs, വിഖ്യാത റഷ്യന്‍ സാഹിത്യകാരന്‍ മിഖായേല്‍ സോഷേങ്കോ രചിച്ച Polya, ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഡൊമനിക്കോ വിറ്റോറിനിയുടെ The Wooden Cup എന്നീ അഞ്ചു കഥകളാണ് നടകീകരണത്തിനായി തിരഞ്ഞെടുത്തത്. പത്ത് വീതം വിദ്യാര്‍ത്ഥികളും നാല് വീതം അധ്യാപകരും ഉള്‍പ്പെടുന്ന അഞ്ചു ഗ്രൂപ്പുകള്‍ക്ക് ഈ അഞ്ചു കഥകള്‍ നല്‍കി. അവയെ നാടകവല്‍ക്കരിക്കുന്നതിനുള്ള സ്‌ക്രിപ്റ്റുകള്‍ എഴുതി തയാറാക്കുന്നതിനുള്ള ശ്രമമായി പിന്നെ. കഥകളെ നാടക സ്‌ക്രിപ്റ്റുകളാക്കി മാറ്റുന്നതിന് കഥയുടെ ലൊക്കേഷന്‍ , കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍, ഇവ കണ്ടെത്തുകയായിരുന്നു അടുത്ത ഘട്ടം. അധ്യാപകരുടെയും നാടകപ്രവര്‍ത്തകരുടേയും സഹകരണത്തോടെ കുട്ടികള്‍ തന്നെയാണ് നാടകാവതരണത്തിനുള്ള സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കിയത്. തുടര്‍ന്ന് നാടക പരിശീലനം (Rehearsal) ആരംഭിച്ചു. കുട്ടികളിലെ സര്‍ഗാത്മകമായ കഴിവുകള്‍ പുറത്തുകൊണ്ടുവരുന്നതിന് ഉതകുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരായ രാജേഷ്‌ കൂട്ടക്കനി, ഷൈജു ബിരിക്കുളം, പ്രകാശന്‍ കൂവാറ്റി , ഉണ്ണികൃഷ്ണന്‍ കാസര്‍ഗോഡ്‌, രാകേഷ്, കാര്‍മിലി, തമ്പാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മൂന്നാം ദിവസം ഉച്ചവരെ നാടക പരിശീലനം തുടര്‍ന്നു. വേഷവിധാനങ്ങള്‍ (costumes) ശേഖരിക്കല്‍, രംഗസാമഗ്രികള്‍ (properties) കണ്ടെത്തല്‍ എന്നിവയില്‍ കുട്ടികള്‍ക്കും അധ്യാപകക്കും ഒപ്പം രക്ഷിതാകളും പങ്കാളികളായി. തുടര്‍ന്ന് നാടകങ്ങളുടെ അവതരണങ്ങള്‍ നടന്നു. നിറഞ്ഞ സദസ്സിനു മുന്നിലാണ് ഈ പൊതു വിദ്യാലയത്തിലെ മലയാളം മീഡിയം ക്ലാസ്സിലെ കുട്ടികള്‍ ഇംഗ്ലീഷ് നാടകങ്ങള്‍ അവതരിപ്പിച്ചത്. നിറഞ്ഞ കരഘോഷത്തോടെയാണ് കുട്ടികളുടെ നാടകങ്ങളെ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള ജനാവലി സ്വീകരിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൊതു വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠന നിലവാരം ഉയര്‍ന്നിട്ടുണ്ടെന്നും അതിന് ഉത്തമ ഉദാഹരണമാണ് ഇത് പോലുള്ള നാടക അവതരണങ്ങള്‍ എന്നും മുഖ്യ സംഘാടകനും എസ്.എസ്.എ കാസര്‍ഗോഡ് ജില്ലാ പ്രൊജക്റ്റ് ഓഫീസറുമായ ഡോ.എം ബാലന്‍ പറഞ്ഞു. എഴുത്തുകാരനും പാoപുസ്തക സമിതി അംഗവുമായ എ വി സന്തോഷ് കുമാറിന്റെ നേതൃത്തിലാണ് ശില്‍പശാലയുടെ മൊഡ്യൂള്‍ തയ്യാറാക്കിയത്. പരിപാടിയുടെ ഉദ്ഘാടനം കട്ടക്കനി ഗവ.യു.പി. സ്‌കൂള്‍ ഹെഡ്‌മാസ്റ്ററും നാടകപ്രവര്‍ത്തകനുമായ എം.കെ. ഗോപകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബേക്കല്‍ എ.ഇ.ഒ. കെ രവിവര്‍മ്മന്‍ നിര്‍വഹിച്ചു. എസ്.എസ്.എ. പ്രോഗ്രാം ഓഫീസര്‍ ബി. ഇബ്രാഹിം ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

IMG_0393 IMG_0408 IMG_0569district project officer visits the theater workshop from the drama -how far is the river from the drama -song of songs script chrcha 2 theatre games


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top