Flash News

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്: കെ.ആര്‍ മീരയുടെ നിലപാട് ഇരട്ടത്താപ്പെന്ന് ആക്ഷേപം

December 17, 2015 , സ്വന്തം ലേഖകന്‍

aarachar novelതിരുവനന്തപുരം: അസഹിഷ്ണുതക്കെതിരായ എഴുത്തുകാരുടെ പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കെ.ആര്‍ മീര ന്ദ്രേ സാഹിത്യഅക്കാദമി അവാര്‍ഡ് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ആക്ഷേപമുയര്‍ന്നു. അവാര്‍ഡിനോടുള്ള അവരുടെ പ്രതികരണമാണ് വിമര്‍ശനത്തിനിടയാക്കിയത്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് വാര്‍ത്തയെ സന്തോഷത്തോടെയും അതേസമയം, ദുഃഖത്തോടെയുമാണ് സ്വീകരിക്കുന്നതെന്നായിരുന്നു അവരുടെ പ്രതികരണം.

മീരയുടെ പ്രതികരണം ഇതാണ്: “രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതക്കും ഭരണകൂട ഭീകരതക്കുമെതിരെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയും പദവികള്‍ രാജിവെച്ചും പ്രതിഷേധിക്കുന്ന ഒരു ഘട്ടത്തിലാണ് അവാര്‍ഡ്. ഇന്ത്യന്‍ സ്ത്രീയുടെ കണ്ണിലൂടെ ഭരണകൂട ഭീകരതയെ പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ച ആരാച്ചാര്‍ പോലെ ഒരു രചനക്ക് അവാര്‍ഡ് ലഭിച്ചതു കൊണ്ടാണ് ഒരേ സമയം സന്തോഷവും ദു:ഖവും അനുഭവപ്പെടുന്നത്. ഏറ്റവും ഒടുവിലെഴുതിയ ഭഗവാന്‍െറ മരണം എന്ന കഥയുടെ ഇംഗ്ളീഷ് പരിഭാഷ ‘കാരവനില്‍’ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ദിവസമാണ്. മതമൗലികവാദികളില്‍ നിന്ന് വധഭീഷണി നേരിടുന്ന ഡോ. കെ.എസ്. ഭഗവാന്‍ ആ കഥ കന്നടയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ തയാറെടുക്കുന്ന സാഹചര്യത്തിലാണ് ഈ അവാര്‍ഡ് പ്രഖ്യാപനം. 75,000ത്തില്‍ അധികം പ്രതികള്‍ മലയാളത്തില്‍ വിറ്റുപോകുകയും അതിന്‍െറ പരിഭാഷയായ ഹാങ് വുമണ്‍ ദക്ഷിണേഷ്യയിലെ മികച്ച കൃതിക്കുള്ള ഡി.എസ്.സി പുരസ്കാരത്തിന്‍െറ ചുരുക്കപ്പട്ടികയില്‍ സ്ഥാനം പിടിക്കുകയും ചെയ്ത സാഹചര്യത്തില്‍ എഴുത്താണ് എന്‍െറ പ്രതിഷേധ മാര്‍ഗമെന്നും എഴുത്താണ് എന്‍െറ ആക്ടിവിസമെന്നും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അവസാനമെഴുതിയ ചെറുകഥപോലും എന്‍െറ നിലപാട് വ്യക്തമാക്കുന്നതാണ്. ഭരണകൂട ഭീകരതക്കും അസഹിഷ്ണുതക്കുമെതിരെയുള്ള പോരാട്ടം ഇനിയും തുടരും. പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കും”; ഇതായിരുന്നു മീരയുടെ പ്രതികരണം.

എന്നാല്‍, രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന് സമ്മതിക്കുകയും മറ്റ് എഴുത്തകാരുടെ പ്രതിഷേധത്തിന് പിന്തുണ നല്‍കുകയും ചെയ്യുന്ന മീര എന്തുകൊണ്ട് തനിക്ക് ലഭിക്കുന്ന ഒരവസരം ഉപയോഗപ്പെടുത്തുന്നില്ല എന്നാണ് വിമര്‍ശകരുടെ ചോദ്യം. ഇന്ത്യയിലെ 40 എഴുത്തുകാരാണ് അവരുടെ അവാര്‍ഡ് തിരിച്ചേല്‍പ്പിച്ചും അക്കാദമി അംഗത്വം രാജിവച്ചും പ്രതിഷേധം പ്രകടിപ്പിച്ചത്. ഇതിനെയെല്ലാം അംഗീകരിക്കുന്ന മീര, വാക്കാല്‍ മാത്രം പ്രതിഷേധം പ്രകടിപ്പിച്ച് അവാര്‍ഡ് വാങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അസഹിഷ്ണുതക്കെതിരെ പ്രതികരിച്ചുകൊണ്ടാവും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് സ്വീകരിക്കുകയെന്ന കെ.ആര്‍. മീരയുടെ പ്രസ്താവന ലജ്ജാകരമെന്ന് നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. നട്ടെല്ലില്ലായ്മയാണ് ഇതില്‍ പ്രതിഫലിക്കുന്നത്. അസഹിഷ്ണുതക്കെതിരെ മീര തന്‍േറതായ ഭാഷയില്‍ പ്രതികരിക്കട്ടെ. അതിന് ശേഷം അവാര്‍ഡ് സ്വീകരിക്കുന്നതാണ് ഭംഗിയെന്ന് വടക്കേടത്ത് പ്രസ്താവനയില്‍ പറഞ്ഞു. ദാദ്രി സംഭവവും മറ്റുമുണ്ടായപ്പോള്‍ അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയും സ്ഥാനങ്ങള്‍ രാജിവെച്ചും എഴുത്തുകാര്‍ പ്രതിഷേധിക്കുന്നിടത്ത് മീരയെ കണ്ടില്ല. അതിന്‍െറ രഹസ്യം ഇപ്പോള്‍ പിടികിട്ടി. മൗനത്തിലൂടെ ഫാഷിസവുമായി ചേര്‍ന്ന് നില്‍ക്കുകയല്ല, അവാര്‍ഡ് നിഷേധിച്ച് അസഹിഷ്ണുതയെ പ്രതിരോധിക്കുകയാണ് വേണ്ടതെന്നും വടക്കേടത്ത് അഭിപ്രായപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top