കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ തുടരന്വേഷണം ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ബിജു രമേശ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേസില്‍ ആരോപണവിധേയനായ പ്രിയന് നല്കിയ ഹരജിയിലാണ് ഈ ആവശ്യമുന്നയിച്ച് ബിജു രമേശ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസ് അട്ടിമറിക്കാനും സി.ബി.ഐ അന്വേഷണം ഒഴിവാക്കാനുമാണ് ആരോപണവിധേയന് തന്നെ സി.ബി.ഐ അന്വേഷണ ആവശ്യമുന്നയിച്ച് ഹരജി നല്‍കിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
പത്രവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഹരജി. കേസിലെ ആരോപണവിധേയര്‍ ഉന്നതരും രാഷ്ട്രീയ, സാമുദായിക, സാമ്പത്തിക സ്വാധീനമുള്ളവരുമാണ്. ഇതുവരെ നടന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ കോടതി വിളിച്ചുവരുത്തി പരിശോധിക്കണമെന്നും മരണവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച ഊമക്കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ബിജു രമേശ് ക്രൈംബ്രാഞ്ചിന് നല്കിയ മൊഴിയിലെ ആരോപണങ്ങളും സത്യവാങ്മൂലത്തിലുണ്ട്. ആലുവയില്‍ ആശ്രമത്തില്‍ എത്തിയശേഷം നിര്‍ബന്ധിച്ച് പാല് കുടിപ്പിച്ചതായും പാലില്‍ ഇന്‍സുലിന്‍ കലര്‍ത്തിയിരുന്നതായും ബിജു മൊഴി നല്‍കിയിരുന്നു. വെള്ളത്തില്‍ വളരെനേരം മുങ്ങിക്കിടക്കുകയും വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുകയും നന്നായി നീന്തല്‍ അറിയുകയും ചെയ്യുന്ന സ്വാമി മുങ്ങിമരിക്കാനുള്ള സാധ്യതയില്ലന്നും ബിജു രമേശ് സത്യവാങ്മൂലത്തിലും പറയുന്നു.