ശാശ്വതീകാനന്ദയുടെ മരണം: തലയോട്ടി തുറന്ന് പരിശോധന നടത്തിയിട്ടില്ലെങ്കില്‍ ഗുരുതര അപാകതയെന്ന് ഹൈകോടതി

swami-saswathikananda.jpg.image.784.410കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച സ്വാമി ശാശ്വതീകാനന്ദയുടെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട കുറിപ്പ് ഹാജരാക്കാന്‍ ഹൈകോടതി നിര്‍ദേശം. ഈ നോട്ടിന്‍െറ അടിസ്ഥാനത്തിലാണ് പിന്നീട് റിപ്പോര്‍ട്ട് തയാറാക്കാറുള്ളത്. പോസ്റ്റ്മോര്‍ട്ടം പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാനും സര്‍ക്കാറിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട് തലയോട്ടി തുറന്ന് പരിശോധന നടന്നിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.

നീന്തലറിയാവുന്ന ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദ മുങ്ങിമരിച്ചത് ദുരൂഹമാണെന്നാണ് പരാതികളിലെ ആരോപണം. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് വാദം. ഈ സാഹചര്യത്തിലാണ് തലക്ക് അടിയേറ്റതുമായി ബന്ധപ്പെട്ട സംശയം കോടതി ഉന്നയിച്ചത്. മസ്തിഷ്ക ക്ഷതം ഉണ്ടായതായി പോസ്റ്റ്മോര്‍ട്ടം വേളയില്‍ പരിശോധിച്ചിട്ടുണ്ടോയെന്നാണ് കോടതി അന്വേഷിച്ചത്. തലക്ക് പരിക്കേറ്റതായാണ് പരാതിക്കാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ തലയോട്ടി തുറന്ന് പരിശോധന അനിവാര്യമാണ്. അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ അത് ഗുരുതര അപാകതയാണ്.

ശാശ്വതീകാനന്ദ കേസിലെ അന്വേഷണം പ്രഹസനമായിരുന്നെന്നാണ് തുടരന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിലെ വാദം. മജിസ്ട്രേറ്റിന് മുമ്പാകെ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെയാണ് അന്വേഷണം നടന്നത്. ഇത് നിയമപരമല്ല. മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയശേഷം അന്വേഷണം നടത്തുകയാണ് വേണ്ടത്. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് എഫ്.ഐ.ആര്‍ സമര്‍പ്പിച്ച ശേഷം മാത്രമെ അന്വേഷണം നടത്താവൂവെന്നിരിക്കെ അന്വേഷണം നടന്നുവെന്ന് പറയാനാകില്ല.

ദുരൂഹമരണ കേസുകളില്‍ പൊലീസ് നടത്തുന്ന അന്വേഷണത്തിന്‍െറ അപാകത പരിശോധിക്കാന്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന് (ആര്‍.ഡി.ഒ) അധികാരമില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരെ അനാവശ്യ ആരോപണം ഉയരുന്ന സാഹചര്യത്തില്‍ ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യമാണ് പ്രിയന്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

 

Print Friendly, PDF & Email

Related posts

Leave a Comment