സി.ഡി കണ്ടെത്താനായില്ല; ബിജുവിനെ ഇന്ന് വീണ്ടും വിസ്തരിക്കും

bijuuuകൊച്ചി: ബിജു രാധാകൃഷ്ണനെ സോളര്‍ കമ്മീഷന്‍ ഇന്ന് വീണ്ടും വിസ്തരിക്കും. മുഖ്യമന്ത്രിക്കെതിരായ സിഡി കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ബിജു രാധാകൃഷ്ണനെ വീണ്ടും വിസ്തരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വകാര്യ ദ്യശ്യങ്ങളടങ്ങിയ സിഡി ഹാജരാക്കാന്‍ പത്ത് മണിക്കൂര്‍ സമയം നല്‍കണമെന്ന് ബിജു ഇന്നലെ കമ്മീഷന് മുന്നില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ നാടകീയമായ തെളിവെടുപ്പില്‍ സിഡി കണ്ടെത്താനായില്ല. ബിജു രാധാകൃഷ്ണന്‍ നേരത്തെ ബന്ധുവായ ശെല്‍വിയെ ഏല്‍പ്പിച്ചിരുന്ന സിഡി അടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ചെങ്കിലും സിഡി ലഭിച്ചിട്ടില്ല. ബാഗില്‍ ബിജുവിന്റെ സര്‍ട്ടിഫിക്കറ്റുകളും സിംകാര്‍ഡുകളും സീലുകളും മാത്രമാണ് ഉണ്ടായിരുന്നത്. സിഡി മോഷ്ടിക്കപ്പെട്ടുവെന്നാണ് ബിജു രാധാകൃഷ്ണന്റെ വിശദീകരണം.

അതേസമയം,സോളാര്‍ കമ്മീഷന്‍ അനുവദിക്കുകയാണെങ്കില്‍ സിഡി അടുത്ത സിറ്റിംഗില്‍ ഹാജരാക്കമെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. രാവിലെ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ എത്തിയ ബിജു മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. സിഡിയും തെളിവുകളും ഉണ്ടായിരുന്ന സ്ഥലത്തേക്ക് തന്നെയാണ് കഴിഞ്ഞ ദിവസം പോയത്. സിഡി അപ്രത്യക്ഷമായതിന് പിില്‍ ആരാണെന്ന് നിങ്ങള്‍ക്ക് തന്നെ ഊഹിക്കാമെന്നും ബിജു പറഞ്ഞു. സി.ഡി അപ്രത്യക്ഷമായതാണ്. തന്നേക്കാള്‍ വലിയ അധികാരമുള്ള ആളുകളുള്ളപ്പോള്‍ താന്‍ എന്ത് ചെയ്യുമെന്നും ബിജു ചോദിച്ചു. എന്നാല്‍ സിഡി സംബന്ധിച്ച് താന്‍ പറഞ്ഞകാര്യങ്ങള്‍ സത്യമാണെന്ന് ബിജു ആവര്‍ത്തിച്ച് വ്യക്തമാക്കി .

മുഖ്യമന്ത്രിയ്ക്കും മറ്റ് രണ്ട് മന്ത്രിമാര്‍ക്കുമെതിരെ ഗുരുതരമായ ലൈംഗിക ആരോപണം നടത്തിയ ബിജു അതിന്റെ തെളിവുകള്‍ അടങ്ങിയ സിഡി ഹാജരാക്കമെന്ന് സോളാര്‍ കമ്മീഷന്‍ മുന്‍പാകെ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബിജുവിനേയുമായി പോലീസ് സംഘം കോയമ്പത്തൂരില്‍ എത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ സി.ഡി കണ്ടെത്തിയിരുന്നില്ല.

Print Friendly, PDF & Email

Leave a Comment