Flash News

ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ കൊണ്ടുവരുന്ന സി.ഡി. ബോംബ് പൊട്ടുമോ?

December 9, 2015 , സ്വന്തം ലേഖകന്‍

saritha-biju-oommen-chandiസോളാര്‍ കമ്മീഷന് മുമ്പില്‍ കൊലക്കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ വ്യാഴാഴ്ച കൊണ്ടുവരുന്ന ലൈംഗികാരോപണ തെളിവിന്റെ ബോംബ് പൊട്ടുമോ? അതോ വെറും നനഞ്ഞ പടക്കമാവുമോ? കേരളത്തിന്റെ കണ്ണും കാതും ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു അപഖ്യാതിയുടെ രഹസ്യമറിയാന്‍ കാത്തിരിക്കുന്നു. ഉന്നതര്‍ക്ക് എതിരെയുള്ള ലൈംഗികാരോപണങ്ങള്‍ കേരളത്തില്‍ പുത്തരിയല്ല. പക്ഷേ നാട് ഭരിക്കുന്ന മുഖ്യമന്ത്രിക്കും രണ്ട് മന്ത്രിമാര്‍ക്കും രണ്ട് യുവനേതാക്കള്‍ക്കും സോളാര്‍ കേസിലെ വിവാദ നായിക സരിത നായരുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും അത് കമ്മീഷന്‍ മുമ്പാകെ ഹാജരാക്കുമെന്നുമായിരുന്നു രാജ്യത്തെ ഞെട്ടിച്ച ബിജുരാധാകൃഷ്ണന്റെ വെല്ലുവിളി. തെളിവുകള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ദിവസമാണ് മണിക്കൂറുകള്‍ പിന്നിട്ടാല്‍ പുലരുക.

ഒട്ടേറെ ഊഹോപോഹങ്ങള്‍, തമിഴ്‌നാട്ടിലെ ജലപ്രളയം കണക്കിന് അലതല്ലുന്നുണ്ട്. ബിജുരാധാകൃഷ്ണന്റെ കയ്യില്‍ തെളിവുകളൊന്നുമില്ലെന്ന് ഒരുപക്ഷം, ചിലതെങ്കിലും കാണുമെന്ന് മറുപക്ഷവും. എന്തുണ്ടായാലും മുഖ്യമന്ത്രിയെ കുടുക്കാനുള്ള വകയൊന്നും ഉണ്ടാവില്ലെന്ന് വിശ്വസിച്ച് മൂന്നാമതൊരുപക്ഷവും. ബിജു പറയുന്നത് കള്ളമാണെന്ന് സരിതയും സസരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനും വ്യക്തമാക്കിയ സാഹചര്യത്തില്‍ ബിജു രാധാകൃഷ്ണന്റെ കയ്യിലെ തെളിവുകളുടെ ഉദ്വേഗത വര്‍ദ്ധിപ്പിക്കുന്നു.

തെളിവുകള്‍ താനൊരു രഹസ്യ കേന്ദ്രത്തില്‍ ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്നും അതെടുത്തുകൊണ്ടുവരാന്‍ സമയം വേണമെന്നുമാവും സോളാര്‍ കമ്മീഷന്‍ മുമ്പാകെ ബിജു ആവശ്യപ്പെടുകയെന്നുമുള്ള സൂചനകള്‍ ചില കേന്ദ്രങ്ങള്‍ നല്‍കുന്നുണ്ട്. അഭിഭാഷകരുടേയും മാധ്യമപ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ ആ തെളിവുകള്‍ എടുത്തുകൊണ്ടുവരാന്‍ സമയവും അവസരവും നല്‍കണമെന്ന് ആവശ്യപ്പെട്ടേയ്ക്കുമത്രേ! അങ്ങനെയാണ് പറയുന്നതെങ്കില്‍ ബിജുവിന്റെ ആരോപണങ്ങള്‍ മിക്കവാറും ചീറ്റിപ്പോകുമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്. മാത്രമല്ല, 15ാം തിയ്യതി സരിത നായര്‍ സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാകുന്നുണ്ട്.

നേരത്തെ തന്റെ കയ്യില്‍ ഉണ്ടെന്ന് അവകാശപ്പെട്ട കത്ത് ഹാജരാക്കാനും സരിതയോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സരിതയെ ക്രോസ് വിസ്താരം നടത്താന്‍ അവസരം നല്‍കണമെന്ന ബിജു രാധാകൃഷ്ണന്റെ അപേക്ഷ കമ്മീഷന്‍ അംഗീകരിക്കുകയും 15 ന് സൗകര്യം നല്‍കാമെന്ന് കമ്മീഷന്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയും തര്‍ക്കവിതര്‍ക്കങ്ങളും ചോദ്യോത്തരങ്ങളും തെളിവെടുപ്പ് ചരിത്രത്തില്‍ നിര്‍ണ്ണായകമാവും.

ബിജുരാധാകൃഷ്ണന്റെ കയ്യിലെ തെളിവുകളുടെ സത്യാവസ്ഥ കമ്മീഷന്‍ സരിതയോട് അന്വേഷിക്കാതിരിക്കില്ല. ഇവരുടെ വിസ്താരം കഴിയുന്നതോടെ കമ്മീഷന് ഒരുപക്ഷേ ബിജു രാധാകൃഷ്ണന്റെ ആരോപണത്തിലെ ഉരുണ്ടുകളികള്‍ ബോധ്യപ്പെട്ടെന്നുവരും. ഈയവസരത്തില്‍ ബിജുരാധാകൃഷ്ണന്‍ മൂന്ന് വര്‍ഷം മുമ്പ് സരിത മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്ന് പറയുന്നതിനെ സംബന്ധിച്ചും ചില വസ്തുതകള്‍ പുറത്തുവന്നിട്ടുണ്ട്.

2012 ഡിസംബര്‍ 27 ന് ഡല്‍ഹിയിലെ കേരള ഹൗസില്‍ വച്ചാണ് സരിത മുഖ്യമന്ത്രിയെ കണ്ടതെന്നാണ് ബിജു രാധാകൃഷ്ണന്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇതുസംബന്ധിച്ച് കേരള ഹൗസ് വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട രേഖകളിലൊന്നില്‍ മുഖ്യമന്ത്രിക്ക് അന്നേ ദിവസം ഡല്‍ഹിയില്‍ പരിപാടികളൊന്നുമുണ്ടായിരുന്നില്ലെന്നും കൂടെ പഴ്‌സണല്‍ സ്റ്റാഫ് ആരും തന്നെ ഇല്ലായിരുന്നുവെന്നും പറയുന്നുണ്ട്. അതേ അവസരത്തില്‍ മറ്റൊരു രേഖയില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വിളിച്ചുചേര്‍ത്ത ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വന്നിരുന്നുവെന്നും പഴ്‌സണല്‍ സെക്രട്ടറി ദിനേശ് ശര്‍മ്മ കൂടെയുണ്ടായിരുന്നുവെന്നും പറയുന്നുണ്ട്. ഇതില്‍ ഏതാണ് ശരിയെന്നതിനെക്കുറിച്ച് ചര്‍ച്ച തുടങ്ങിക്കഴിഞ്ഞുവെങ്കിലും സരിത അന്ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്നുവോ? മുഖ്യമന്ത്രിയെ കണ്ടുവോ? ഇല്ലയോ? എന്നീ കാര്യങ്ങളിലൊക്കെ അവ്യക്തത അവശേഷിക്കുന്നു. സരിത മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നം.

പ്രതിദിനം രാപ്പകല്‍ ഭേദമന്യേ നൂറുകണക്കിന്, ചിലപ്പോള്‍ ആയിരക്കണക്കിന്, ആളുകളെ കാണുകയും കേള്‍ക്കുകയും ചെയ്തില്ലെങ്കില്‍ ഉറക്കം വരാത്ത മുഖ്യമന്ത്രി ഒരു പക്ഷേ ജനക്കൂട്ടത്തില്‍ സരിതയെയും കണ്ടിട്ടുണ്ടാവും. മുഖ്യമന്ത്രിക്ക് പിന്നില്‍ ഒരു കടലാസും പൊക്കിപ്പിടിച്ചുനില്‍ക്കുന്ന സരിതയുടെ ചിത്രം കുറച്ചുനാളുകള്‍ക്ക് മുമ്പ് മാധ്യമങ്ങളില്‍ വന്നിട്ടുമുണ്ട്. ഇതുകൊണ്ടൊക്കെ ബിജുരാധാകൃഷ്ണന്‍ ഉന്നയിക്കുന്ന ലൈംഗികാരോപണത്തിന് തെളിവാകുകയുമില്ല. ഒരാള്‍ പറയുന്നത് കേള്‍ക്കുകയോ സംസാരിക്കുകയോ നിവേദനം സ്വീകരിക്കുകയോ വേദി പങ്കിടുകയോ ചെയ്യുന്നത് പോലെയല്ലല്ലോ ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക ബന്ധം.

ഉമ്മന്‍ചാണ്ടിയെപ്പോലെ ഏതുനേരത്തും അനുയായികളാല്‍ വലയം ചെയ്യപ്പെട്ട ഒരു നേതാവ് ഇന്ന് കേരളത്തില്‍ വേറെയില്ല. അങ്ങനെ ഒരാള്‍ക്കെതിരെ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു തട്ടിപ്പ് വീരന് വൃത്തികെട്ട ആരോപണം ഉന്നയിക്കാനും തെളിവ് ഹാജരാക്കാനും എങ്ങനെ സാധിക്കുമെന്നാവും രാഷ്ട്രീയ തിമിരം ബാധിക്കാത്തവരുടെ പക്ഷം. പക്ഷേ, നമുക്ക് കമ്മീഷന് മുമ്പില്‍ ബിജുവിന്റെ വരവിനായി കാത്തിരിക്കാം. ഹാജരാക്കുന്ന തെളിവിനും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top