Flash News

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയും പത്രപ്രവര്‍ത്തനവും

December 10, 2015 , ജോസഫ് പടന്നമാക്കല്‍

swadesabhimaniPadannamakkal photoകഴിഞ്ഞ നൂറ്റാണ്ടില്‍, 1878 മുതല്‍ മുപ്പത്തിയെട്ടു വയസ്സുവരെ മാത്രം ഹൃസ്വകാലം ജീവിച്ച രാമകൃഷ്ണ പിള്ള അനേക പത്രങ്ങളുടെയും വരാന്ത്യ പതിപ്പുകളുടെയും എഡിറ്ററായിരുന്നു. അമൂല്യങ്ങളായ സാംസ്ക്കാരിക രാഷ്ട്രീയ പുരോഗമനാശയങ്ങള്‍ വഞ്ചിഭൂമിയ്ക്കു സംഭാവന നല്കിക്കൊണ്ട് ധന്യമായ ജീവിച്ച ആ മഹാന്‍ ഇന്ന് ചരിത്രവിദ്യാര്‍ത്ഥികളുടെ ആരാധനപാത്രമായി മാറിയിരിക്കുന്നു. 1906 ജനുവരി മുതല്‍ 1910 വരെ അദ്ദേഹം എഡിറ്റ് ചെയ്ത സ്വദേശാഭിമാനി പത്രമാണ്­ ചരിത്രത്തിലെ സ്മാരകമായി ഇന്നും നിലകൊള്ളുന്നത്. അദ്ദേഹം, മറ്റേതു ഭാരതീയ ഭാഷകള്‍ക്കു മുമ്പേ കാറല്‍ മാര്‍ക്‌സിന്റെ ജീവചരിത്രം എഴുതിചരിത്രം കുറിച്ചു. ജീവിത സൌഭാഗ്യങ്ങള്‍ കൈവിട്ടുപോകുമെന്നു ഭയന്ന അധികാരവര്‍ഗത്തിനു പിള്ളയെന്ന പത്രാധിപര്‍ അന്നൊരു പേടി സ്വപ്നമായിരുന്നു.

കമ്മ്യൂണിസം കേരള മണ്ണിലടിയുറയ്ക്കും മുമ്പ് നാടിന്റെ പുരോഗതിയ്ക്കായുള്ള സമത്വ സുന്ദരമായ ആശയങ്ങള്‍ ആദ്യമായി പ്രചരിപ്പിച്ചതും പിള്ളയായിരുന്നു. “രാജ്യത്തിന്റെ മുതല്‍ വര്‍ദ്ധന പാവപ്പെട്ട തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രയത്‌ന ഫലമായിട്ടും അവന്റെ കഷ്ടിയുള്ള ജീവിത വൃത്തിയ്ക്കു ലഭിക്കുന്ന കൂലിയല്ലാതെ ബാക്കിയുള്ളത് മുഴുവനും മുതല്‍ മുടക്കുന്ന മുതലാളിമാരുടെ കൈകളില്‍ ചെന്നു ചേരുന്നു. മതാചാര്യന്മാരും മാടമ്പി പ്രഭുക്കന്മാരും ആഡംബരത്തില്‍ ജീവിക്കുന്നത് പാവപ്പെട്ട തൊഴിലാളികളുടെ പ്രയത്‌നത്തെ ചൂഷണം ചെയ്താണ്.” കാറല്‍ മാര്ക്‌സിന്റെ ഈ സിദ്ധാന്തത്തെ ആദ്യമായി മലയാളിയ്ക്ക് പരിചയപ്പെടുത്തി കൊടുത്തത് രാമ കൃഷ്ണ പിള്ളയായിരുന്നു. മഹാത്മാ ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയും ലേഖങ്ങള്‍ എഴുതിയിരുന്നു.

