ചന്ദ്രബോസ് വധക്കേസ്: മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കുന്നത് പ്രതിഭാഗത്തിന്റെ തന്ത്രമെന്ന് പ്രോസിക്യൂഷന്‍

chandraboseതൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ മാധ്യമ പ്രവര്‍ത്തകരും ഡോക്ടര്‍മാരും ഉള്‍പ്പെടെ 25 പേരെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം സമര്‍പ്പിച്ച സാക്ഷിപ്പട്ടികയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

മാധ്യമ പ്രതിനിധികളെ വിസ്തരിക്കാന്‍ അനുവാദം നല്‍കിയാല്‍ സമാന്തര മാധ്യമ വിചാരണ നടക്കുന്നുവെന്ന ആരോപണത്തിന് സാധൂകരണമാവുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. മാധ്യമ വിചാരണ നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് മാധ്യമ പ്രതിനിധികളെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തുറന്ന കോടതിയിലാണ് നടപടിക്രമങ്ങള്‍ നടക്കുന്നത്. പൊതുസമൂഹത്തിന്റെ പ്രതിനിധികളാണ് മാധ്യമങ്ങളും അതില്‍ പ്രവര്‍ത്തിക്കുന്നവരും. മാധ്യമങ്ങള്‍ക്കെതിരെ നിരവധി തവണ പ്രതിഭാഗം ആക്ഷേപം ഉന്നയിച്ചപ്പോള്‍ കോടതി നിരസിച്ചതാണെന്ന് തടസ്സവാദം ഉന്നയിച്ച് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ഹമ്മര്‍ കാറിന്റെ ടയര്‍ പരിശോധിക്കാനുള്ള വിദഗ്ധനായി ഉള്‍പ്പെടുത്തിയ 13ാം സാക്ഷി ടയര്‍ ഡീലറാണെന്നും ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ ഇയാള്‍ പ്രാപ്തനല്ലന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ബൈപോളാര്‍ രോഗത്തിന് നിസാമിനെ ചികിത്സിച്ചിരുന്നതായി അവകാശപ്പെട്ട് പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലെ ഡോ. സെയ്ത് മുഹമ്മദിനെ സാക്ഷിയാക്കിയതിലും പ്രോസിക്യൂഷന്‍ എതിര്‍പ്പ് വ്യക്തമാക്കി. രോഗം സംബന്ധിച്ച് രേഖകളോ ചികിത്സയുടെ വിശദാംശങ്ങളോ മുമ്പൊരിക്കലും കോടതിയില്‍ ഹാജരാക്കിയിട്ടില്ലന്നിരിക്കെ ഈ ആവശ്യം അനുവദിക്കാനാവില്ല. 19ാം സാക്ഷിയായി കേരളത്തിന് പുറത്തുനിന്നുള്ള ഡോക്ടറെ കൊണ്ടുവരുന്നതും പ്രോസിക്യൂഷന്‍ എതിര്‍ത്തു. ചന്ദ്രബോസിനെ ചികിത്സിക്കുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്ത ഡോക്ടര്‍മാര്‍ നല്‍കിയ തെളിവുകള്‍ മാറ്റിമറിക്കാനാണ് ഈ നീക്കമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

വിസ്താരത്തിന്റെ ആദ്യനാള്‍ പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറുകയും രണ്ടാം നാള്‍ നിലപാട് തിരുത്തുകയും ചെയ്ത ഒന്നാം സാക്ഷി അനൂപിനെ വിസ്തരിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തു. നാല് നാള്‍ ക്രോസ് വിസ്താരം നടത്തിയതാണ്. ഇനിയും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത് വിചാരണ വൈകിപ്പിക്കാന്‍ ബോധപൂര്‍വം ചെയ്യുന്നതാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

ഇതിനിടെ, 16, 17 സാക്ഷികളായി ഉള്‍പ്പെടുത്തിയിരുന്ന ബംഗളൂരുവിലെ ഡോക്ടര്‍മാരെ സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ പ്രതിഭാഗം തന്നെ കോടതിയില്‍ ആവശ്യപ്പെട്ടു. ഐ.ജിയെ സാക്ഷിപ്പട്ടികയില്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

Print Friendly, PDF & Email

Related News

Leave a Comment