Flash News

വാല്‍ക്കണ്ണാടി: “നിര്‍ണായകം, നമ്മുടെ നിലപാടുകള്‍”

December 13, 2015 , കോരസണ്‍

Nirnayakam Posters-Stills-Images-Asif Ali-VKP-Bobby Sanjay-Malayalam Movie 2015-Onlookers Mediaഅടുത്തിടെ കണ്ട “നിര്‍ണ്ണായകം” എന്ന സിനിമ മലയാളി മനസ്സിനെ അല്പം പിടിച്ചനിര്‍ത്താനാവും എന്നതിനു സംശയമില്ല. സാമൂഹിക പ്രതിബദ്ധത ലക്ഷ്യമാക്കി, കല കരുപ്പിടിപ്പിക്കുന്ന രീതി മാറി, വെറും വിനോദത്തില്‍ കലയെ തളച്ചിടുന്ന പ്രവണത കുറെക്കാലമായി മലയാള സിനിമയില്‍ കണ്ടുവരികയായിരുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന തൂണായ “നീതിബോധം” നിലനിര്‍ത്താന്‍, അഴിമതിയുടെ രാഷ്ട്രീയ രീതികളും അവര്‍ക്ക് ഓശാന പാടുന്ന സംവിധാനങ്ങളോടും ചെറുത്തു നില്‍ക്കുന്ന ചത്രങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. നിര്‍ണ്ണായകത്തിലെ കഥാപാത്രങ്ങള്‍ മിക്കവരും അവരുടെ സ്വകാര്യ ജീവിതത്തിലെ വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ, സാമൂഹിക നന്മയ്ക്കുവേണ്ടി പൊരുതാന്‍ ധൈര്യം കാട്ടുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മിഴിവ്. പലപ്പോഴും വ്യക്തിപരമായ നമ്മുടെ പരാജയങ്ങള്‍, വീഴ്ചകള്‍, പരിമിതികള്‍ ഒക്കെ നമ്മെ ആദര്‍ശനിലപാടുകളില്‍ നിന്നു വഴിവിട്ടുപോകാന്‍ പ്രേരിപ്പിച്ചേക്കാം.

നിലപാടുകള്‍: 1798-ലെ ഒരു നനുത്ത പ്രഭാതത്തില്‍ “ഓറിയന്റ്” എന്ന ഫ്രഞ്ച് യുദ്ധക്കപ്പല്‍ ബ്രിട്ടീഷ് പട്ടാളം ആക്രമിച്ചു. പ്രസിദ്ധമായ നൈല്‍ യുദ്ധത്തിന് “ഓറിയന്റിനെ” നയിച്ച കമാന്‍ഡര്‍ ലൂയി കാസാബിയന്‍കായുടെ പന്ത്രണ്ടു വയസുകാരനായ മകന്‍ ജിയോകാണ്ടേ, തന്റെ പിതാവ് നിര്‍ദേശിച്ച സ്ഥലത്തുനിന്നും അനങ്ങാതെ, തനിക്കു ചുറ്റും കത്തിപ്പടുരുന്ന തീനാളങ്ങളെ അവഗണിച്ച്; തന്റെ അടിസ്ഥാന പ്രമാണങ്ങളെ പുണര്‍ന്ന് നിലയുറപ്പിച്ച് നിന്നത് ബ്രിട്ടീഷ് സേനയ്ക്കുപോലും ആശ്ചര്യത്തോടെ നോക്കി നില്‍ക്കേണ്ടിവന്നു. ഒടുവില്‍ വന്‍ സ്‌ഫോടനത്തോടെ ജിയോകാണ്ടേ ഓറിയന്റിനോടൊപ്പം പൊട്ടിച്ചിതറി. ശത്രുപക്ഷത്തെപോലും അമ്പരപ്പിച്ച ധീരനായ കാസാബിയന്‍കായുടെ കഥ ഇന്നും അനശ്വരമായി നിലനില്‍ക്കുന്നു. ഓടിരക്ഷപെട്ടവരുടെ കഥ ആരെങ്കിലും ഓര്‍ക്കുമോ? പൊട്ടിത്തെറിപ്പും വിനാശകരവുമായ ഭാവിയെപ്പറ്റി ശങ്കയില്ലാതെ, ആത്മാര്‍ത്ഥതയും സമര്‍പ്പണവുമുള്ള നല്ല മനസ്സുകള്‍ എന്നും നിലനില്‍ക്കും.

ജനിച്ചുവീണ വിശ്വാസം: നാം ഏറെ ഇഷ്ടപ്പെടുന്ന സാഹചര്യത്തിലോ, മതത്തിലോ, നിറത്തിലോ, രാജ്യത്തായോ അല്ലായിരിക്കാം നാം പിറന്നു വീഴുന്നത്. ഒപ്പം കൂട്ടാന്‍ കൂട്ടിയ ഘടകങ്ങളാണ് നമ്മെ, നമ്മുടെ ശരികളിലേക്കും വിളക്കിച്ചേര്‍ക്കുന്നത്. പിന്നെ പുറത്തു ചാടാവാനാത്ത അന്ധതയില്‍ നാം മറ്റുള്ളവയൊന്നും ഉള്‍ക്കൊള്ളാനോ, അംഗീകരിക്കാനോ തയാറായില്ല. അതിജീവനത്തിന്റെ സാഹചര്യങ്ങള്‍ നമ്മെ എവിടെയൊക്കയോ കൊണ്ടുപോയിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവരുടെ ചൂണ്ടുവിരലില്‍ നാം ആരെല്ലാമോ ആയിത്തീരുന്നു. ചെറുത്തുനില്‍പ്പിനായി നാം സംഘം ചേരുന്നു. അങ്ങനെ സംഘത്തിന്റെ പൊതുവിലും, സംസ്കാരത്തിലും നാം നമ്മെ അറിയാതെ നഷ്ടപ്പെടുന്നു.

ആരാണ് ഫാസിസ്റ്റ്?: ഇന്ന് ഏറ്റവും കൂടുതല്‍ പരസ്പരം ചാര്‍ത്തുന്ന പദമാണിത്. വര്‍ഗീയവാദികള്‍, അവരും ഒരു കൂട്ടമാണ്. ഈ കൂട്ടം തീവ്രമായി ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. ഈ കൂട്ടത്തിന്റെ ചിന്തകള്‍ മാത്രം ശരിയെന്നും, എതിരുകളെ ഏതുവിധേനയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുക എന്നത് ധര്‍മ്മം എന്നവര്‍ കരുതുന്നു. അതിനു സര്‍ഗവാസനകളും ഉപയോഗിക്കുക, അങ്ങനെ അറിയാതെ ഉള്ളിലെ ഫാസിസ്റ്റിനു രൂപവും ഭാവവും കൈവരുന്നു. എന്താണ് ഒരു പൊതുസമൂഹത്തിന്റെ മാനസിക അവസ്ഥ? സമൂഹ മനഃസ്സാക്ഷി എന്നതിനു എന്തെങ്കിലും അര്‍ത്ഥം ഉണ്ടോ എന്നറിയില്ല. ബീഫ് കഴിച്ചെന്ന കുറ്റത്തിന് ഒരു വൃദ്ധനെ അടിച്ചുകൊല്ലാനുള്ള മാനസികാവസ്ഥ! അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്രം‌ബ്, മുസ്ലീങ്ങള്‍ അമേരിക്കയില്‍ വരുന്നത് നിയമപരമായി തടയണം എന്നു പറഞ്ഞപ്പോള്‍ മനസ്സുകൊണ്ട് സന്തോഷിച്ച സമൂഹം, ഇവര്‍ക്ക് മുഖമില്ല, പോലീസുകാര്‍, കള്ളന്മാര്‍, സൈനികര്‍, പുരോഹിതന്മാര്‍, പൊതുജനം, നാട്ടുകാര്‍, കൂട്ടുകാര്‍, ഉറുമ്പുകള്‍…ഇങ്ങനെ ഓരോ പ്രവര്‍ത്തനശൈലിയുള്ള വിവിധ കൂട്ടങ്ങള്‍… ഇവര്‍ക്ക് പൊതുവായ മനഃസ്സാക്ഷി എങ്ങനെയാണ് രൂപപ്പെടുന്നത്? ഒരു നിശ്ചിത കാലയളവിലുള്ള ഹിതപരിശോധനകള്‍, വിലയിരുത്തലുകള്‍ ഒരു പൊതുനിലപാടുകള്‍ രൂപപ്പെടാനുള്ള നിര്‍ണ്ണായകമായ കൈവഴികളാണ്. ജനാധിപത്യത്തിലും സിവില്‍ നടപടിക്രമങ്ങളിലും ഇത്തരം മാറ്റങ്ങള്‍ മുറയ്ക്ക് നടക്കുന്നുണ്ടല്ലോ. എന്നാല്‍ യാതൊരു മാറ്റവും പാടില്ല എന്ന അവിതര്‍ക്കിതമായ മത-ജാതി-വര്‍ഗ കൂട്ടങ്ങളെയാണ് ചോദ്യം ചെയ്യേണ്ടത്.

പരിഷ്‌കൃതമായ സാമൂഹിക മുന്നേറ്റത്തില്‍, നാം അനുവര്‍ത്തിച്ചുപോകേണ്ട മൂല്യങ്ങളുടെ നിര്‍‌വ്വചനം അറിയാതെ മാറിമറിയുന്നു. അടിസ്ഥാന വിശ്വാസങ്ങള്‍ക്കും, ഉള്‍ക്കാഴ്ചകള്‍ക്കും പ്രകടമായ വൈരുദ്ധ്യങ്ങള്‍! “നിങ്ങളറിയുക, നിങ്ങളറിയുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്” എന്ന കടമ്മനിട്ട വരികള്‍ അനശ്വരമായി നില്‍ക്കുന്നു. “നിര്‍ണ്ണായകം” എന്ന ചലച്ചിത്രത്തിന്റെ അവസാന ഭാഗത്ത് പൊതു സമൂഹത്തിനു വേണ്ടി നീതിപീഠത്തിനു മുന്നില്‍ വാദിക്കുന്ന ഒരു സാധാരണ പൗരനെ നെടുമുടി വേണു അനശ്വരമാക്കുന്നു. “മൗനം ചിലപ്പോഴെങ്കിലും പ്രതിഷേധിക്കാന്‍ ഭയപ്പെടുന്നവരുടെ പ്രതിഷേധമാണ്. പരിമിതമായ സാഹചര്യങ്ങളില്‍ കൂട്ടങ്ങളില്‍ നിന്നും, സംഘങ്ങളില്‍ നിന്നും വേറിട്ടു ചിന്തിക്കാന്‍ നമുക്കാകട്ടെ ! അത്തരം ചിന്തിക്കുന്ന മൗനം പടര്‍ന്നു കയറട്ടെ !!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top