ജേക്കബ് തോമസിനെ മുക്കാലില്‍കെട്ടി തല്ലണമെന്ന് വീക്ഷണം മുഖപ്രസംഗം

veekshanam

കോഴിക്കോട്: ഡിജിപി ജേക്കബ് തോമസിനെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കന്നിമാസം പിറക്കുമ്പോള്‍ പട്ടികള്‍ക്ക് കാമത്വര കലശലാകുന്നത് പോലെ തിരഞ്ഞെടുപ്പ് വര്‍ഷമായാല്‍ ചില ഉദ്യോഗസ്ഥ മേധാവികള്‍ക്ക് സര്‍ക്കാര്‍ വിരുദ്ധ ജ്വരം വര്‍ദ്ധിക്കാറുണ്ടെന്ന് പറഞ്ഞാണ് മുഖപ്രസംഗം ആരംഭിക്കുന്നത്.

സര്‍ക്കാര്‍ പദവിയിലിരുന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജേക്കബ് തോമസിന് സര്‍ക്കാര്‍ വിരുദ്ധ പനിയാണെന്നും ആശിച്ച പദവി കിട്ടാതായപ്പോഴാണ് ജേക്കബ് തോമസില്‍ അണ്ണാ ഹസാരെ പരകായ പ്രവേശം ചെയ്തതെന്ന് വീക്ഷണം ആരോപിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ എല്ലാം ജീര്‍ണതകളിലും അഭിരമിച്ച ശേഷം സര്‍വ്വീസില്‍ നിന്നും വിടപറയാന്‍ തയ്യാറെടുക്കുമ്പോളാണ് അഴിമതി വിരുദ്ധ പോരാട്ടം ആരംഭിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ കളിയാക്കുന്നുണ്ട്.

ഇങ്ങനെയൊരു പരിവേഷമുണ്ടെങ്കില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിത്വം കിട്ടുമെന്നാണ് ഇദ്ദേഹത്തിന്റെ മനസ്സിലിരിപ്പെന്നും വീക്ഷണം ആക്ഷേപിക്കുന്നു. പ്രതിപക്ഷ നേതാവിനെപ്പോലെ പ്രവര്‍ത്തിക്കുന്ന ഡിജിപി താനൊഴികെ പൊലീസ് വകുപ്പിലെയും സിവില്‍ സര്‍വീസിലെയും മുഴുവന്‍ ഉദ്യോഗസ്ഥരും കളങ്കിതരാണെന്ന് വിശ്വസിക്കുന്നു. പ്രസംഗിക്കാനും പ്രസ്താവനയിറക്കാനും സര്‍വീസ് ചട്ടപ്രകാരം അധികാരമില്ലാത്ത ഇദ്ദേഹം ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ വന്നവരല്ല; ചമ്പല്‍ക്കാട്ടില്‍ നിന്ന് ഇരച്ചുകയറി വന്നവരാണ് സംസ്ഥാനം ഭരിക്കുന്നതെന്നാണ് ധരിച്ചിരിക്കുന്നതെന്നും പരിഹസിക്കുന്നു.

താനൊഴികെ മറ്റുള്ളവരെല്ലാം രോഗബാധിതരാണെന്ന് കരുതുന്ന അസുഖത്തെയാണ് മനോരോഗം എന്ന് പറയുന്നത്. ഉദ്യോഗ പദവിയുടെ യൂണിഫോം അണിഞ്ഞു സര്‍ക്കാരിന്റെ നെഞ്ചത്തേക്ക് തോക്ക് ചൂണ്ടുന്ന പ്രകോപനത്തെ ചികിത്സിക്കേണ്ടത് ചീഫ് സെക്രട്ടറിയുടെ ഇണ്ടാസ് കൊണ്ടല്ല. ഊളന്‍പാറയിലോ കുതിരവട്ടത്തോ കൊണ്ടുപോയി ഷോക്കടിപ്പിക്കുകയാണ് വേണ്ടത് തുടങ്ങി രൂക്ഷമായ പരിഹാസങ്ങളാണ് വീക്ഷണത്തിന്റെ മുഖപ്രസംഗത്തിലുള്ളത്.

ഒരു കീശയില്‍ സര്‍ക്കാരിനെതിരെയുള്ള പ്രസ്താവനയും മറുകീശയില്‍ സെല്ലോടേപ്പുമായി നടക്കുന്ന ധിക്കാരിയായ ഈ പൊലീസ് ഉദ്യോഗസ്ഥനെ എന്തിന് വെച്ചുപൊറുപ്പിക്കണം. അച്ചടക്ക ലംഘനത്തിന് നാലു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി മിണ്ടാതിരിക്കയല്ല വേണ്ടത്. ശിക്ഷാനടപടിയുടെ മുക്കാലിയില്‍ കെട്ടി 40 ചാട്ടയടി നല്‍കുകയാണ് വേണ്ടത്. അമ്മയെ തല്ലിയും ന്യൂസ്‌മേക്കറാവാന്‍ ശ്രമിക്കുന്ന ഇത്തരം യശസ്സ് മോഹികള്‍ പൊലീസ് വകുപ്പിന് അപമാനവും അപകടവുമാണ്. അമ്മയെ തല്ലിയും ന്യൂസ് മേക്കാറാകാന്‍ ശ്രമിക്കുന്ന ഇത്തരം യശസ് മോഹികള്‍ പോലീസ് വകുപ്പിന് അപമാനവും അപകടവുമാണ്. വളയമില്ലാത ചാടുന്ന ഈ പോലീസ് ഉദ്യോഗസ്ഥന്‍ വരുതിയില്‍ നില്‍ക്കുന്നില്ലെങ്കില്‍ പുകഞ്ഞകൊള്ളിയായി പുറത്തേക്കെറിയണം വീക്ഷണം പറയുന്നു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment