Flash News

ബി.ജെ.പി. വെളുക്കാന്‍ തേച്ചത് പാണ്ടായി

December 1, 2015 , സ്വന്തം ലേഖകന്‍

hqdefaultകൊല്ലം: വെള്ളാപ്പള്ളിയുടെ വര്‍ഗ്ഗീയവിഷം കലര്‍ന്ന പ്രതികരണത്തില്‍ ഉയര്‍ന്ന ജനരോഷം തണുപ്പിക്കാന്‍ ബിജെപി രംഗത്തിറങ്ങി. അതിന്റെ സൂചനയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ നടത്തിയ നൗഷാദിന്റെ ഭവനസന്ദര്‍ശനവും തുടര്‍ന്ന് നടത്തിയ പ്രതികരണത്തിലെ ദുഃഖസ്വരവുമെന്ന് കരുതാം.

വിഷവാതകം വമിക്കുന്ന ഓടയില്‍ കുടുങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയ നൗഷാദ് നാടിന്റെ അഭിമാനമാണെന്ന് മുരളീധരന്‍ പറഞ്ഞു. മനുഷ്യത്വത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്നാണ് നൗഷാദിന്റെ സാഹസികത തെളിയിക്കുന്നത്. നൗഷാദിന്റെ മാതാപിതാക്കള്‍ നല്‍കിയ ശിക്ഷണമാണ് ഈ സല്‍പ്രവര്‍ത്തിക്ക് പ്രേരണയെന്നും, നാടിന് അക്കാര്യത്തിലുള്ള ആദരവ് അറിയിക്കാനാണ് തന്റെ സന്ദര്‍ശനമെന്നും മുരളീധരന്‍ സൂചിപ്പിച്ചു.

വെളളാപ്പള്ളിയുടെ പ്രതികരണം ഇത്തിരി കടന്നതായി പോയെന്നും സമത്വമുന്നേറ്റ യാത്ര കൊണ്ട് ഉദ്ദേശിച്ച നേട്ടത്തിന് എസ്എന്‍ഡിപി സെക്രട്ടറിയുടെ വാക്കുകള്‍ പോറലേല്‍പ്പിച്ചുവെന്നും കരുതുന്നവര്‍ ബിജെപിയിലുണ്ട്. സംഘപരിവാര്‍ തീവ്രത തലയ്ക്കുകയറിയ ഒരു വിഭാഗമേ വെള്ളാപ്പള്ളിയെ അനുകൂലിക്കുന്നുള്ളൂ. മറിച്ച് ബിജെപിയോട് അനുഭാവമുള്ള നല്ലൊരു വിഭാഗം വെള്ളാപ്പള്ളിയുടെ പ്രസ്താവന വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് കരുതുന്നവരാണ്.

സമത്വമുന്നേറ്റ യാത്രയുടെ സമാപനത്തില്‍ എസ്എന്‍ഡിപി പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ആ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഏതാനും സീറ്റുകള്‍ തരപ്പെടുത്താനാവുമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി. വെള്ളാപ്പള്ളിയാവട്ടെ മകനും, സന്തതസഹചാരികളില്‍ ചിലര്‍ക്കും മത്സരിക്കാമല്ലോ എന്നും ബിജെപിയില്‍ സ്വാധീനമുറപ്പിക്കാമല്ലോ എന്നും ആശിച്ചു.

ഈ മാസം പതിനാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്ത് മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തുമ്പോള്‍ തന്റെ സംഘടനാശേഷി പ്രകടിപ്പിക്കാമെന്നും, അതുവഴി കേന്ദ്രത്തില്‍ വല്ല നേട്ടമോ സ്വാധീനമോ ഉറപ്പിക്കാമെന്നും വെള്ളാപ്പള്ളി മോഹിച്ചു. ആ ദുരാഗ്രഹത്തില്‍ സംഘപരിവാറുകള്‍ പോലും പറയാത്ത നികൃഷ്ടവും വിലകുറഞ്ഞതുമായ ആരോപണമാണ് ഒരു പാവം ഓട്ടോറിക്ഷാ തൊഴിലാളിയുടെ ജീവത്യാഗത്തെ അപഹസിച്ചുകൊണ്ട് വെള്ളാപ്പള്ളി നടത്തിയത്.

വെള്ളാപ്പള്ളിയുടെ പ്രതികരണം രാജ്യത്ത് മതസ്പര്‍ദ്ധ വളര്‍ത്തുമെന്നതിനാല്‍ പോലീസ് ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ടെങ്കിലും കേസിന്റെ ഭാവിയിലല്ല, സംഭവം ജനമനസ്സുകളില്‍ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ചാണ് ബിജെപിയുടെ വേവലാതി. അതും കേരളത്തില്‍ മാത്രമല്ല, രാജ്യത്തുടനീളം അനുരണനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഭയപ്പെടുന്നുണ്ട്. അതറിഞ്ഞുകൊണ്ടാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ നൗഷാദിന്റെ വീട് സന്ദര്‍ശിച്ചതും ആ മനുഷ്യസ്‌നേഹിയുടെ ത്യാഗത്തെ പ്രകീര്‍ത്തിച്ചതും.

ഇതേ അവസരത്തില്‍ വെള്ളാപ്പള്ളിയും പുത്രനുമാകട്ടെ വര്‍ഗ്ഗീയത കലര്‍ന്ന പ്രതികരണം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും സൂചിപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വിശദീകരണം നല്‍കിയിട്ടുണ്ട്. ഏതായാലും സംഘപരിവാറിലെ വലിയൊരു വിഭാഗവും എസ്എന്‍ഡിപിയില്‍ ചെറിയൊരു വിഭാഗവുമൊഴികെ കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും വെള്ളാപ്പള്ളിയുടെ വാക്കുകളെ അപലപിക്കുന്നുണ്ട്. ബിജെപിയും അത് തിരിച്ചറിയുന്നുവെന്നതിന്റെ തെളിവായി വേണം വി മുരളീധരന്റെ സന്ദര്‍ശനത്തെ കാണാന്‍.

എന്നാല്‍ വെള്ളാപ്പള്ളിക്ക് പറ്റിയത് നാക്ക് പിഴവല്ലെന്നും ബിജെപി സംഘപരിവാര്‍ വിഭാഗങ്ങളുടെ അറിവോടെ ബോധപൂര്‍വ്വം നടത്തിയ ആക്ഷേപമാണെന്നുമുള്ള അഭിപ്രായവും ചില കേന്ദ്രങ്ങളില്‍ ശക്തമാണ്. വെള്ളാപ്പള്ളി പറയുന്ന നമ്പൂതിരി മുതല്‍ നായാടി വരെയുള്ള വിഭാഗക്കാരെ പ്രകോപിപ്പിച്ച് കൂടെ നിര്‍ത്താന്‍ ആളും തരവും നോക്കാതെ എന്തും വിളിച്ചുപറയുന്ന വെള്ളാപ്പള്ളിയുടെ നാവിനെ ഉപയോഗപ്പെടുത്തുകയായിരുന്നു ബിജെപിയുടെ ലക്ഷ്യമെന്നും കരുതുന്നവരുണ്ട്. പക്ഷേ ഈയൊരു ലക്ഷ്യം പാളിപ്പോയത് ബിജെപി വൈകിയാണെങ്കിലും തിരിച്ചറിയുന്നുവെന്ന് വേണം കരുതാന്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top