കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ട്ടി ഭാരത് ധര്‍മ ജന സേന (ബി.ഡി.ജെ.എസ്) ബി.ജെ.പിയുടെ റിക്രൂട്ടിങ് ഏജന്‍സിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബി.ജെ.പിക്ക് ചെയ്യാന്‍ സാധിക്കാതിരുന്ന കാര്യങ്ങള്‍ വെള്ളാപ്പള്ളിയിലൂടെ ചെയ്യാനാണ് ശ്രമമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ബി.ജെ.പിയുടെ റിക്രൂട്ടിങ് ഏജന്‍സിയായി വെള്ളാപ്പള്ളി മാറിയതായാണ് പാര്‍ട്ടി പ്രഖ്യാപനം കേട്ടപ്പോള്‍ തോന്നിയത്. കേരള നിയമസഭയില്‍ ഇതുവരെ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ബി.ജെ.പിക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ വെള്ളാപ്പള്ളിയിലൂടെ ചെയ്യാനാണ് ശ്രമിക്കുന്നത്.
വിഭാഗീയതക്ക് അതീതമായി ചിന്തിക്കാന്‍ പഠിപ്പിക്കുന്നതാണ് ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍. ശ്രീനാരായണഗുരുവിന്റെ നിലപാടുകളോടും എസ്.എന്‍.ഡി.പി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളോടും കടകവിരുദ്ധമാണ് വെള്ളാപ്പള്ളിയുടെ നിലപാട്. സമൂഹത്തില്‍ വിഭാഗീയതക്ക് ശക്തി കൂട്ടാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയിക്കില്ല. കേരളത്തിന്‍െറ നന്മക്കും സാമൂഹികസമത്വത്തിനും എന്ന വെള്ളാപ്പള്ളിയുടെ വാക്കുകളെ ഇന്ന് ജനം വിശ്വസിക്കുന്നില്ല. ബി.ജെ.പിയുടെ ബി ടീം ആകാനുള്ള ബി.ഡി.ജെ.എസ് ശ്രമം വിജയിക്കില്ല. പുതിയ പാര്‍ട്ടി യു.ഡി.എഫിന് ഭീഷണിയാകില്ല. സ്വന്തം ശക്തിയില്‍ വിശ്വസിക്കുന്നവരാണ് കോണ്‍ഗ്രസും യു.ഡി.എഫുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news