Flash News

ആര്‍. ശങ്കറിനെ അപകീര്‍ത്തിപ്പെടുത്തിയതിന് പ്രധാനമന്ത്രി മാപ്പ് പറയണം -സുധീരന്‍

December 16, 2015 , സ്വന്തം ലേഖകന്‍

sudheeran-bite-12-13__smallതിരുവനന്തപുരം: ജീവിതത്തിലുടനീളം കോണ്‍ഗ്രസുകാരനും ശ്രീനാരായണീയനുമായിരുന്ന ആര്‍. ശങ്കറില്‍ ജനസംഘം ബന്ധം അടിച്ചേല്‍പിക്കാന്‍ പ്രധാനമന്ത്രി മോദി നടത്തിയ ശ്രമം കൊടുംക്രൂരതയും അനാദരവും ചരിത്രനിഷേധവുമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. പച്ചക്കള്ളം പറഞ്ഞ് മഹാനായ നേതാവിനെ അപകീര്‍ത്തിപ്പെടുത്തിയത് അപലപനീയമാണ്. ശങ്കറിന്‍െറ കുടുംബാംഗങ്ങളോടും ജനങ്ങളോടും പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അസത്യപ്രചാരകനായ മോദി പദവിയുടെ വിലയിടിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തിയത് മോദിയും ഉന്നത ബി.ജെ.പി നേതാക്കളും തയാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം തന്നെ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി വേദിയിലുണ്ടായാല്‍ തങ്ങളുടെ രാഷ്ട്രീയക്കളി നടക്കില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഈ തന്ത്രം മെനഞ്ഞത്. വെള്ളാപ്പള്ളി നടേശന്‍ ഇതിന്‍െറ ദല്ലാള്‍ പണി ഏറ്റെടുത്തു.

ബി.ജെ.പിക്ക് വേരോട്ടമുണ്ടാക്കാന്‍ എന്ത് കള്ളക്കളിയും നടത്താന്‍ മടിക്കാത്ത നേതാക്കളാണ് മോദിയും അമിത് ഷായും. ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത കഥകള്‍ ഉണ്ടാക്കി ശങ്കറിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തിയില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ശങ്കറിന്‍െറ കുടുംബാംഗങ്ങള്‍ തന്നെ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.

അതിനിടെ ആര്‍. ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍നിന്ന് മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തിയ വിഷയത്തില്‍ പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിയുടെ ഓഫിസിനും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷവിമര്‍ശവുമായി മന്ത്രി കെ.സി. ജോസഫ് രംഗത്തെത്തി. ഇത്രയും വിവാദമായിട്ടും മുഖ്യമന്ത്രിയെ നേരില്‍ കണ്ടപ്പോള്‍ ഇതേപ്പറ്റി സംസാരിക്കാനുള്ള സാമാന്യ മര്യാദ പ്രധാനമന്ത്രി കാണിക്കാതിരുന്നതില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന് മന്ത്രി അറിയിച്ചു.

ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തെഴുതിയിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പാര്‍ലമെന്‍റിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സംഘാടകര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മുഖ്യമന്ത്രി പരിപാടി റദ്ദാക്കിയത്. മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ടോയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് പലതവണ അന്വേഷിച്ചിരുന്നു. ഈ ജാഗ്രതയും തിരക്കും സംശയകരമാണ്. അസൗകര്യം കൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് മുഖ്യമന്ത്രി ആരോടും പറഞ്ഞിട്ടില്ല.

സ്വകാര്യ ചടങ്ങാണെങ്കില്‍ ക്ഷണിക്കാനുള്ള അവകാശം സംഘാടകര്‍ക്കാണ്. പക്ഷേ, മുഖ്യമന്ത്രിയെ ക്ഷണിച്ചശേഷം പിന്‍വലിച്ചതെന്തിനെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. മുഖ്യമന്ത്രി എത്തിയാല്‍ പ്രതിഷേധം ഉണ്ടാകുമെന്ന് ഒരു ഏജന്‍സിയും സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പോകാതിരുന്നത് അനാദരവല്ല. അതും ഇപ്പോഴത്തെ സംഭവവുമായി കൂട്ടിവായിക്കേണ്ട കാര്യമില്ല. ചടങ്ങിലെ മുഖ്യമന്ത്രിയുടെ സാന്നിധ്യം അന്വേഷിച്ച് പി.എം.ഒയില്‍നിന്ന് എത്ര തവണ വിളിച്ചെന്ന് പറയാന്‍ കഴിയില്ല.

ശിവഗിരിയില്‍ മുഖ്യമന്ത്രി പോകാതിരുന്നത് അദ്ദേഹത്തിന് പരിപാടി ഇല്ലാത്തതുകൊണ്ടാണ്. ക്ഷണം മുഖ്യമന്ത്രി പിടിച്ചുവാങ്ങിയതല്ല. ക്ഷണിച്ചശേഷം വരരുതെന്ന് പറയുന്നതാണ് മര്യാദകേടും അപമാനകരവും-ജോസഫ് പറഞ്ഞു.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top