ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു

34721_1450951792കോഴിക്കോട്: ഉണ്ണിയേശു പിറന്നതിന്റെ ആഹ്ലാദസ്മരണയില്‍ ക്രിസ്തുമത വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി യേശു പിറന്നതിന്റെ ഓര്‍മപുതുക്കി വ്യാഴാഴ്ച ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനകളും തിരുപ്പിറവി ആഘോഷങ്ങളും നടന്നു. ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായുള്ള ഇരുപത്തിയഞ്ച് നോമ്പിന് ഇന്നലെ രാത്രിയോടെ പരിസമാപ്തിയായി.

ഡിസംബര്‍ പിറന്നതോടെ വിശ്വാസികള്‍ ക്രിസ്മസിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഭവനങ്ങളില്‍ നക്ഷത്രങ്ങള്‍ നേരത്തെ മിഴിതുറന്നു. അലങ്കാരവിളക്കുകളും പുല്‍കൂടുകളും ക്രിസ്മസ് ഗീതങ്ങളും പുണ്യദിനാഘോഷത്തിന് വര്‍ണശോഭ നല്‍കി. സ്നേഹവും സന്തോഷവും പകര്‍ന്ന് ക്രിസ്മസ് അപ്പൂപ്പന്മാര്‍ തെരുവുകളിലും വീടുകളിലും സജീവമായിരുന്നു.

ഇന്ന് ആഘോഷത്തിന്റെ പകലാണ്. സാഹോദര്യവും കുടുംബബന്ധങ്ങളും പുതുക്കുന്ന സ്നേഹവിരുന്നുകളുടെ ദിനം. പുതുവസ്ത്രമണിഞ്ഞ് കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഒരുപോലെ ഉല്ലാസത്തിന്റെ നിമിഷങ്ങള്‍ പങ്കുവെക്കും. ജോലിയുമായും മറ്റും പരദേശങ്ങളിലുള്ളവര്‍ ക്രിസ്മസ് ആഘോഷിക്കാന്‍ സ്വന്തം ഭവനങ്ങളില്‍ ഒത്തുകൂടും. ഇതര മതവിശ്വാസികളും ആഘോഷത്തില്‍ പങ്കുചേരാനും ആശംസകള്‍ നേരാനുമുണ്ടാവും.

Print Friendly, PDF & Email

Related News

Leave a Comment