മനാമ: ബഹ്റൈനില്‍ വിദേശികളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 50 ശതമാനമായി നിജപ്പെടുത്താന്‍ പാര്‍ലമെന്ററി സമിതി ശിപാര്‍ശ ചെയ്തു. വിദേശികളുടെ എണ്ണം വെട്ടിക്കുറച്ച് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ചൊവ്വാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനം ഇക്കാര്യം ചര്‍ച്ച ചെയ്യും.
തീരുമാനം നടപ്പായാല്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് സൂചന. നേരത്തേ പാര്‍ലമെന്റിന്റെ നാലാമത് ലെജിസ്ലേറ്റീവ് സെഷന്റെ ഉദ്ഘാടന വേളയില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ നടത്തിയ പ്രസംഗത്തിലാണ് രാജ്യത്ത് വിദേശികളുടെ എണ്ണം കുറക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയത്. തുടര്‍ന്ന്, ഇതേകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിശ്ചയിച്ചു.
വിദേശികളുടെ എണ്ണം 50 ശതമാനമായി നിജപ്പെടുത്തി കടുത്ത നിയമങ്ങള്‍ കൊണ്ടുവരണമെന്നാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. വിദേശികളുടെ എണ്ണം അധികമായാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പ് റിപ്പോര്‍ട്ടിലുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും വ്യവസായ പദ്ധതികള്‍ക്കും ജി.സി.സി ഡെവലപ്മെന്റ് ഫണ്ട് ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ വരുമാനം മനുഷ്യവിഭവശേഷി വികസനത്തിനായി ചെലവഴിക്കണം. സ്വദേശി കേന്ദ്രീകൃത വികസന പദ്ധതികള്‍ രൂപപ്പെടുത്തണമെന്നും ശിപാര്‍ശയുണ്ട്.