നൗഷാദിന്‍െറ ജീവത്യാഗത്തെ അപമാനിച്ച വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധം

NOUSHAD
നൗഷാദ്

ആലുവ: സ്വന്തം ജീവന്‍ പോലും പണയം വച്ച് അന്യസംസ്ഥാനതൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുകയും ആ ശ്രമത്തില്‍ ജീവന്‍ നഷ്ടമാകുകയും ചെയ്ത കോഴിക്കോട്ടെ ഓട്ടോഡ്രൈവര്‍ നൗഷാദിന്‍െറ ജീവത്യാഗത്തെ അപമാനിക്കുന്ന വെള്ളാപ്പള്ളി നടേശന്‍െറ വര്‍ഗീയ പ്രസ്താവനക്കെതിരെ കേരളം ഒറ്റക്കെട്ടായി രംഗത്ത്. ദുരന്തത്തില്‍ മരണമടയുന്നവര്‍ക്കുപോലും മതം നോക്കി ആനുകൂല്യം നല്‍കുന്ന പ്രവണതയാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും ഇതിന് കൂട്ടുനില്‍ക്കുന്നവര്‍ മതേതരത്വം പ്രസംഗിക്കുന്നത് അപഹാസ്യ മാണെന്നുമാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തട്ടിവിട്ടത്. സമത്വ മുന്നേറ്റയാത്രക്ക് ആലുവ മണപ്പുറത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാന്‍ഹോള്‍ ദുരന്തത്തില്‍ മരണമടഞ്ഞയാള്‍ മുസ്ലിമായതിനാല്‍ വന്‍ തുക നഷ്ടപരിഹാരവും ഭാര്യക്ക് ജോലിയും ഉടന്‍ മുഖ്യമന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ചു. എന്നാല്‍, ഹാന്‍ഡ്ബാള്‍ താരങ്ങളായ വിദ്യാര്‍ഥികള്‍ മരണമടഞ്ഞപ്പോള്‍ ഹൈന്ദവരായി എന്നതുകൊണ്ടുമാത്രം കുടുംബത്തെ ആശ്വസിപ്പിക്കാനും മാന്യനഷ്ടപരിഹാരം ഉടന്‍ പ്രഖ്യാപിക്കാനും ആരുമുണ്ടായില്ല.

ഇത്തരം മതപരമായ അവഗണന ചൂണ്ടിക്കാണിക്കുമ്പോള്‍ എസ്.എന്‍.ഡി.പി യോഗം നേതാക്കള്‍ വര്‍ഗീയവിഷം ചുരത്തുന്നെന്നും ബി.ജെ.പി പാളയത്തിലേക്ക് പോകുന്നെന്നും ആക്ഷേപിക്കുകയാണ്. മാധ്യമങ്ങള്‍ പലതും സമത്വ മുന്നേറ്റയാത്രയുടെ വന്‍ ബഹുജന പങ്കാളിത്തം കണ്ടില്ലെന്ന് നടിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെ നൗഷാദിന്‍െറ ജന്മനാട്ടിലും കോഴിക്കോട്ടും ഓട്ടോ തൊഴിലാളികളും നാട്ടുകാരും പ്രതിഷേധപ്രകടനം നടത്തി. രാഷ്ട്രീയഭേദമേന്യ വിവിധ നേതാക്കള്‍ വെള്ളാപ്പള്ളിയെ കടുത്ത ഭാഷയില്‍ അപലപിച്ചു.

ശ്രീനാരായണസൂക്തങ്ങള്‍ പറയേണ്ട വെള്ളാപ്പള്ളി നടേശന്‍, പ്രവീണ്‍ തൊഗാഡിയയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ടി.വി. രാജേഷ് എം.എല്‍.എ പറഞ്ഞു. നാട്ടില്‍ വര്‍ഗീയകലാപം സൃഷ്ടിക്കുന്ന തരത്തില്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തയാറാകണം. ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്കുലര്‍ മാര്‍ച്ചിന് വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ് ക്യാമ്പില്‍ ചേക്കേറിയ വെള്ളാപ്പള്ളിക്ക് ശ്രീനാരായണ ദര്‍ശനങ്ങളെക്കുറിച്ച് പറയാന്‍ അവകാശമില്ല. കടുത്ത വര്‍ഗീയതയാണ് വെള്ളാപ്പള്ളി ജാഥയിലുടനീളം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നൗഷാദിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അധിക്ഷേപം മനുഷ്യത്വമില്ലായ്മയും വെളിവില്ലായ്മയുമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ തൊഗാഡിയ ആകാന്‍ നോക്കുന്ന വെള്ളാപ്പള്ളി വര്‍ഗീയവിഷം വമിപ്പിക്കുകയാണ്. അപകടത്തില്‍പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തുചാടിയത്. ആ ത്യാഗ ത്തിന്‍െറ പ്രഭ ഇല്ലാതാക്കാന്‍ ഒരു വര്‍ഗീയഭ്രാന്തിനും കഴിയില്ലെന്നും പിണറായി ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.

നൗഷാദിനെ അപഹസിച്ച വെള്ളാപ്പള്ളി നടേശന് വര്‍ഗീയ ഭ്രാന്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചങ്ങലക്കിടേണ്ട വര്‍ഗീയഭ്രാന്തിലാണ് താനെന്ന വിളംബരമാണ് ഇത്തരം പ്രസ്താവനകളിലൂടെ വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. വര്‍ഗീയവിഷം ചീറ്റുന്നതില്‍ ആര്‍.എസ്.എസിനോടും ശിവസേനയോടും മത്സരിക്കുകയാണ് വെള്ളാപ്പള്ളി.

നൗഷാദിന്‍െറ കുടുംബത്തിന് സഹായം നല്‍കുന്നത് മുസ്ലിമായതുകൊണ്ടാണെന്നും മുസ്ലിമായി മരിക്കാന്‍ കൊതിക്കുന്നുവെന്നുമുള്ള അഭിപ്രായങ്ങള്‍ കേരളീയ സംസ്കാരത്തെ അപമാനിക്കുന്നതാണ്. അന്യരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ഒരു മാതൃകാ ജീവിതത്തെ അപഹസിച്ചതിലൂടെ മനുഷ്യസ്നേഹമെന്ന വികാരത്തെയാണ് വെള്ളാപ്പള്ളി മലിനമാക്കിയതെന്നും കോടിയേരി പറഞ്ഞു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment