സ്കൂളിന് തീവെച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍; മൊബൈല്‍ ഫോണ്‍ അധ്യാപകന്‍ പിടിച്ചെടുത്തതിലെ വിരോധമാണ് സംഭവത്തിന് പിന്നില്‍

gggggകൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് വി.കെ രാജന്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തീവെച്ച കേസില്‍ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ഥികളെ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് വില്ലേജിലെ കോഴിക്കട, ചാപ്പാറ, മത്തേലയിലെ മത്തേലപ്പാടം പ്രദേശവാസികളായ വിദ്യാര്‍ഥികളെയാണ് എസ്.ഐ പി.കെ. പത്മരാജനും സംഘവും പിടികൂടിയത്.

കഴിഞ്ഞമാസം 22നാണ് സംഭവം. ഹൈസ്കൂള്‍ സ്റ്റാഫ് റൂമില്‍ തീപടര്‍ന്ന് കമ്പ്യൂട്ടര്‍, പുസ്തകങ്ങള്‍, കസേരകള്‍, വൈദ്യുതോപകരണങ്ങള്‍ തുടങ്ങിയവ കത്തിനശിച്ചിരുന്നു. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനയുടെ ആദ്യഘട്ടത്തില്‍ കാര്യമായ വിവരമൊന്നും ലഭിച്ചില്ല.

പൊലീസ് പറയുന്നത്: പ്രതികള്‍ മൂവരും സുഹൃത്തുക്കളാണ്. ഇവരിലൊരാള്‍ കഴിഞ്ഞ ജൂലൈയില്‍ സ്കൂളില്‍ കൊണ്ടുവന്ന വിലകൂടിയ മൊബൈല്‍ ക്ലാസ് ടീച്ചര്‍ പിടികൂടി പ്രധാനാധ്യാപകനെ ഏല്‍പിച്ചിരുന്നു. അത് നിറയെ അശ്ലീല ചിത്രങ്ങളായിരുന്നു. സ്കൂളില്‍നിന്ന് പിടികൂടുന്ന മൊബൈല്‍ അധ്യയനവര്‍ഷം കഴിഞ്ഞ ശേഷമേ തിരികെ നല്‍കൂ എന്നാണ് പി.ടി.എ തീരുമാനം. മൊബൈല്‍ പിടിച്ചെടുത്തതിലും ക്ലാസില്‍ കയറാത്തതിന് അധ്യാപകര്‍ വഴക്കുപറഞ്ഞതിലുമുള്ള വിരോധമാണ് തീവെപ്പിന് കാരണം.

സംഭവ ദിവസം സ്പെഷല്‍ ക്ലാസ് കഴിഞ്ഞ് സ്കൂളില്‍നിന്ന് തന്നെ സംഘടിപ്പിച്ച കന്നാസ് കൊണ്ടുപോയി കെ.കെ.ടി.എം കോളജിന് സമീപത്തെ പമ്പില്‍നിന്ന് ഡീസല്‍ വാങ്ങി ബാഗില്‍വെച്ച് സ്കൂളില്‍ തിരിച്ചത്തെി. രാത്രി 7.30 ഓടെ പിന്നിലെ മതില്‍ചാടിക്കടന്ന് സ്കൂളിന്റെ മുകളില്‍ കയറി എയര്‍ഹോളിലൂടെ ഡീസല്‍ ഒഴിച്ച് തീകൊടുക്കുകയായിരുന്നു. കമ്പ്യൂട്ടര്‍ ലാബിന്റെ പൂട്ട് അറുത്തുമാറ്റി കമ്പ്യൂട്ടര്‍ മോഷ്ടിച്ചശേഷം തീകൊടുക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും നടന്നില്ല. കന്നാസ് സ്കൂളിന് പിന്നിലിട്ട് കത്തിച്ചശേഷം സൈക്കിളില്‍ മൂവരും വീട്ടിലേക്ക് പോയി. കൃത്യത്തിന് ശേഷം ഇവര്‍ സ്കൂളില്‍ വരാറുണ്ടായിരുന്നു. ഇവരിലൊരാള്‍ മറ്റൊരു സ്കൂളില്‍ പഠിക്കുമ്പോള്‍ നാടുവിട്ട് പോയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികളെ തൃശൂര്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment