Flash News

ആരാച്ചാരും അവാര്‍ഡ് വാപ്പസിയും: സ്‌നേഹപൂര്‍വ്വം മീരയ്ക്ക് (ലേഖനം): ഷാജന്‍ ആനിത്തോട്ടം

December 22, 2015 , ഷാജന്‍ ആനിത്തോട്ടം

aracharപ്രശസ്ത എഴുത്തുകാരി കെ.ആര്‍.മീരയ്ക്ക് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ നോവല്‍ അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നു. ബംഗാളി ജീവിതത്തിന്റെ സാമൂഹ്യ, സാംസ്‌ക്കാരിക പശ്ചാത്തലത്തില്‍ ആധുനികതയുടെ വെല്ലുവിളികളും ജീവിത സംഘര്‍ഷങ്ങളും ധാര്‍മ്മിക ച്യുതികളും തികഞ്ഞ കയ്യടക്കത്തോടെയും എന്നാല്‍ ഭാവ തീവ്രതയോടെയും അവതരിപ്പിച്ചുകൊണ്ട് ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ പറഞ്ഞ ‘ആരാച്ചാര്‍’ എന്ന നോവലാണ്  മീരയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. 2016 ഫെബ്രുവരി 16-ാം തീയ്യതി ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന അക്കാദമിയുടെ അക്ഷരോല്‍സവത്തോട നുബന്ധിച്ച് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് അവര്‍ക്ക് സമ്മാനിയ്ക്കും.

Shajan Anithottamഎല്ലാ അവാര്‍ഡ് പ്രഖ്യാപനങ്ങളും പോലെ ഈ പ്രഖ്യാപനവും പെട്ടെന്ന് തന്നെ വിവാദത്തേരിലേറിയിരിയ്ക്കുകയാണ്. ഭരണകൂട ഭീകരതയ്ക്കും സംഘപരിവാര്‍ ശക്തികളുടെ അസഹിഷ്ണുതയ്ക്കുമെതിരെ ഇന്ത്യയിലെമ്പാടും എഴുത്തുകാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും പ്രതിഷേധമുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ ഈ വിവാദം തികച്ചും സ്വാഭാവികം. അക്കാദമി അവാര്‍ഡ് ലഭിയ്ക്കാനുള്ള ആരാച്ചാരുടെ അര്‍ഹതയേക്കാള്‍ നോവലിസ്റ്റിനെതിരെയാണ് വിമര്‍ശകര്‍ വാളോങ്ങുന്നതെന്നതാണ് ഈ വിവാദത്തെ ശ്രദ്ധേയമാക്കുന്നത്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സര്‍ക്കാര്‍ പുറത്താക്കിയ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പറയുന്നത് ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതികരിക്കുവാന്‍ നട്ടെല്ലില്ലാത്ത, അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിയ്ക്കാതെ സാംസ്‌ക്കാരിക ഫാസിസത്തിനു മുമ്പില്‍ മൗനം പാലിയ്ക്കുന്ന കെ.ആര്‍.മീര തനിക്ക് ലഭിച്ച അവാര്‍ഡ് നിഷേധിച്ച് പ്രതിഷേധിയ്ക്കണമെന്നാണ്. വിശ്വാസ്യതയില്ലാത്ത ജൂറി നിര്‍ണ്ണിയിച്ച ഈ അവാര്‍ഡ് റദ്ദാക്കി പുതിയ സമിതിയെ വച്ച് നോവലിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് പുനര്‍നിര്‍ണ്ണയിയ്ക്കണമെന്ന് ‘സാഹിത്യവിമര്‍ശനം’ മാസിക പത്രാധിപര്‍ സി.കെ.ആനന്ദന്‍പിള്ള കേന്ദ്രസാഹിത്യ അക്കാദമിക്ക് കത്തയച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവാര്‍ഡ് പ്രഖ്യാപനം വന്ന് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ സാഹിത്യലോകത്തെ മലീമസമാക്കിക്കൊണ്ട് ഇത്തരം ചെളിവാരിയെറിയലുകളും ആരംഭിച്ചിരിയ്ക്കുകയാണ്.

വാസ്തവത്തില്‍ കെ.ആര്‍.മീര എന്തു പിഴച്ചു? ഒരുപാട് നിരൂപക പ്രശംസ പിടിച്ചുപറ്റിയ നോവലാണ് മീരയുടെ ‘ആരാച്ചാര്‍’. മാസങ്ങള്‍ നീണ്ട കഠിന തപസ്യയുടെ ഫലമാണ് ബ്രഹത്തായ ഈ നോവല്‍ എന്ന് മീര തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഹിന്ദിയോ ബംഗാളിയോ വശമില്ലാത്ത അവര്‍ ജാതി, മത, വര്‍ഗ്ഗ പിരിമുറക്കങ്ങളുടെ സംഘര്‍ഷഭൂമികയായ കല്‍ക്കത്തയുടെ സാമൂഹ്യപശ്ചാത്തലങ്ങള്‍ നേരിട്ടറിയുവാന്‍ വേണ്ടി പലവട്ടം അവിടേയ്ക്ക് യാത്ര ചെയ്ത്, പഠിച്ചെഴുതിയതാണ് ചേതനയെന്ന പെണ്‍ ആരാച്ചാരുടെ ജീവിതകഥ.

പരത്തിപ്പറച്ചിലിന്റെ വിരസത അവിടവിടെയൊക്കെ അനുഭവപ്പെട്ടേക്കാമെങ്കിലും ആര്‍ദ്രമായൊരു അനുഭവമായി വായനക്കാരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന മനോഹരമായ ഈ സാഹിത്യസൃഷ്ടി ദേശീയതലത്തില്‍ ഉന്നതമായ ഈ അംഗീകാരത്തിന് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ മീരയോടൊപ്പം നമ്മള്‍ മലയാളികളെല്ലാം സന്തോഷിയ്‌ക്കേണ്ടതാണ്. കേരള സാഹിത്യ അക്കാദമിയുടെ നോവല്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിങ്ങനെ മലയാളത്തിലെ എണ്ണം പറഞ്ഞ എല്ലാ പുരസ്‌ക്കാരങ്ങളും നേടിയതിനുശേഷമാണ് ‘ആരാച്ചാര്‍’ക്ക് ഇപ്പോള്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിയ്ക്കുന്നത്. അതിവേഗം പ്രശസ്തിയിലേക്കും പൂര്‍ണ്ണതയിലേയ്ക്കും വളരുന്ന ഈ എഴുത്തുകാരിയെ കലവറയല്ലാതെ അഭിനന്ദിക്കുകയാണ് യഥാര്‍ത്ഥത്തില്‍ നമ്മള്‍ അക്ഷരസ്‌നേഹികള്‍ ചെയ്യേണ്ടത്.

സമീപകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മത തീവ്രവാദികളും സാംസ്‌ക്കാരിക ഫാസിസ്റ്റുകളും എഴുത്തുകാരുടെയും സാംസ്‌ക്കാരിക നായകരുടെയും മേല്‍ നടത്തുന്ന ആക്രമണങ്ങളെയും കൊലപാതങ്ങളെയും പ്രതിരേധിയ്ക്കാനും ഫലപ്രദമായി അപലപിയ്ക്കുവാനും കേന്ദ്രസാഹിത്യ അക്കാദമിയോ കേന്ദ്രസര്‍ക്കാരോ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് നാല്‍പ്പതോളം എഴുത്തുകാരാണ് തങ്ങള്‍ക്ക് ലഭിച്ച പുരസ്‌ക്കാരങ്ങള്‍ തിരിച്ചു നല്‍കിയത്. ശരിയാണ്, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മേല്‍നിലവിലെ ഭരണകൂടം പ്രകടിപ്പിയ്ക്കുന്ന അസഹിഷ്ണുതയും കൂച്ചുവിലങ്ങിടലും അഭിമാനബോധമുള്ള ആര്‍ക്കും വകവച്ചുകൊടുക്കാനാവില്ല. വിഗ്രഹാരാധനയെ വിമര്‍ശിച്ചതിന്റെ പേരില്‍ കന്നഡ സാഹിത്യകാരനും മുന്‍ വൈസ് ചാന്‍സലറുമായ ഡോ.എം.എം. കല്‍ബുര്‍ഗിലെ ഹിന്ദു തീവ്രവാദികള്‍ വെടിവച്ചുകൊന്നതും മുന്‍ പാക്ക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് കസ്തൂരിയുടെ പുസ്തകപ്രകാശനം നടത്തിയതിന്റെ പേരില്‍ മുംബൈയില്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍ ശിവസേനക്കാര്‍ കരിഓയില്‍ ഒഴിച്ചതും വീട്ടില്‍ ബീഫ് സൂക്ഷിച്ചുവച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ഭാദ്രിയില്‍ മുഹമ്മദ് അക്ലക്ക് എന്ന മദ്ധ്യവയസ്‌കനെ മര്‍ദ്ദിച്ചു കൊന്നതുമെല്ലാം അസഹിഷ്ണുതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിന്റെയും ഉദാഹരണമായി കാണേണ്ടതു തന്നെയാണ്. ലോകത്തിനു മുമ്പില്‍ ഇന്ത്യയെന്ന ‘അതിവേഗം വളരുന്ന, വെട്ടിത്തിളങ്ങുന്ന’ രാജ്യം നാണം കെട്ട് നില്‍ക്കുന്ന അവസ്ഥ! ഇതിനെതിരെ പ്രതികരിയ്‌ക്കേണ്ടതും പ്രതിഷേധിയ്‌ക്കേണ്ടതും എല്ലാ എഴുത്തുകാരുടെയും കടമയാണെന്നതില്‍ സംശയമില്ല. പക്ഷേ ‘അവാര്‍ഡ് വാപ്പസിയാണോ ഫലപ്രദമായ പ്രതിഷേധമാര്‍ഗ്ഗമെന്ന് ചിന്തിയ്‌ക്കേണ്ടിയിരിക്കുന്നു.

അവാര്‍ഡുകളും അംഗീകാരങ്ങളും മടക്കിനല്‍കിയവരുടെ കൂട്ടത്തില്‍ പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കിയ പഞ്ചാബി എഴുത്തുകാരി ഡോ.ദലിപ് കൗര്‍ തിവാന മുതല്‍ നമ്മുടെ സ്വന്തം സാറാ ജോസഫ് ടീച്ചര്‍ വരെയുണ്ട്. അക്കാദമി അംഗത്വം രാജിവച്ച കവി സച്ചിദാനന്ദന്‍, കഥാകൃത്ത് പി.കെ. പാറക്കടവ് എന്നിവരും കൂട്ടത്തില്‍പ്പെടുന്നു. ആദരണീയരായ ഈ എഴുത്തുകാരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. അവാര്‍ഡുകള്‍ മടക്കി നല്‍കുന്നത് തങ്ങള്‍ക്ക് അതിനര്‍ഹതയില്ലെന്ന തോന്നല്‍ കൊണ്ടാണെന്ന് എഴുത്തുകാരി പി.വല്‍സലയുടെ പരിഹാസത്തെയും അംഗീകരിയ്ക്കാനാവില്ല. പക്ഷേ ഇന്ന് രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളുടെ പേരില്‍ പണ്ടെന്നോ ലഭിച്ച പുരസ്‌കാരങ്ങള്‍ മടക്കി നല്‍കുന്നതില്‍ എന്തു യുക്തിയാണുള്ളത്? അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും ബാബറി മസ്ജിദ് തകര്‍ത്തപ്പോഴും മൗനികളായിരുന്നവരാണ് പ്രതിഷേധക്കാരില്‍ ചിലരെങ്കിലുമെന്നത്(എല്ലാവരുമല്ല) വിസ്മരിയ്ക്കാന്‍ പാടില്ല. കോഴിക്കോട്ട് മാന്‍ഹോളില്‍ കുടങ്ങിപ്പോയ രണ്ട് മറുനാട്ടുകാരെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ ദാരുണമരമം ഏറ്റുവാങ്ങിയ നൗഷാദിന്റെ കുടുംബത്തെ കേരളസര്‍ക്കാര്‍ സംരക്ഷിക്കാന്‍ നടപടിയെടുത്തപ്പോള്‍ അതില്‍ ജാതി, മത പ്രീണനം കണ്ട് വെള്ളാപ്പള്ളി നടേശന്‍ പരസ്യവിമര്‍ശനം നടത്തിയപ്പോള്‍ കേരളത്തിലെ സാംസ്‌ക്കാരികനായകരില്‍ എത്രപേര്‍ പ്രതികരിച്ചു?

ഒരിക്കല്‍ ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമ്പോള്‍ ഒപ്പം ലഭിച്ച പൊതുജനസമ്മിതിയും കീര്‍ത്തിയും അതുവഴി എഴുത്തുകാര്‍ക്ക് അവരുടെ കൃതിയുടെ വില്‍പ്പനയിലുണ്ടായ കമ്പോള സ്വീകാര്യതയും തിരികെ നല്‍കാനാവില്ല.

കേവലം ഒരു പ്രശസ്തിപത്രിത്തിന്റെയോ അവാര്‍ഡ് തുകയുടെയോ മടക്കിനല്‍കലിലൂടെ ‘അവാര്‍ഡ് വാപ്പസി’ പൂര്‍ണ്ണമാവുകയുമില്ല. പ്രതിഷേധിയ്‌ക്കേണ്ടതിന് എത്രയോ മാര്‍ഗ്ഗങ്ങള്‍ എഴുത്തുകാരുടെ മുമ്പിലുണ്ട്? തൂലിക പടവാളാക്കി അസഹിഷ്ണുതയെ എഴുതിത്തോല്‍പ്പിയ്ക്കുക എന്നതാണ് കൂടുതല്‍ സ്വീകാര്യവും ശക്തവുമായ മാര്‍ഗ്ഗം. പുരസ്‌കാരം മടക്കി നല്‍കാതെ, എന്നാല്‍ ഭരണകൂട ഭീകരതയെയും സംഘപരിവാര്‍ ശക്തികളുടെ അസഹിഷ്ണുതയെയും ശക്തമായി എതിര്‍ത്തുകൊണ്ടിരിയ്ക്കുന്ന മറ്റൊരു കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവായ സക്കറിയ അതിനൊരു മികച്ച ഉദാഹരണമാണ്. സമസ്ത മലയാളികളുടെയും അഭിമാനവും സാഹിത്യകുലപതിയുമായ എം.ടി.വാസുദേവന്‍ നായരും പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്ന രീതിയോട് ഒരു വിധത്തിലും യോജിക്കുവാന്‍ പറ്റില്ലെന്ന് പരസ്യമായി തന്നെ പ്രതികരിച്ചതും നാം കണ്ടതാണ്.

കെ.ആര്‍.മീര ഈ അവാര്‍ഡ് അഭിമാനത്തോടെ തന്നെ സ്വീകരിയ്ക്കണം. ഇതവരുടെ രക്തം വിയര്‍പ്പാക്കി സൃഷ്ടിച്ചെടുത്ത മനോഹരമായൊരു നോവലിന് രാജ്യം നല്‍കുന്ന അംഗീകാരമാണ്. ഡോ.എം. ലീലാവതിയെപ്പോലെയും പ്രൊഫ.എം.കെ.സാനുവിനെപ്പോലെയുമുള്ള ആദരണീയരായ നിരൂപകരുടെ പ്രശംസ പിടിച്ചു പറ്റിയ ‘ആരാച്ചാര്‍’ ഇന്ന് പുസ്തകകമ്പോളത്തിലെ വിലകൂടിയ താരമാണ്. തീര്‍ച്ചയായും മീര ഭരണകൂട ഭീകരയ്‌ക്കെതിരെയും മാധ്യമ, വര്‍ഗ്ഗ, ജാതി അസഹിഷ്ണുതകള്‍ക്കെതിരെയുമുള്ള പ്രതിഷേധങ്ങള്‍ പൂര്‍വ്വാധികം ശക്തിയായി തുടരണം. പ്രകടനങ്ങളിലൂടെയും പ്രതിഷേധ യോഗങ്ങളിലൂടെയും സ്വന്തം കൃതികളിലൂടെയും വിയോജിപ്പുകള്‍ പങ്കുവയ്ക്കുക. പക്ഷേ ഈ അവാര്‍ഡ് മീരയ്ക്ക് മാത്രമുള്ളതല്ല, മലയാളഭാഷയ്ക്ക് മൊത്തം ലഭിച്ച അംഗീകാരമായി കണക്കാക്കണമെന്ന് സ്‌നേഹപൂര്‍വ്വം ഉദ്‌ബോധിപ്പിയ്ക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top