rama1878 മെയ് ഇരുപത്തിയഞ്ചാം തിയതി നരസിംഹ പോറ്റിയുടെയും ചക്കിയമ്മയുടെയും ഇളയ മകനായി കെ. രാമ കൃഷ്ണ പിള്ള ജനിച്ചു. ബ്രഹ്മശ്രീ നരസിംഹ പോറ്റി തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ അക്കാലത്ത് അമ്പല പൂജാരിയായിരുന്നു. നെയ്യാറ്റിന്‍ കരയിലുള്ള അത്തിയന്നൂര്‍ എന്ന സ്ഥലത്തുള്ള തെക്കേകോട് വീട്ടിലാണ് രാമകൃഷ്ണ പിള്ള വളര്‍ന്നത്­. കുടുംബത്തിലെ ഒരു പൂര്‍വിക കാരണവര്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിനെ രാജാവാകുന്നതിനു മുമ്പ് സേവിച്ചിരുന്നു. യുവ മാര്‍ത്താണ്ഡ വര്‍മ്മ ശത്രുക്കള്‍ക്കെതിരെ പടപൊരുതിയിരുന്ന നാളില്‍ സഹായിച്ചതുകൊണ്ട് അദ്ദേഹം രാജാവായപ്പോള്‍ പാരിതോഷികമായി അമ്പതേക്കര്‍ പുരയിടവും ഒരു കൊട്ടാരവും കരംതിരിവായി നല്കിയിരുന്നു. കൂടാതെ പല വിധ രാജാവകാശങ്ങളും നല്കി ആ കുടുംബത്തെ ബഹുമാനിച്ചു. അതേ കുടുംബത്തിലാണ് നൂറു വര്‍ഷങ്ങള്‍ക്കു ശേഷം രാമകൃഷ്ണ പിള്ള ജനിച്ചത്. മരുമക്കത്തായം നില നിന്നിരുന്ന കാലഘട്ടത്തില്‍ രാമകൃഷ്ണ പിള്ള വളര്‍ന്നത് തന്റെ മാതുലനായ കേശവപിള്ള വക്കീലിനൊപ്പമായിരുന്നു. 1887­ല്‍ മലയാളം സ്കൂളില്‍ ചേര്‍ന്നു. അവിടുത്തെ ആദ്യത്തെ അദ്ധ്യാപകന്‍ കാട്ടുപ്പന നാഗനാഥയ്യരായിരുന്നു. 1887­ല്‍ നെയ്യാറ്റിന്‍ കര ഇംഗ്ലീഷ് സ്കൂളില്‍ ചേര്‍ന്നു.അവിടെ വെലുപിള്ള പ്രധാന അദ്ധ്യാപകനും കേശപിള്ള രണ്ടാം അദ്ധ്യാപകനുമായിരുന്നു. 1892­ല്‍ അദ്ദേഹം ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി തിരുവനന്തപുരം രാജകീയ പാഠശാലയില്‍ ചേര്‍ന്നു. അവിടെനിന്നാണ് പുസ്തക പാരായണവും പത്രങ്ങളും വായനകള്‍ തുടങ്ങിയത്. പുതിയ പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിലും കൂട്ടുകാരെ സമ്പാദിക്കുന്നതിലും ‘പിള്ള’ തല്പ്പരനായിരുന്നു. സ്കൂളില്‍ ഒരു നാണം കുണുങ്ങിയും ശാന്തനുമായിരുന്നു. പതിനാലു വയസുള്ളപ്പോള്‍ മെട്രിക്കുലേഷന്‍ പാസ്സായി.

എഫ്.എ യ്ക്ക് പഠിയ്ക്കുന്ന കാലത്തും വര്‍ത്തമാന പത്രങ്ങളോട് എന്നും ഒരു കമ്പമായിരുന്നു. തിരുവിതാംകൂര്‍, മലബാര്‍ , കൊച്ചി എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പത്രങ്ങളും തന്നെ അദ്ദേഹം വായിക്കുമായിരുന്നു. ലേഖനങ്ങളെഴുതാന്‍ തുടങ്ങിയതും ആ കാലഘട്ടത്തിലാണ്. അന്നത്തെ പേരുകേട്ട സാഹിത്യകാരുമായി വലിയ സൗഹര്‍ദ്ദത്തിലുമായിരുന്നു. കേരള വര്‍മ്മ വലിയ കോയി തമ്പുരാന്‍, എ ആര്‍ രാജ രാജ വര്‍മ്മ, ഉള്ളൂര്‍ പരമേശ്വരയ്യര്‍, കണ്ടത്തില്‍ വര്‍ഗീസ്­ മാപ്പിള എന്നിവരുമായി വലിയ അടുപ്പമായിരുന്നു. പത്രഭ്രമം കൂടി പഠന കാര്യങ്ങളില്‍ താല്‍പര്യമില്ലാതായി. അതുമൂലം അദ്ദേഹത്തിന്‍റെ അമ്മാവന്റെയും കുടുംബത്തിന്റെയും അപ്രീതി സമ്പാദിക്കേണ്ടി വന്നു. 1898­ല്‍ എഫ് എ പരീക്ഷ പാസ്സായി. ബി. എസ്. സി. യ്ക്ക് മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ ചേരാന്‍ പദ്ധതിയിട്ടെങ്കിലും അമ്മാവന്റെ നിര്‍ബന്ധപ്രകാരം ബി.എ യ്ക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ചേരുകയാണുണ്ടായത്.

rama5അക്കാലത്ത് രാമകൃഷ്ണ പിള്ളയ്ക്കും പത്ര പ്രവര്‍ത്തനത്തില്‍ താല്പര്യമുള്ള അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്കും തിരുവിതാംകൂറില്‍ നിന്ന് ഒരു പത്രം തുടങ്ങണമെന്ന് ആഗ്രഹമുണ്ടായി. 1900­ല്‍ കേരള ദര്‍പ്പണമെന്നും വഞ്ചി വിഭൂജിക എന്നും പേരുകളില്‍ രണ്ടു പത്രങ്ങള്‍ അവരുടെ സഹകരണങ്ങളോടെ തുടങ്ങി. അതില്‍ കേരള ദര്‍പ്പണത്തിന്റെ എഡിറ്റര്‍ ചുമതല രാമകൃഷ്ണ പിള്ള വഹിക്കണമെന്നു അദ്ദേഹത്തിന്‍റെ കൂട്ടുകാരും അഭ്യുദയകാംക്ഷികളും നിര്‍ബന്ധിക്കാന്‍ തുടങ്ങി. അമ്മാവന്‍ കേശവ പിള്ളയുമായി അഭിപ്രായ വിത്യാസം ഉണ്ടായതിനാല്‍ പിള്ളയ്ക്ക് അദ്ദേഹത്തിന്‍റെ ഭവനത്തില്‍ നിന്നും മാറി താമസിക്കേണ്ടി വന്നു. നിലനില്പ്പിനായി ഒരു ജോലിയും അന്വേഷിക്കേണ്ടി വന്നു. സാമ്പത്തിക ബുദ്ധിമുട്ടു കാരണം ബി എ യ്ക്ക് പഠിക്കാനും പത്രത്തിന്റെ എഡിറ്റര്‍ ജോലി നടത്താനും നന്നേ കഷ്ടപ്പെട്ടു. ബി എ മലയാളം ഒന്നാം റാങ്കില്‍ പാസ്സായി. ഏറ്റവും നല്ല അക്കാദമിക്ക് നിലവാരത്തിനു കേരള വര്‍മ്മ പുരസ്ക്കാരവും ലഭിച്ചു.

തലമുറകളായി നിലനിന്നിരുന്ന ഹിന്ദു സമുദായത്തിലെ അനാചാരങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെ അദ്ദേഹം എഴുതി. വാക്കുകളെക്കാളും പ്രവര്‍ത്തികളില്‍ വിശ്വസിച്ചു. ജാതി വ്യവസ്ഥ സമൂഹത്തില്‍ തീരാശാപമായിരുന്ന കാലത്തില്‍, തന്നെക്കാളും താണ ജാതിയിലുള്ള ഒരു നായര്‍ സ്ത്രീയെ വിവാഹം കഴിച്ചതും വലിയ ഒച്ചപ്പാടിനു കാരണമായി. തിരുവനന്തപുരം ജില്ലയിലുള്ള പാലിക്കുളങ്ങര തൂപ്പൂവീട്ടില്‍ നാണിക്കുട്ടിയമ്മയായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യത്തെ ഭാര്യ. അവരെ 1901­ല്‍ വിവാഹം കഴിച്ചു. ഏതായാലും ആ വൈവാഹിക ജീവിതം അധികകാലം നീണ്ടു നിന്നില്ല. പിള്ളയുടെ ജീവിതത്തില്‍ ശോകമയം പകര്‍ത്തികൊണ്ട് തന്റെ പ്രിയപ്പെട്ട ഭാര്യ അധികം താമസിയാതെ 1904­ല്‍ മരിച്ചുപോയി. നാണിക്കുട്ടിയമ്മ, കേരള ദര്‍പ്പണം പത്രത്തിന്റെ ഉടമസ്ഥനായിരുന്ന പരമേശ്വര പിള്ളയുടെ ബന്ധുവായിരുന്നു. പിന്നീട് ബന്ധുക്കളുടെ സമ്മര്‍ദത്തോടെ തന്റെ സാഹിത്യ യാത്രയിലെ സഖിയായിരുന്ന വഞ്ചിയൂര്‍ കുളിവിളാകത്ത് കല്യാണിയമ്മയെ വിവാഹം ചെയ്തു.

1901­ല്‍ കേരള ദര്‍പ്പണവും വഞ്ചി വിഭൂജികയും യോജിച്ച് ശ്രീ മാര്‍ത്താണ്ഡ തമ്പിയുടെ നേതൃത്വത്തില്‍ കേരള പഞ്ചിക (ഗലൃമഹമ ുമിഷവശസമ) പത്രം തുടങ്ങി. 1901 മുതല്‍ 1903 വരെ രാമകൃഷ്ണ പിള്ള ആ പത്രത്തിന്റെ എഡിറ്ററായി തുടര്‍ന്നു. പത്രാധിപ ധര്‍മ്മത്തോടൊപ്പം കേരള ജനതയുടെ സാമൂഹിക വശങ്ങളെ പഠിക്കാന്‍ അദ്ദേഹം നാടാകെ യാത്ര ചെയ്തിരുന്നു. കേരള പഞ്ചിക പത്രത്തില്‍നിന്നു 1903 ഫെബ്രുവരിയില്‍ അദ്ദേഹം രാജി വെച്ചു. നസ്രാണി ദീപികയിലും മലയാളി പത്രങ്ങളിലും പിന്നീട് എഴുതിക്കൊണ്ടിരുന്നു. മലയാളീ പത്രത്തിന്റെ എഡിറ്ററായി ജോലി സ്വീകരിച്ച് 1904­ല്‍ കൊല്ലത്ത് താമസമാക്കി. തിരുവിതാംകൂറിലെ പൌരന്മാരുടെ അവകാശങ്ങളെയും കടമകളെയുംപ്പറ്റി അക്കാലത്ത് അദ്ദേഹം പത്രങ്ങളില്‍ മുഖ പ്രസംഗങ്ങള്‍ എഴുതി. പൊതു സമ്മേളനങ്ങളില്‍ സാമൂഹിക തിന്മകളെ അപലപിച്ച് പ്രസംഗിക്കുമായിരുന്നു.

rama6സമൂഹത്തില്‍ അന്നു നിലവിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും രാമകൃഷ്ണ പിള്ള ആരുടേയും മുഖം നോക്കാതെ എതിര്‍ത്തിരുന്നു. ജീവനെപ്പോലും പണയപ്പെടുത്തി തന്റെ ആശയങ്ങളെ സമൂഹ മദ്ധ്യത്തില്‍ പ്രചരിപ്പിച്ചു. ‘ അരജനെ കെടുത്തി ഒരു വാക്കും പറഞ്ഞുകൂടാ” എന്ന ആപ്തവാക്യം പ്രചരണത്തിലിരുന്ന കാലഘട്ടത്തിലാണ് ‘പിള്ള’ തന്റെ ശക്തിയേറിയ തൂലികകൊണ്ട് വിപ്ലവ കൊടുങ്കാറ്റ് അക്കാലത്തു തൊടുത്തു വിട്ടത്. അദ്ദേഹവും സ്വന്തം കുടുംബവും അതിനു വലിയ വില കൊടുക്കേണ്ടി വന്നു. ഈ കാലഘട്ടത്തില്‍ ‘പിള്ള’ മലയാളിയുടെയും കേരളപത്രികയുടെയും പത്രാധിപരായിരുന്നു. അതിനു ശേഷം ‘കേരളന്‍’ എന്ന പേരില്‍ സ്വന്തമായി മാസിക തുടങ്ങി. അദ്ദേഹത്തിന്‍റെ ‘കേരളന്‍’ വഴിയുള്ള ഉഗ്രമായ വിമര്‍ശനങ്ങള്‍ അന്നത്തെ അഴിമതി വീരന്മാരായ രാജകീയ ഉദ്യോഗസ്ഥരെ കുപിതരാക്കിയിരുന്നു. ചുറ്റും ശത്രു വലയം സൃഷ്ടിക്കുകയും ചെയ്തു. ഏതായാലും അധികകാലം ആ മാസിക നീണ്ടു നിന്നില്ല. മാസിക നിര്‍ത്തല്‍ ചെയ്തതിനുശേഷം തത്ത്വ ശാസ്ത്രത്തില്‍ ബി.എ ഡിഗ്രി യ്ക്ക് പഠിക്കാന്‍ അദ്ദേഹം മദ്രാസിലേയ്ക്ക് താമസം മാറ്റി.

അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ പുതിയ പുതുമകളോടെ ചരിത്രകുതുകികളായ മലയാളി മനസ്സുകളില്‍ തലമുറകളായി കടന്നു പോവുന്നു. സംഭവ ബഹുലമായ ആ കാലഘട്ടങ്ങള്‍ക്ക് സാക്ഷിയായി പന്ത്രണ്ടു വര്‍ഷത്തോളം ഒത്തൊരുമിച്ച് അദ്ദേഹത്തിന്‍റെ ഭാര്യ കല്യാണിയമ്മ ജീവിച്ചു. വൈകാരികവും ബൌദ്ധികവുമായി ഒന്നിച്ചു ജീവിച്ച ആ കാലഘട്ടത്തെ വിവരിച്ചുകൊണ്ട് അവര്‍ എഴുതിയ ‘വ്യാഴ വട്ട സ്മരണകള്‍’ ഇന്ന് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വില തീരാത്ത ഒരു അമൂല്യ പുസ്തകമാണ്. രാമകൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. മലയാളക്കരയിലുണ്ടായ ഒരു സാംസ്ക്കാരിക പരിവര്‍ത്തനത്തിന്റെ കാലഘട്ടമായി കല്യാണിയമ്മയുടെ വ്യാഴവട്ട സ്മരണകളെ കണക്കിലാക്കാം.

1884 ഫെബ്രുവരി ഇരുപത്തിരണ്ടാം തിയതി തിരുവനന്തപുരത്തുള്ള കുതിരവട്ടത്തു കുഴിവിലാക്കാത്ത് വീട്ടിലാണ് കല്യാണിയമ്മ ജനിച്ചത്­. സുബ്രഹ്മണ്യം പോറ്റിയും ഭഗവതിയമ്മയുമായിരുന്നു അവരുടെ മാതാപിതാക്കള്‍. ഒരു പാരമ്പര്യ കുടുംബത്തില്‍ വളര്‍ന്ന അവര്‍ 1905­ല്‍ രാമകൃഷ്ണ പിള്ളയെ വിവാഹം ചെയ്തു. വിവാഹത്തിനു മുമ്പ് സാഹിത്യ വാസനയുണ്ടായിരുന്ന ഇരുവരും കൂടുതലും സാഹിത്യപരമായ വിഷയങ്ങള്‍ പരസ്പരം കത്തില്‍ കൂടി കൈമാറുമായിരുന്നു. പരസ്പരം ചര്‍ച്ചകളും നടത്തുമായിരുന്നു. സാമൂഹിക പരിഷ്ക്കാരങ്ങള്‍ക്കായി പേനാ ചലിപ്പിച്ചിരുന്ന അവരുടെ ജീവിതം കൂടുതലും പ്രശ്‌ന സങ്കീര്‍ണ്ണങ്ങളായിരുന്നു. രാമകൃഷ്ണ പിള്ളയുടെ സാമൂഹിക വിപ്ലവത്തിന് അവര്‍ എല്ലാ പിന്തുണയും നല്കിയിരുന്നു. മാറ്റങ്ങള്‍ സമൂഹത്തില്‍ വന്നില്ലെങ്കില്‍, വക്ര ബുദ്ധികളായ അധികാരികളുടെ അഴിമതികളെ ഉന്മൂലനം ചെയ്തില്ലെങ്കില്‍ രാജ്യം പുരോഗമിക്കുകയില്ലായെന്ന ചിന്തകളായിരുന്നു അവര്‍ ഇരുവരിലുമുണ്ടായിരുന്നത്.

rama3പുരുഷമേധാവിത്വം നിറഞ്ഞിരിക്കുന്ന എഴുത്തു ലോകത്തില്‍ സ്ത്രീയെഴുത്തുകാരെ ഉയരുവാന്‍ സാധാരണ അനുവദിക്കില്ല. ബി കല്യാണിയമ്മയുടെ ഭര്‍ത്താവിനെക്കുറിച്ചെഴുതിയ ‘വ്യാഴ വട്ട സ്മരണകള്‍’ ഇന്ന് ക്ലാസ്സിക്കല്‍ ബുക്കുകളില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ആദ്യകാലത്ത് സ്ത്രീകളുടെ ഇത്തരം കൃതികളെ വിധവയുടെ വിലാപം’, ‘പെണ്ണെഴുത്ത്’ എന്നീ പദങ്ങള്‍ കൊണ്ട് പുരുഷന്മാരായവര്‍ പരിഹസിക്കുമായിരുന്നു. വ്യാഴവട്ട സ്മരണകള്‍’ എഴുതി നൂറു വര്‍ഷങ്ങളായിട്ടും ആ കൊച്ചു പുസ്തകം ഗവേഷകരുടെ ഗ്രന്ഥപ്പുരകളിലും ചിന്തകരുടെ മനസിനുള്ളിലും കാലങ്ങളെ അതിജീവിച്ചും സ്ഥാനം പിടിച്ചുകഴിഞ്ഞു. കാരണം, മനുഷ്യ മനസുകളെ ഇളക്കി, കേരളത്തിന്റെ സാമൂഹിക വ്യവസ്ഥകളെ തകിടം മറിച്ചുകൊണ്ട് ഒരു വ്യാഴവട്ട കാലത്തിലെ വൈകാരിക സ്മരണകളാണ് സ്‌പോടനാത്മകാം വിധം ആ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്.

കല്യാണിയമ്മ മറ്റനേക പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്രി കൂടിയാണ്. ഓര്‍മ്മയില്‍ നിന്ന്, മഹതികള്‍, താമരശേരി, കര്‍മ്മ ഫലം, വീട്ടിലും പുറത്തും ആരോഗ്യ ശാസ്ത്രം, ആരോഗ്യ ശാസ്ത്രവും ഗ്രഹഭരണവും, അങ്ങനെ അനേക പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ശ്രീ രാമന്‍ വനവാസത്തില്‍ പോയപ്പോള്‍ സീത പിന്തുടര്‍ന്ന പോലെ സ്വന്തം ഭര്‍ത്താവിന്റെ സുഖ ദുഖങ്ങളിലും നാടുകടത്തല്‍ വാസസ്ഥലങ്ങളിലും കല്യാണിയമ്മയും ഒപ്പമുണ്ടായിരുന്നു. 1979­ ല്‍ പിള്ളയുടെയും കല്യാണിയമ്മയുടെയും മകള്‍ ഗോമതിയമ്മ എഴുതിയ ‘ധന്യമായി ഞാന്‍’ എന്ന പുസ്തകത്തിലും പിള്ളയുടെ വൈകാരികത നിറഞ്ഞ സംഭവ ബഹുലമായ ജീവിതത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്.

1905 ജനുവരി പത്തൊമ്പതാം തിയതി ‘വൈക്കം മൗലവി’ എന്നറിയപ്പെട്ടിരുന്ന പ്രസിദ്ധനായ സ്വാതന്ത്ര്യ സമര സേനാനി ‘വൈക്കം മുഹമ്മദ്­ അബ്ദുല്‍ ഖാദര്‍’ ഒരു ആഴ്ച്ചപ്പതിപ്പ് തുടങ്ങിയിരുന്നു. തിരുവിതാം കൂര്‍ സര്‍ക്കാരിന്റെ അഴിമതികളെ തുറന്നു കാണിച്ചുകൊണ്ട് മൌലവിയുടെ പത്രം ദിനംപ്രതി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. അന്നത്തെ കാലത്ത് ലഭിക്കാവുന്ന നവീകരണമായ ഒരു അച്ചടി യന്ത്രം അദ്ദേഹം ഇംഗ്ലണ്ടില്‍ നിന്നു വരുത്തി. ശ്രീ രാമകൃഷ്ണ പിള്ള പത്രത്തിന്റെ പത്രാധിപരാകുന്നതിനു മുമ്പ് സി.പി. ഗോവിന്ദ പിള്ള പത്രത്തിന്റെ ചുമതലകള്‍ വഹിച്ചിരുന്നു. സ്വന്തമായി തുടങ്ങിയ സ്വദേശാഭിമാനി പത്രം നടത്താന്‍ ‘മൗലവി’ ധീരനായ ഒരു പത്രാധിപരെ തേടിയിരുന്നു. ഒടുവില്‍ രാമകൃഷ്ണ പിള്ളയെ കണ്ടുമുട്ടുകയും മുഖ്യ പത്രാധിപരായി നിയമിക്കുകയും ചെയ്തു. 1906 ജനുവരിയില്‍ പത്രത്തിന്റെ പത്രാധിപര്‍ സ്ഥാനം വഹിക്കാന്‍ രാമകൃഷ്ണ പിള്ളയും കുടുംബവും പത്ര ഓഫീസ് സ്ഥിതി ചെയ്തിരുന്ന വൈക്കം താലൂക്കിലുള്ള ചിറയിങ്കലിലേയ്ക്ക് താമസം മാറ്റി.

rama7അക്കാലങ്ങളില്‍ മുമ്പുള്ള പത്രാധിപ സമിതികളില്‍ രാമകൃഷ്ണ പിള്ള ചുമതലകള്‍ വഹിച്ചിരുന്നപ്പോള്‍ ­ സ്വന്തമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. അതില്‍ അദ്ദേഹം നിരാശനായിരുന്നു. ചില പ്രസിദ്ധീകരണങ്ങള്‍ നിന്ന് പോവുകയും മറ്റു ചില പ്രസിദ്ധീകരണങ്ങളില്‍ നിന്ന് അഭിപ്രായ വിത്യാസങ്ങള്‍ മൂലം പിരിഞ്ഞു പോവുകയും ചെയ്തിരുന്നു. സാമൂഹിക മാറ്റങ്ങളിലും രാഷ്ട്രീയ തത്ത്വ സംഹിതകളിലും വിദ്യാഭ്യാസ പരിചിന്തനങ്ങളിലും പരിഷ്ക്കാരങ്ങളിലും അദ്ദേഹത്തിന്റേതായ ചിന്താഗതികളും അഭിപ്രായങ്ങളും ആദര്‍ശങ്ങളുമുണ്ടായിരുന്നു. രാജാവിനെ പിന്താങ്ങിക്കൊണ്ട്, സ്‌തോത്ര ഗീതങ്ങള്‍ പാടിക്കൊണ്ടുള്ള സ്വതന്ത്രമായ അഭിപ്രായങ്ങള്‍ രേഖപെടുത്താത്ത പത്രങ്ങളും വാര്‍ത്താ മീഡിയാകളുമായിരുന്നു അക്കാലത്തുണ്ടായിരുന്നത്.

വൈക്കം മൌലവിയുടെ ദേശസ്‌നേഹവും പാണ്ഡിത്യവും പിള്ളയെ അഗാധമായി ആകര്‍ഷിച്ചിരുന്നു. അവര്‍ തമ്മില്‍ ഒരേ ആശയങ്ങള്‍ക്കായി പൊരുതുന്ന വലിയ സുഹൃത്തുകളായി മാറി. രണ്ടു പേരും ഒരു പോലെ പത്രത്തിന്റെ വളര്‍ച്ചക്കായി കഠിനാധ്വാനം ചെയ്തു. ആഴ്ചപതിപ്പ് പിന്നീട് ആഴ്ചയില്‍ മൂന്നു ദിവസം പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ശത്രുക്കളെയും അവരുടെ ഭീഷണികളെയും ഇരുവരും വക വെക്കാതെ സത്യധര്‍മ്മങ്ങളില്‍ അധിഷ്ടിതമായ പത്രപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഒന്നും രണ്ടും ഭാഗങ്ങളായി എഴുതിയ ‘പാറപ്പുറം’ എന്ന ഗദ്യ കാവ്യവും അക്കാലത്ത് വലിയ ഒച്ച പ്പാടുകള്‍ സൃഷ്ടിച്ചു.
1907­ ജൂലൈ മാസത്തില്‍ രാമകൃഷ്ണ പിള്ളയും കുടുംബവും വൈക്കത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് താമസമാക്കി. സ്വദേശാഭിമാനി പത്രവും അച്ചുകൂടവും അതോടൊപ്പം തിരുവനന്തപുരത്തു സ്ഥാപിച്ചു. പിള്ള തിരുവനന്തപുരത്തു നിയമ പഠനവും തുടങ്ങി. ‘വനിതാ’യെന്ന മാസികയും ആരംഭിച്ചു. രാജാവിനെയും പ്രഭുക്കളെയും അവരുടെ ദുഷ്ടപ്രവര്‍ത്തികളെയും വിമര്‍ശിച്ചുകൊണ്ടിരുന്നതിനാല്‍ പിള്ള അധികാരികളുടെ നോട്ടപ്പുള്ളിയുമായി. രാജ്യം ഭരിച്ചിരുന്ന ദിവാനെവരെ പ്രതിക്കൂട്ടില്‍ കൊണ്ടുവന്ന് രാജ്യത്തിലെ അഴിമതികള്‍ ഓരോന്നായി സ്വദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. വൈക്കം മൗലവി, പത്രത്തിന്റെ ഉടമയായിരുന്നെങ്കിലും രാമകൃഷ്ണ പിള്ളയ്ക്ക് സ്വതന്ത്രമായ തീരുമാനങ്ങളനുസരിച്ചു പത്രം നടത്തുവാന്‍ എല്ലാവിധ അവകാശങ്ങളും അധികാരങ്ങളും നല്കിയിയിരുന്നു. പണപരമായ ബാധ്യതകള്‍ മുഴുവന്‍ വഹിച്ചിരുന്നത് മൌലവിയും.

വ്യത്യസ്ത ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന പത്രങ്ങളിലും അദ്ദേഹം എഡിറ്റിംഗ് ജോലി ചെയ്തിരുന്നു. ‘ഉപാധ്യായന്‍’ മാസികയില്‍ വിദ്യാഭ്യാസ പരമായ വിഷയങ്ങളായിരുന്നു കൂടുതലായും പ്രസിദ്ധീകരിച്ചിരുന്നത്. അതേ സമയം ‘കേരള ദര്‍പ്പണത്തില്‍’ പൊതു ജനങ്ങള്‍ക്കു താല്‍പ്പര്യമുള്ള വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള എഡിറ്റിംഗ് ജോലി ചെയ്തിരുന്നു. മൌലവിയുടെ സ്വദേശഭിമാനിയില്‍ കൂടുതലും രാഷ്ട്രീയ സാമൂഹിക വശങ്ങളെ സംബന്ധിച്ച ലേഖനങ്ങളും വാര്‍ത്തകളുമായിരുന്നുണ്ടായിരുന്നത്. സ്വദേശാശിഭിമാനി പത്രത്തില്‍ ആദ്യത്തെ പേജില്‍ എഴുതിയിരുന്നത് ഭയരഹിതമായി സത്യത്തിലടിയുറച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയെന്നതു പത്രത്തിന്റെ ധര്‍മ്മവും ലക്ഷ്യങ്ങളും നയങ്ങളുമെന്നാ’യിരുന്നു. പത്രത്തിനുണ്ടായിരുന്ന മൂല്യങ്ങളെ, അടിസ്ഥാന തത്ത്വങ്ങളെ അവസാന ദിവസം വരെ കാത്തു സൂക്ഷിക്കുകയും ചെയ്തു. ജനവികാരങ്ങളെ ഇളക്കത്തക്കവണ്ണം ശക്തമായ ആശയങ്ങള്‍ നിറഞ്ഞ സ്വദേശാഭിമാനി പത്രത്തില്‍ ആവേശഭരിതരായി അനേക ജനവിഭാഗങ്ങളും സാമൂഹിക സംഘടനകളും രൂപമെടുത്തു. ജനങ്ങളില്‍ ഒരു നവോധ്വാനത്തിന്റെതായ ചൈതന്യം സ്വദേശാഭിമാനി പത്രത്തിനു വാര്‍ത്തെടുക്കാന്‍ സാധിച്ചു. ജനത്തിനു പൊതുവായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടും സ്വതന്ത്ര ചിന്താഗതികളും സൃഷ്ടിക്കാന്‍ സാധിച്ചു. നമ്പൂതിരി സമുദായത്തിന്റെ ദുരാചാരങ്ങളും ശ്രീ നാരായണ ഗുരു ചൈതന്യവും സ്വദേശാഭിമാനി പത്രത്തില്‍ പ്രതിഫലിച്ചിരുന്നു. പിന്നീട് സ്വദേശാഭിമാനി പത്രത്തെ പിന്തുടര്‍ന്ന് എസ് എന്‍ ഡി പി യുടെ വിവേകോദയവും ഉണ്ണി നമ്പൂതിരി പ്രസിദ്ധീകരണവും കേരള സമൂഹത്തില്‍ പുത്തനായ കാഴ്ചപ്പാടുകളുമായി ജനങ്ങളെ സ്വാധീനിച്ചിരുന്നു.

rama4വൈക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെയും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെയും ദേശീയ നവോത്വാനത്തിനായി തുടക്കമിട്ടുകൊണ്ടുള്ള ഒത്തൊരുമുച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മറക്കാനാവാത്ത വാര്‍ത്താ മാധ്യമങ്ങളുടെ ഒരു ചരിത്രം തന്നെ കുറിച്ചു. ആശയപരമായി ഐക്യരൂപ്യമുണ്ടായിരുന്ന അവര്‍ ഒത്തൊരുമിച്ചു വിശ്രമമില്ലാതെ മാറ്റങ്ങള്‍ക്കായി പൊരുതിയിരുന്നു. അവര്‍ തുടങ്ങി വെച്ച നവോധ്വാന ചൈതന്യം ഭാരതത്തിലെ പത്രപ്രവര്‍ത്തനത്തില്‍ ഒരു വിപ്ലവ കൊടുങ്കാറ്റു തന്നെ സൃഷ്ടിച്ചു. ദിവാന്റെ അഴിമതി വാര്‍ത്തകള്‍ യാതൊരു മായവും ചേര്‍ക്കാതെ സത്യമായി തന്നെ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ മൗലവിയുടെയും രാമകൃഷ്ണ പിള്ളയുടെയും പ്രയത്‌നഫലമായി നവീകരണാശയങ്ങളുടെ ഒരു പ്രവാഹം തന്നെ ജനമധ്യത്തില്‍ പ്രവഹിച്ചുകൊണ്ടിരുന്നു. ദിവാനെതിരായി എന്തും എഴുതുവാന്‍ പിള്ളയ്ക്ക് സാധിച്ചതും മൌലവിയുടെ പൂര്‍ണ്ണ സഹകരണത്തോടെയായിരുന്നു. അധികാരികളില്‍ നിന്ന് ശിക്ഷ കിട്ടുമെന്ന് ബോധ്യമായിരുന്നിട്ടും വക വെയ്ക്കാതെ അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു. ശിക്ഷ കിട്ടിയിട്ടും തന്റെ പ്രസ്സ് നഷ്ടപ്പെട്ടിട്ടും മൌലവിയ്ക്ക് സങ്കടം വന്നില്ല. എന്നാല്‍ അധികാര വേട്ട മൂലം തന്റെ വിശ്വസ്തരായ സഹപ്രവര്‍ത്തകരുടെ ദുരന്തത്തില്‍ അദ്ദേഹം ദുഖിതനായിരുന്നു. പിള്ളയെ നാട് കടത്തിയപ്പോഴും അസുഖമായിരുന്ന കാലഘട്ടത്തിലും മൗലവി സാമ്പത്തികമായി തകര്‍ന്നിരുന്നു. അദ്ദേഹം നേടിയ സ്വത്തുക്കള്‍ മുഴുവന്‍ നഷ്ടപ്പെട്ടു. പിന്നീട് ദാരിദ്ര്യാവസ്തയിലാണ് കഴിഞ്ഞിരുന്നത്.

rama2തിരുവിതാംകൂര്‍ ദിവാന്‍ പി രാജ ഗോപാലാചാരിയ്‌ക്കെതിരെയായിരുന്നു ‘പിള്ള’ അക്കാലത്ത് വിമര്‍ശനങ്ങളില്‍ ക്കൂടി പത്രത്തില്‍ മുഖപ്രസംഗങ്ങള്‍ എഴുതിക്കൊണ്ടിരുന്നത്. മഹാരാജാവ് ശ്രീ മൂലം തിരുനാളിനെയും രാജ ഭരണത്തെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ‘രാജാവ് സ്വയം വിശ്വസിക്കുന്നത് ദൈവത്തിന്റെ പുനരവതാരമെന്നും സ്വന്തം പ്രമാണങ്ങള്‍ മറ്റുള്ളവരെ അടിച്ചേല്പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും’ അദ്ദേഹം പത്രത്തില്‍ എഴുതി. ” ഇത് നീചമാണ്, ദൈവം രാജാവിന്റെ പ്രത്യേക പട്ടികളെ സൃഷ്ടിച്ചിട്ടുണ്ടോ. അല്ലെങ്കില്‍ വിശേഷപ്പെട്ട ആനയെക്കൊണ്ട്­ ആനകളെ നയിക്കാന്‍ കല്പ്പിച്ചിട്ടുണ്ടോ”യെന്നുള്ള ചോദ്യങ്ങളും രാജാവിനെ കുപിതനാക്കിയിരുന്നു. പൊതു ജനങ്ങളുടെ പണം ഉപയോഗിച്ചു കൊട്ടാരങ്ങള്‍ പണിയുന്നതിലും മഹാ രാജാവിന്റെ മകളുടെ വിവാഹം ആഘോഷമായി നടത്തി ഖജനാവ് കാലിയാക്കുന്നതിലും രാമകൃഷ്ണ പിള്ള പ്രതികരിച്ചിരുന്നു. ശ്രീമൂലം പ്രജാസഭയില്‍ അവര്‍ണ്ണ ജാതികള്‍ക്കായി സംസാരിക്കാന്‍ ജനപ്രതിനിധിയായി പി. കെ. ഗോവിന്ദപിള്ളയെ നിയമിച്ചപ്പോള്‍ ശ്രീ രാമകൃഷ്ണ പിള്ളയുടെ സ്വദേശാഭിമാനി പത്രം എതിര്‍ത്തിരുന്നു. പുലയര്‍ക്കും പറയര്‍ക്കും സ്വന്തം പ്രതിനിധി തന്നെ വേണമെന്ന് രാമകൃഷ്ണ പിള്ള വാദിച്ചു.

1910 സെപ്റ്റംബര്‍ ഇരുപത്തിയാറാം തിയതി മുന്നറിയുപ്പു കൂടാതെ രാജാവിന്റെ പോലീസ് പിള്ളയെ അറസ്റ്റും ചെയ്തു. രാജ്യദ്രോഹ കുറ്റം ചുമത്തി അദ്ദേഹത്തെ തിരുവിതാംകൂറില്‍ നിന്നു തിരുന്നല്‍വേലിക്ക് വിചാരണ കൂടാതെ നാടു കടത്തി. മൌലവിയുടെ പ്രസ്സും ഉപകരണങ്ങളും ജപ്തി ചെയ്തു. അതിനു ശേഷം രാജാവിനോട് മാപ്പ് പറഞ്ഞു ശിക്ഷ ഇളവു മേടിക്കാന്‍ പലരും ആവശ്യപ്പെട്ടിട്ടും പിള്ള വഴങ്ങിയില്ല. കൊച്ചിയിലും മലബാറിലുമുള്ള പത്രയുടമകള്‍ പത്രാധിപസ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. പിള്ളയുടെ നാടുകടത്തല്‍ പത്ര പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ഹനിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബം അനുഭവിച്ച യാതനകള്‍ അവര്‍ണ്ണനീയമാണ്. സ്വാതന്ത്ര്യത്തിനു ശേഷം 1957­ല്‍ ഇ എം എസ് മന്ത്രിസഭയുടെ കേരള സര്‍ക്കാര്‍ മൗലവി കുടുംബത്തിലെ അദ്ദേഹത്തിന്റെ പുത്രനായ അബ്ദുല്‍ ഖാദറിനു പ്രസും ഉപകരണങ്ങളും മടക്കി നല്കി. അവസാന നാളുകളില്‍ പിള്ളയും കുടുംബവും കണ്ണൂരു താമസിച്ചു. 1916 മാര്‍ച്ച് 28 ന് അദ്ദേഹം കണ്ണൂരില്‍ വെച്ചു മരിച്ചു. അഴിമതിക്കെതിരെ പോരാടിക്കൊണ്ട് ഭയരഹിതനായി പത്രപ്രവര്‍ത്തനം നടത്തിയ കേരളത്തിന്റെ ഈ ധീരപുത്രന്‍ കണ്ണൂരുള്ള പയ്യമ്പലം കടപ്പുറത്ത് അന്ത്യവിശ്രമം കൊള്ളുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top