ഇന്ത്യയെ ലോകത്തിന്റെ സ്റ്റാര്‍ട്ടപ് തലസ്ഥാനമാക്കുമെന്ന് മോദി

modi1ന്യൂഡല്‍ഹി: ഇന്ത്യയെ ലോകത്തിന്റെ സ്റ്റാര്‍ട്ടപ് തലസ്ഥാനമാക്കാനുള്ള കര്‍മപരിപാടി അടുത്തമാസം പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 16ന് കര്‍മരേഖ പുറത്തിറക്കും. എല്ലാ കേന്ദ്രസര്‍വകലാശാലകളിലെയും സാങ്കേതിക വിദ്യാഭ്യാസകേന്ദ്രങ്ങളിലെയും യുവജനങ്ങളെ കോര്‍ത്തിണക്കിയുള്ള പദ്ധതിയാവും സ്റ്റാര്‍ട്ടപ് ഇന്ത്യ സ്റ്റാന്‍ഡ് അപ് ഇന്ത്യ എന്നപേരില്‍ നടപ്പാക്കുക.

സ്റ്റാര്‍ട്ടപ്പുകള്‍ ഐ.ടി തല്‍പരര്‍ക്കു മാത്രമുള്ളതാണ് എന്ന സങ്കല്‍പത്തെ മാറ്റിമറിക്കണം. രാജ്യത്തെ ദരിദ്രവ്യക്തികളുടെ ശാരീരിക അധ്വാനത്തെ ലഘൂകരിക്കാനാവുന്ന നൂതന ആശയങ്ങള്‍ ഇതുവഴി ഉരുത്തിരിയണം. ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ നരേന്ദ്ര മോദി ആപ് എന്നപേരില്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന് തുടക്കംകുറിക്കും.

ശാരീരിക വെല്ലുവിളി നേരിടുന്നവരെ വികലാംഗര്‍ എന്നതിനുപകരം ദിവ്യാംഗര്‍ എന്നു വിളിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ശാരീരിക വൈഷമ്യങ്ങളുള്ളവരെയും ഭിന്നശേഷിക്കാരെയും അടുത്തു പരിചയപ്പെടുമ്പോഴാണ് അവര്‍ നമ്മുടെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയാത്തവിധം പ്രത്യേക ശക്തിയും കഴിവും ഉള്ളവരാണെന്ന് മനസ്സിലാകുന്നത്. ഇത്തരത്തില്‍ ഏതെങ്കിലും കുറവുകളുള്ളവര്‍ ദൈവീകശക്തിയുള്ള മറ്റൊരവയവം അനുഗ്രഹമായി ലഭിച്ചവരായിരിക്കും. നമുക്കതില്ല.

രാജ്യത്തെ ഗ്രാമങ്ങളെ പൂര്‍ണമായും വൈദ്യുതീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. സബ്സിഡികള്‍ ബാങ്കിലൂടെ നല്‍കുന്ന പദ്ധതി ഗിന്നസ് ബുക്കില്‍ അംഗീകരിക്കപ്പെട്ടു. രാജ്യത്ത് മൗലിക അവകാശങ്ങളെക്കുറിച്ച് ഒട്ടേറെ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും മൗലിക കടമകളെക്കുറിച്ച് കുറച്ചുമാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ സ്കൂളുകളിലും കോളജുകളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മൗലിക കടമകളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. യുവജനങ്ങള്‍ ഇതുസംബന്ധിച്ച് എപ്രകാരം ചിന്തിക്കുന്നുവെന്നറിയാന്‍ താല്‍പര്യമുണ്ടെന്നും സര്‍ക്കാര്‍ പോര്‍ട്ടലിലൂടെ ലേഖനങ്ങള്‍ തനിക്ക് അയച്ചുതരണമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തിനു മുമ്പായി രാജ്യത്തെ എല്ലാ പ്രമുഖ വ്യക്തികളുടെയും പ്രതിമകള്‍ വൃത്തിയാക്കണമെന്ന നിര്‍ദേശവും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. ഈ വര്‍ഷത്തെ ദേശീയ യുവജനോത്സവം സ്വാമി വിവേകാനന്ദ ജയന്തിയായ ജനുവരി 12ന് ഛത്തിസ്ഗഢില്‍ സംഘടിപ്പിക്കും.

Print Friendly, PDF & Email

Leave a Comment