വെള്ളാപ്പള്ളിയുടെ മതവിദ്വേഷ പ്രസംഗം: പൊലീസ് സുധീരന്റെ മൊഴിയെടുക്കും

vellappallyകൊച്ചി: സമത്വമുന്നേറ്റയാത്രക്കിടെ ആലുവ മണപ്പുറത്തുവെച്ച് സമുദായ സ്പര്‍ധയുണ്ടാക്കുന്ന വിധം വെള്ളാപ്പള്ളി നടേശന്‍ പ്രസംഗിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ മറ്റു നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ ആലുവ പൊലീസിന് നിയമോപദേശം. കേസിലെ പ്രധാന പരാതിക്കാരനായ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. ഇതിനായി അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ആലുവ സി.ഐ ടി.ബി. വിജയന്‍ തിരുവനന്തപുരത്തേക്ക് പോകും.

ഐ.പി.സി 153 എ പ്രകാരം ജാമ്യമില്ലാക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിരവധി നിയമവിദഗ്ധരുമായി കൂടിയാലോചിച്ചതില്‍നിന്ന് വെള്ളാപ്പള്ളിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് സമുദായ സ്പര്‍ധയെന്ന കുറ്റം നിലനില്‍ക്കുമെന്ന് പൊലീസിന് ബോധ്യപ്പെട്ടു. പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ സമാനതരത്തില്‍ കേസെടുത്തതാണ്.

മണപ്പുറത്തെ സമ്മേളനത്തില്‍ പങ്കാളികളായവരില്‍ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ്. അതുകൊണ്ടുതന്നെ ആനുകൂല്യങ്ങള്‍ മുസ്ലിംകള്‍ക്ക് മാത്രമായി നല്‍കുന്നെന്ന് പ്രസ്താവന നടത്തിയതുവഴി ഹൈന്ദവ- മുസ്ലിം സ്പര്‍ധക്ക് ശ്രമിച്ചെന്ന ആരോപണം നിലനില്‍ക്കുമെന്നാണ് നിയമോപദേശം ലഭിച്ചത്.

മാന്‍ഹോളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിനിടെ മരണപ്പെട്ട നൗഷാദിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചത് മുസ്ലിം ആയതിനാലാണെന്നും മരിക്കണമെങ്കില്‍ മുസ്ലിമായി മരിക്കണമെന്നും വെള്ളാപ്പള്ളി പ്രസംഗിച്ചത് പിന്നീട് പത്രപ്രവര്‍ത്തകരോട് ആവര്‍ത്തിക്കുകയും ചെയ്തു. മണപ്പുറത്തെ പ്രസംഗത്തിന്റെയും പത്രസമ്മേളനത്തിലെ പരാമര്‍ശത്തിന്റെയും വീഡിയോ ടേപ്പുകളും വിവിധ പത്രങ്ങളുടെ റിപ്പോര്‍ട്ടുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. സുധീരന്റെ മൊഴിയെടുത്തശേഷം മാത്രം വെള്ളാപ്പള്ളിയുടെ മൊഴിയെടുത്താല്‍ മതിയെന്നതാണ് തീരുമാനം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment