ചെന്നൈയില്‍ ജീവിതം സാധാരണ നിലയിലാകുന്നു

chennai in normal lifeചെന്നൈ: മഴ കുറഞ്ഞതോടെ ചെന്നൈ നഗരത്തില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. ജനങ്ങള്‍ കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് പുറത്തിറങ്ങിതുടങ്ങി. ഗതാഗത സംവിധാനം ഭാഗികമായി പുനസ്ഥാപിച്ചു. ഭക്ഷണ- കുടിവെള്ള വിതരണം സജീവമായി നടക്കുന്നു.

അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇടവിട്ട ശക്തമായ മഴ കാണുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗരത്തിലും സമീപപ്രദേശങ്ങളിലും ഞായറാഴ്ചയും ഇടവിട്ട് ശക്തമായ മഴ പെയ്തത് ആശങ്കപരത്തി. സാലിഗ്രാമം, പെരുങ്കുടി, നങ്കനെല്ലൂര്‍, വേളാച്ചേരി, തിരുമുള്ളൈവയല്‍, ആവടി, ശ്രീപെരുമ്പത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഒമ്പതു മണിമുതല്‍ ശക്തമായ മഴയാണ് പെയ്തത്.

ഞായറാഴ്ച വൈകീട്ട് എട്ടുവരെ നഗരത്തില്‍ 22 .4 മില്ലീമിറ്ററും പ്രാന്തപ്രദേശങ്ങളില്‍ 21 മില്ലീമീറ്ററും മഴ പെയ്തു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദംമൂലം ചെന്നൈ ഉള്‍പ്പെടെ തീരദേശജില്ലകളില്‍ മഴ രണ്ടു ദിവസംകൂടി തുടരുമെന്നും 60 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെള്ളം ഒഴിഞ്ഞുപോയ പ്രദേശങ്ങളിലെ വീടുകളിലേക്ക് ജനം തിരികെയത്തെിക്കൊണ്ടിരിക്കുന്നു. മിക്കവീടുകളും താമസയോഗ്യമല്ലാതായി. വീട്ടുസാധനങ്ങളും വസ്ത്രവും കുട്ടികളുടെ പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും തുടങ്ങി സകലതും വെള്ളം കൊണ്ടുപോയി ശൂന്യമായ വീടുകളില്‍ തങ്ങാതെ ചിലര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മടങ്ങിപ്പോയി. അഡയാര്‍, കൂവം നദികളുടെയും തടാകങ്ങളുടെയും തീരങ്ങളിലും ചേരിപ്രദേശങ്ങളിലും ഉള്ളവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍തന്നെ കഴിയുകയാണ്. താംബരത്തും സമീപപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇത്തരം പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം നേതൃത്വം നല്‍കുന്നു.

വെള്ളം ഒഴിഞ്ഞുപോയ തെരുവുകളിലെ ചേറും മാലിന്യവും നീക്കാന്‍ കൂടുതല്‍ ജീവനക്കാരെ കോര്‍പറേഷന്‍ രംഗത്തിറക്കി. മറ്റു ജില്ലകളില്‍നിന്ന് താല്‍ക്കാലിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും കലാപ്രവര്‍ത്തകരുടെയും ആരാധനാലയങ്ങളുടെയും നേതൃത്വത്തില്‍ പ്രളയമേഖലകളില്‍ വ്യാപകമായി ഭക്ഷണവും വെള്ളവും വസ്ത്രവും വിതരണം ചെയ്യുന്നുണ്ട്. സംസ്ഥാനത്തിനകത്തുനിന്നും കേരളം ഉള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ലോഡ് കണക്കിന് അവശ്യവസ്തുക്കള്‍ പ്രളയബാധിത മേഖലകളില്‍ വിതരണം ചെയ്യുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment