സാത്താനിക് വേഴ്സ്സ് നിരോധനം: ചിദംബരത്തിന്‍െറ കുറ്റസമ്മതത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത

salman rushdie controversyന്യൂഡല്‍ഹി: സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം ‘സാത്താനിക് വേഴ്സസ്’ നിരോധിച്ചത് തെറ്റായിപ്പോയെന്ന മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരം നടത്തിയ കുറ്റസമ്മതം കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കി. മുന്‍ കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി മനീഷ് തിവാരി ചിദംബരത്തെ പിന്തുണച്ചപ്പോള്‍ മുന്‍ നിയമമന്ത്രി എച്ച്.ആര്‍ ഭരദ്വാജ്, മുന്‍ എം.പി സന്ദീപ് ദീക്ഷിത് എന്നിവര്‍ ചിദംബരത്തെ തള്ളി. അതിനിടെ, ചിദംബരത്തിന്‍െറ കുറ്റസമ്മതത്തോട് പ്രതികരിച്ച് സല്‍മാന്‍ റുഷ്ദിയും രംഗത്തുവന്നു. ‘തെറ്റ് സമ്മതിക്കാന്‍ നീണ്ട 27 വര്‍ഷം വേണ്ടിവന്നു. ഈ തെറ്റു തിരുത്താന്‍ ഇനി എത്രനാള്‍..’ റുഷ്ദി ട്വിറ്ററില്‍ കുറിച്ചു.

ചിദംബരത്തിന്‍െറ അഭിപ്രായം പൂര്‍ണമായും ശരിയാണെന്ന് മനീഷ് തിവാരി പറഞ്ഞു. പുസ്തകങ്ങളും സിനിമകളും സമൂഹമാധ്യമങ്ങളും നിരോധിച്ച് ഇല്ലാതാക്കുന്ന സംസ്കാരത്തില്‍നിന്ന് നാം പുറത്തു കടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 27 വര്‍ഷം മുമ്പ് നടന്ന കാര്യം തെറ്റായിരുന്നു. അത് ഏറ്റുപറയേണ്ടതുണ്ട്.

റുഷ്ദിയുടെ പുസ്തകം നിരോധിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നടപടിയില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് എച്ച്.ആര്‍ ഭരദ്വാജ് പറഞ്ഞു. രാജീവ് ഗാന്ധി ചെയ്തത് തെറ്റാണെന്ന ചിദംബരത്തിന്‍െറ അഭിപ്രായം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘സാത്താനിക് വേഴ്സസ്’ വിലക്കിയത് തെറ്റാണെന്ന് ബോധ്യമുണ്ടായിരുന്നുവെങ്കില്‍ ചിദംബരം എന്തുകൊണ്ട് അന്ന് ഇതേക്കുറിച്ച് മിണ്ടിയില്ലെന്ന് സന്ദീപ് ദീക്ഷിത് ചോദിച്ചു. പുസ്തകം നിരോധിച്ച സമയത്ത് രാജീവ് മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിദംബരം. കാലങ്ങള്‍ക്ക് ശേഷം അഭിപ്രായം പറയുന്നതിനുപകരം തെറ്റുകള്‍ അപ്പപ്പോള്‍ തിരുത്തിക്കുകയാണന്ന് വേണ്ടതെന്നും സന്ദീപ് ദീക്ഷിത് ചൂണ്ടിക്കാട്ടി. അതിനിടെ, റുഷ്ദിയുടെ പുസ്തകത്തെ പിന്തുണച്ച് രംഗത്തുവന്ന ചിദംബരത്തോട് കോണ്‍ഗ്രസ് പാര്‍ട്ടി അല്‍പമെങ്കിലും സഹിഷ്ണുത കാണിക്കണമെന്ന് ബി.ജെ.പി വക്താവ് നളിന്‍ കോഹ്‌ലി പറഞ്ഞു.

ചിദംബരത്തെ പിന്തുണക്കുന്നുവെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഒരു പുസ്തകവും കലാസൃഷ്ടികളും ഭരണകൂടത്താല്‍ നിരോധിക്കപ്പെടാന്‍ പാടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ടൈംസ് സാഹിത്യോത്സവത്തില്‍ സംസാരിക്കവെയാണ് ചിദംബരം റുഷ്ദിയുടെ പുസ്തകം നിരോധിച്ച തീരുമാനം തള്ളിപ്പറഞ്ഞത്.

 

Print Friendly, PDF & Email

Leave a Comment