ഡല്‍ഹി പീഡനം; കുട്ടിക്കുറ്റവാളിയ്ക്ക് മോചനം ലഭിച്ചതിന് ഉത്തരവാദി രാജ്യസഭ

31_india_rape_rഡല്‍ഹി കൂട്ട ബലാത്സംഗക്കേസില്‍ പ്രതിയായ കുട്ടിക്കുറ്റവാളിയ്ക്ക് മോചനം ലഭിച്ചത് നിയമത്തിലെ ലൂപ്‌ഹോളാണെന്നും പറഞ്ഞ് സമാധാനിക്കാന്‍ വരട്ടെ. ഇതിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ രാജ്യസഭയിലെ അംഗങ്ങളാണെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. പാര്‍ലമെന്റിന്റെ ഓരോ സമ്മേളനവും രാഷ്ട്രീയ പ്രത്യാരോപണങ്ങളാല്‍ അലങ്കോലമാക്കുന്ന നമ്മുടെ ജനപ്രതിനിധികള്‍ തന്നെയാണ് ഇതിന് ഉത്തരവാദികള്‍.

ബാലനീതി നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ രാജ്യസഭയുടെ മേശപ്പുറത്ത് പൊടിപിടിച്ച് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അവസാനം, ഒരു കുറ്റവാളി രാജ്യസഭാ അംഗങ്ങളുടെ അലസതയുടെ പേരില്‍ മോചനം നേടിയപ്പോഴാണ് അവരുടെ കണ്ണ് തുറന്നത്. സമവായമുണ്ടായാല്‍ നാളെത്തന്നെ ബില്‍ പാസാക്കാമെന്നാണ് രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ലോക്‌സഭ പാസാക്കിയ ഈ ബില്‍ രാജ്യസഭ സമയത്ത് പാസാക്കിയിരുന്നെങ്കില്‍ അപകടകാരിയായ ഒരു കുറ്റവാളി രക്ഷപ്പെടില്ലായിരുന്നു.

നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 16നും 18നുമിടയിലുള്ള കുട്ടിക്കുറ്റവാളികളുടെ അറസ്റ്റില്‍ 60 ശതമാനത്തിന്റെ വര്‍ധനയാണ് 2003 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിലായവരുടെ എണ്ണത്തിലുണ്ടായ വര്‍ധന 288 ശതമാനവും. ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ മുമ്പിലുണ്ടായിട്ടും രാജ്യസഭ ബില്‍ പാസാക്കുന്നതില്‍ കാണിച്ച അമാന്തത മാപ്പര്‍ഹിക്കുന്നതല്ല.

മൂന്ന് വര്‍ഷം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കഴിഞ്ഞ കുട്ടിക്കുറ്റവാളിയ്ക്ക് തന്റെ ഹീനകൃത്യത്തില്‍ യാതൊരു മാനസാന്തരവും ഉണ്ടായിട്ടില്ലെന്ന് അയാളുടെ കൗണ്‍സിലര്‍ തന്നെ പറയുന്നുണ്ട്. “കുട്ടിക്കുറ്റവാളിയെ അറസ്റ്റ് ചെയ്തതിന് ശേഷം ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ അയാളില്‍ പശ്ചാത്താപത്തിന്റെ ലാഞ്ജന പോലുമില്ലായിരുന്നു. അതുപോലെ തന്നെയാണ് ഇപ്പോഴും. ഞാന്‍ നിര്‍ബന്ധിക്കാതെ തന്നെ താന്‍ ചെയ്ത കുറ്റത്തെക്കുറിച്ച് വളരെ ലാഘവത്തോടെ അവന്‍ എന്നോടു പറഞ്ഞു. ജ്യോതിയോടും അവളുടെ സുഹൃത്തിനോടും ബസില്‍ കയറാന്‍ നിര്‍ദേശിച്ചതുമുതല്‍ അവര്‍ അഞ്ച് പേര്‍ ചേര്‍ന്ന് എങ്ങനെ അവളെ പിച്ചിച്ചീന്തി കൊന്നതെന്നുമുള്ളത് അവന്‍ പൂര്‍ണമായി എന്നോട് വിവരിച്ചു. ജ്യോതിയ്ക്ക് മുമ്പ് ഒറ്റയ്ക്ക് നിന്ന മറ്റൊരു പെണ്‍കുട്ടിയെ ഇയാള്‍ വരുതിയാലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടി ഒാട്ടോയില്‍ കയറി പോയതിനാല്‍ ആ ശ്രമം നടന്നില്ല.” കൗണ്‍സിലര്‍ പറയുന്നു.

ഈ കുറ്റവാളിയ്ക്ക് വേണ്ടി ഡല്‍ഹി സര്‍ക്കാര്‍ ഒരുക്കിയ പുനരധിവാസ ക്രമീകരണങ്ങള്‍ കൂടി അറിയുക. 10,000 രൂപ സാമ്പത്തിക സഹായവും ഒരു തയ്യല്‍ മെഷീനും ഇയാള്‍ക്ക് നല്‍കും. ഒരു തയ്യല്‍ കടയും ഇട്ടുകൊടുക്കും. ബിസിനസ് പച്ചപിടിക്കുന്നതുവരെ ആറ് മാസത്തേയ്ക്ക് സഹായവും സര്‍ക്കാര്‍ വാഗ്ദാനവും ചെയ്തിരിക്കുകയാണ്. ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലെ ഒരു സുപ്രധാന ഘടകമാണ് പുനരധിവാസം. ഇതനസുരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതും. അതിനാല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. കുട്ടിക്കുറ്റവാളിയെ വിട്ടയച്ച സുപ്രീംകോടതിയുടെ വിധിയും നിയമപരം തന്നെ. പക്ഷേ ഇത്തരം ഒരു നടപടി സ്വീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനെയും സുപ്രീംകോടതിയെയും പ്രാപ്തരാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ രാജ്യസഭയ്ക്കാകില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment