ഫിലാഡല്‍ഫിയ: പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ആഗോളസഭയില്‍ പ്രഖ്യാപനം ചെയ്ത കരുണയുടെ ജൂബിലി വര്‍ഷാചരണത്തിനു ഭാരതത്തിനു വെളിയിലുള്ള ആദ്യത്തെ സീറോമലബാര്‍ രൂപതയായ ചിക്കാഗൊ സെ. തോമസ് രൂപതയില്‍ തുടക്കമായി. രൂപതാദ്ധ്യക്ഷന് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഫിലാഡല്‍ഫിയാ ഫൊറോനാ ദേവാലയത്തിലും, സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ചിക്കാഗൊ കത്തീഡ്രല്‍ ദേവാലയത്തിലും ഒരേ ദിവസം നടത്തിയ തിരുക്കര്‍മ്മങ്ങളിലൂടെ ജൂബിലി വര്‍ഷത്തിന്റെ ഉല്‍ഘാടനം തിരി തെളിച്ചുകൊണ്ട് നിര്‍വഹിച്ചു.
2015 ലെ മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8 മുതല്‍ 2016 ലെ ക്രിസ്തുരാജ തിരുനാള്‍ ദിനമായ നവംബര്‍ 20 വരെയാണു കരുണയുടെ അസാധാരണ ജൂബിലിയായി തിരുസഭ ആചരിക്കുന്നത്. ലാളിത്യത്തിന്റെയും, കരുണയുടെയും മൂര്‍ത്തീഭാവമായ ഫ്രാന്‍സിസ് മാര്‍പാപ്പ സഭാനൌകയെ മാനുഷികമൂല്യങ്ങളിലൂന്നി ശരിയായദിശയില്‍ മുന്‍പോട്ടു നയിക്കുന്നതിന്റെ ഭാഗമായിട്ടാണു “നിങ്ങളുടെ പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക” എന്ന ലൂക്കാ സുവിശേഷകന്റെ വാക്യം (6:36) ചിന്താവിഷയമാക്കിക്കൊണ്ട് കരുണയുടെ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചത്.
ഡിസംബര്‍ 8 നു റോമില്‍ ക്രമീകരിച്ചിരുന്ന വിശേഷാല്‍ ചടങ്ങില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധകവാടം തുറന്നുകൊണ്ട് പരിശുദ്ധപിതാവ് ജൂബിലി വര്‍ഷത്തിനു തുടക്കമിട്ടു. ലോകത്തിലെ എല്ലാ കത്തീഡ്രല്‍ ദേവാലയങ്ങളിലും, ബസിലിക്കകളിലും, തീര്‍ത്ഥാടനകേന്ദ്രങ്ങളിലും രൂപതാധ്യക്ഷന്മാര് അന്നേദിവസം വിശുദ്ധവാതില്‍ കരുണതേടുന്നവര്ക്കായി തുറന്നുകൊടുത്തു. ദൈവത്തിന്റെ അനന്തകരുണയുടെ പ്രതീകമായ ദേവാലയങ്ങളുടെ വിശുദ്ധവാതിലുകള്‍ ഇനി പൊതുജനങ്ങള്‍ക്കായി തുറക്കപ്പെട്ടിരിക്കുകയാണു. സെ. പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കരുണയുടെ ഈ വര്‍ഷം പ്രാര്‍ത്ഥനാപൂര്‍വം പ്രവേശിക്കുന്നവര്‍ക്ക് മാര്‍പാപ്പ പ്രത്യേക ദണ്ഡവിമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്.
കരുണയുടെ ജൂബിലി വര്‍ഷം ഔദ്യോഗികമായി ആരംഭിക്കുന്നതിനു 10 ദിവസം മുന്‍പു തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ആഫ്രിക്കന്‍ തീര്‍ത്ഥാടനത്തിനിടയില്‍ ലോകത്തിലെ മൂന്നാമത്തെ ദരിദ്രരാജ്യമായ സെന്റ്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാംഗൈയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലിന്റെ വിശുദ്ധകവാടം (ഹോളി ഡോര്‍) തുറന്നുകൊണ്ട് ജൂബിലി വര്‍ഷാചരണത്തിനു തുടക്കം കുറിച്ചിരുന്നു.
ഫിലാഡല്‍ഫിയാ സെ. തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നടന്ന പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ക്ക് ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫൊറോനാ വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി സഹകാര്‍മ്മികനായി. പാരീഷ് ഹാളില്‍ ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം കാര്‍മ്മികര്‍ക്കൊപ്പം വിശ്വാസിസമൂഹം പ്രദക്ഷിണമായി വന്ന് പ്രത്യേകം അലങ്കരിച്ചിരുന്ന ദേവാലയത്തിന്റെ പ്രധാന കവാടം തുറന്നുകൊണ്ടും, മദ്ബഹയില്‍ ക്രമീകരിച്ചിരുന്ന ജൂബിലിതിരി തെളിച്ചുകൊണ്ടും ബിഷപ് കരുണയുടെ വര്‍ഷത്തിനു സമാരംഭം കുറിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ പിതാവ് ജൂബിലി സന്ദേശം നല്കി. കരുണയുടെ വര്‍ഷം പ്രമാണിച്ച് അസാധാരണ ജൂബിലിയെ സംബന്ധിച്ച വിവരങ്ങളും, ഇടവകയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കര്‍മ്മപരിപാടികളും ഉള്‍പ്പെടുത്തി പ്രത്യേകം തയാര്‍ ചെയ്തിരുന്ന ന്യൂസ്ലെറ്ററും തദവസരത്തില്‍ മാര്‍ അങ്ങാടിയത്ത് പ്രകാശനം ചെയ്തു.
ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനി, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, മതബോധനസ്കൂള്‍, ഭക്തസംഘടനാഭാരവാഹികള്‍ എന്നിവര്‍ കരുണയുടെ ജൂബിലി വര്‍ഷ ഉത്ഘാടന ചടങ്ങുകള്‍ക്കുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply