കെ.ആര്‍ മീരക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

MEERA-1ന്യൂഡല്‍ഹി: മലയാള സാഹിത്യകാരി കെ.ആര്‍ മീരക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. കെ.ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവലിനാണ് പരസ്‌കാരം.

പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷവും സങ്കടവുമുണ്ടെന്ന് കെ.ആര്‍ മീര പറഞ്ഞു. പുരസ്‌കാരം സ്വീകരിക്കണമോ എന്ന കാര്യം പിന്നീടു തീരുമാനിക്കുമെന്നും മീര പറഞ്ഞു. ഈ കൃതിയ്ക്ക് മീരയ്ക്ക് കേരള സാഹിത്യ അക്കാദമി, ഓടക്കുഴല്‍, വയലാര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

രാജ്യത്തെ നിലവിലെ സാഹചര്യത്തിലുള്ള ദുഃഖവും വേദനയും പുരസ്‌കാരത്തിന്റെ മാറ്റു കുറയ്ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള നോവല്‍ കൂടിയാണ് ആരാച്ചാര്‍. രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയില്‍ ദുഖവും വേദനയുമുണ്ടെന്നും തന്റെ പ്രതിഷേധം രേഖപ്പെടുത്തിയായിരിക്കും പുരസ്‌കാരം സ്വീകരിക്കുകയെന്നും മീര വ്യക്തമാക്കി.

തെക്കേനഷ്യന്‍ സാഹിത്യ പുരസ്‌കാരമായ ഡിഎസ്‌സി ലിറ്ററി പ്രൈസിനുള്ള ചുരുക്കപ്പട്ടികയിലും ആരാച്ചാറിന്റെ ഇംഗ്ലീഷ് പതിപ്പായ ഹാംഗ് വുമണ്‍ ഇടം പിടിച്ചിട്ടുണ്ട്. പുരസ്‌കാരം ലഭിച്ചത് തന്റെ കൃതിയ്ക്കുള്ള അംഗീകാരമായി കരുതുന്നുവെന്ന് കെ ആര്‍ മീര പറഞ്ഞു.

കൊല്‍ക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വനിതാ ആരാച്ചാരുടെ കഥ പറയുന്ന നോവലാണ് ആരാച്ചാര്‍. ഇന്ത്യയുടെ സമകാലീന രാഷ്ട്രസ്ഥിതിയെ അടുത്തറിയിക്കുന്ന തരത്തിലാണ് നോവല്‍ രചിക്കപ്പെട്ടത്. അധ്യാപികയും ചരിത്രപണ്ഡിതയും സാഹിത്യകാരിയുമായ ജെ. ദേവികയാണ് ആരാച്ചാര്‍ ‘ഹാങ് വുമണ്‍’ എന്ന പേരില്‍ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്.

പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ.ആര്‍ മീര 1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനിച്ചത്.

Print Friendly, PDF & Email

Leave a Comment