കാമ്പസുകളിലെ രാഷ്ട്രീയ നിരോധനത്തിന് പകരമത്തെിയത് വര്‍ഗീയ ഫാസിസം -സുധീരന്‍

sudheeranതിരുവനന്തപുരം: കാമ്പസുകളില്‍ രാഷ്ട്രീയം നിരോധിച്ചപ്പോള്‍ പകരമത്തെിയത് വര്‍ഗീയ ഫാസിസവും മയക്കുമരുന്ന് സംസ്കാരവുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. ഇതിന് പിന്നില്‍ കച്ചവട താല്‍പര്യമുണ്ടോയെന്ന് സമൂഹം ചര്‍ച്ച ചെയ്യണം. ആരോഗ്യകരമായ രാഷ്ട്രീയം കാമ്പസുകളില്‍ അനിവാര്യമാണ്. ലഹരിയുടെ സ്വാധീനം യുവതലമുറയുടെ ജീവിതത്തെയും സര്‍ഗാത്മകതയെയും വഴിതിരിച്ചു വിടുന്നത് ഗൗരവമായി കാണണം. അന്തര്‍ദേശീയതലത്തില്‍ തന്നെ ലഹരി ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ യുവജന കൂട്ടായ്മ ഇയര്‍ 2015നോട് അനുബന്ധിച്ച് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ‘സകര്‍മ’ യുവരാഷ്ട്രീയ നേതൃത്വ പരിശീലന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.

പ്രതിസന്ധികള്‍ തരണം ചെയ്ത് ഇച്ഛാശക്തിയോടെ ചൂഷണരഹിതമായ സമൂഹം കെട്ടിപ്പടുക്കാന്‍ യുവാക്കള്‍ക്ക് കഴിയണം. യുവശക്തിയെ സമൂഹ നന്മക്കായി ഉപയോഗിക്കണം. പരിവര്‍ത്തനം ആഗ്രഹിക്കുന്നവരാണ് യുവാക്കള്‍. ഇവര്‍ എന്നും തിരുത്തല്‍ ശക്തികളാണ്. രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ യുവാക്കളുടെ പങ്കാണ് പ്രധാനം. മൂല്യങ്ങള്‍ക്ക് നിരക്കാത്ത ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും നീതി നിഷേധിക്കപ്പെടുന്നവര്‍ക്കുവേണ്ടി ശബ്ദിക്കാനും യുവമനസ്സുകള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ യുവതലമുറയുടെ സര്‍ഗാത്മകതയെയും വ്യക്തിത്വ വികസനത്തെയും സ്വാധീനിക്കുന്നതായി മുന്‍ നിയമസഭാ സ്പീക്കര്‍ എം. വിജയകുമാര്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment