ചന്ദ്രബോസ് വധക്കേസ്: കേരളത്തിന് പുറത്ത് നിന്നുള്ള വിദഗ്ധ ഡോക്ടറെ സാക്ഷിയാക്കും

nisam at kunnamkulam courtതൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ സുപ്രധാന നടപടിക്രമമായ കുറ്റവിമുക്തവാദത്തില്‍ നിന്നും പ്രതിഭാഗം ഒഴിഞ്ഞു. ഈ സാഹചര്യത്തില്‍ പ്രതിഭാഗം സാക്ഷി വിസ്താരം ഈ ആഴ്ച തുടങ്ങും. കഴിഞ്ഞ വെള്ളിയാഴ്ച കോടതിയുടെ ചോദ്യം ചെയ്യലിന് ശേഷം പ്രതി മുഹമ്മദ് നിസാമിന് കൂടുതല്‍ പറയാനുള്ള കാര്യങ്ങള്‍ അധിക വിശദീകരണമായി സമര്‍പ്പിച്ചിരുന്നു.

കുറ്റവിമുക്ത വാദമൊഴിഞ്ഞതോടെ വാദത്തിനുള്ള സാക്ഷി പട്ടിക സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍ സാക്ഷിപ്പട്ടിക ക്രമീകരിക്കാന്‍ സമയം അനുവദിക്കണമെന്നും മാധ്യമ വിചാരണയാല്‍ കേരളത്തില്‍ നിന്നുള്ളവര്‍ സാക്ഷിപറയുന്നതില്‍ നിന്നും മാറുന്നുവെന്ന പരാതിയും പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു.

സമയം അനുവദിക്കാനുള്ള ആവശ്യം തള്ളിയ കോടതി 16ന് സാക്ഷിപ്പട്ടിക സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു. സാക്ഷിപട്ടിക പരിശോധിച്ച് ഈ ആഴ്ചയില്‍ തന്നെ പ്രതിഭാഗം സാക്ഷിവിസ്താരം തുടങ്ങുമെന്നാണ് കരുതുന്നത്. കോടതിയുടെ ചോദ്യം ചെയ്യലില്‍ തന്റെ വാഹനത്തിന് മുന്നിലേക്ക് ചാടിയതിലാണ് ചന്ദ്രബോസിന് പരിക്കേറ്റതെന്ന മറുപടിയും പിന്നീട് എഴുതി നല്‍കിയ അധിക വിശദീകരണത്തില്‍ തനിക്ക് ഉന്മാദ-വിഷാദ രോഗമുണ്ടെന്നും നാലഞ്ച് നാള്‍ മുമ്പാണ് ബംഗളൂരുവില്‍ നിന്നും ചികിത്സയിലിരിക്കെ എത്തിയതെന്നും നിസാം വിശദീകരിച്ചിരുന്നു. ഹമ്മര്‍ വാഹനം ഓടിച്ച് മുന്‍ പരിചയമില്ലാത്തതും ചന്ദ്രബോസ് എടുത്തു ചാടിയ ഉടന്‍ ബ്രേക്ക് ചെയ്തെങ്കിലും തട്ടിപ്പോയെന്നും വിശദീകരിച്ചതും കുറ്റം മനപ്പൂര്‍വമല്ലന്ന് ആവര്‍ത്തിക്കാനും ശിക്ഷാ ഇളവിനുമായിരുന്നു. ഇതിന് ആവശ്യമായ വിധത്തിലുള്ള സാക്ഷികളെയാണ് പ്രതിഭാഗം തിരയുന്നത്.

നേരത്തെ കേസിലെ പ്രധാന ദൃക്സാക്ഷി ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അനൂപ് മൊഴി മാറ്റിയത് വിവാദമായിരുന്നു. പിന്നീട് ആദ്യമൊഴിയിലേക്ക് തിരികെ വന്ന അനൂപ് മൊഴി മാറ്റിയത് നിസാമിന്റെ സഹോദരന്‍ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്തിട്ടാണെന്ന് കോടതിയെ അറിയിച്ചു. അതോടെ, സാക്ഷികളെ വശത്താക്കാനുള്ള പ്രോസിക്യൂഷന്‍ നീക്കം പൊളിഞ്ഞു. കേസിലെ എട്ടാം സാക്ഷിയും നിസാമിന്റെ ഭാര്യയുമായ അമലിനെ മാത്രമാണ് പ്രതിക്ക് അനുകൂലമാക്കി നിര്‍ത്താനായത്. എന്നാല്‍ മൊഴിമാറ്റം നടത്തിയതിലൂടെ കൂറുമാറിയെന്ന പ്രോസിക്യൂഷന്‍ പരാതിയില്‍ ഇവര്‍ക്കെതിരെയുള്ള നടപടികളിലാണ് കോടതി. മറ്റ് സാക്ഷിമൊഴികളും, പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും നിസാമിന് പ്രതികൂലമാണെന്ന് പ്രോസിക്യൂഷന്‍ വിലയിരുത്തുന്നു. രോഗിയാണെന്ന പുതിയ വിശദീകരണത്തില്‍ കേരളത്തിന് പുറത്തു നിന്നുള്ള വിദഗ്ധനായ ഡോക്ടറെ സാക്ഷിയായി ഉള്‍പ്പെടുത്താനാണ് പ്രതിഭാഗം നീക്കം.

Print Friendly, PDF & Email

Leave a Comment