കൊല്‍ക്കത്ത: ജനങ്ങളില്ലാതെ പാര്‍ട്ടിയും നേതാക്കളും ഇല്ലന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ കൊല്‍ക്കത്ത പ്ലീനം റാലി ബ്രിഗേഡ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളാണ് പ്രധാനം. പാര്‍ട്ടി തെറ്റുകള്‍ തിരുത്തി ജനങ്ങളിലേക്ക് ഇറങ്ങുകയാണ്. തീവ്ര വലതുപക്ഷ ശക്തികള്‍ രാജ്യത്തെ വിഴുങ്ങുകയാണ്. ചരിത്രവും ഇന്ത്യന്‍ സംസ്കാരവും തിരുത്തിയെഴുതി കാവിവത്കരണത്തിനുള്ള നീക്കങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നത്. ഇതിനെതിരെ ശക്തമായ ചെറുത്തുനില്പ് അനിവാര്യമായിരിക്കുന്നു. പാക് ക്രിക്കറ്റ് ടീമിനെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കില്ലന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ കൈക്കൊള്ളുന്നത്. പാക് ഗായകന് ഗുലാം അലിയെ ഇന്ത്യയില്‍ പാടാനും അവര്‍ അനുവദിക്കുന്നില്ല. ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുകയാണ്. അതേ സാഹചര്യമാണ് ബംഗാളിലുമുള്ളത്. തൃണമൂലും ബി.ജെ.പിയും പുറമേക്ക് ശത്രുത കാണിക്കുന്നുവെങ്കിലും അകത്ത് ഇരുവരും മിത്രങ്ങളാണ്. മോദിയില്‍നിന്ന് ഇന്ത്യയെയും ദീദിയില്നിന്ന് ബംഗാളിനെയും രക്ഷിക്കണമെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ അഴിമതിഭരണത്തില്‍ ജനങ്ങള്‍ വലയുകയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കുപ്രസിദ്ധമായ ബാര്‍ കോഴക്കേസില്‍ കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ധനമന്ത്രിയായിരുന്ന കെ.എം. മാണിക്ക് രാജിവെക്കേണ്ടിവന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് സോളാര്‍ കേസില്‍ പ്രതിക്കൂട്ടിലായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ വിജയം നേടാനായപ്പോള്‍ ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടക്കും കോണ്‍ഗ്രസിന്റെ അഴിമതിഭരണത്തിനും ജനങ്ങള്‍ ശക്തമായ താക്കീത് നല്കി.
വളരെ നിര്‍ണായക സമയത്താണ് പ്ലീനം നടക്കുന്നത്. പ്ലീനം നല്കുന്ന ഊര്‍ജത്തിലൂടെ സി.പി.എം ബംഗാളിലും കേരളത്തിലും അധികാരത്തില്‍ വരുമെന്ന് പറഞ്ഞു. 1978ല്‍ പ്ലീനം നടന്നതിനു തൊട്ടുപിന്നാലെ നടന്ന 1980ലെ തെരഞ്ഞെടുപ്പില്‍ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേറി. ആറു മാസത്തിനകം ബംഗാളിലും കേരളത്തിലും ഒരേ സമയം നടക്കുന്ന തെരഞ്ഞെടുപ്പില്‍ അതുതന്നെ നടക്കുമെന്നും കോടിയേരി പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരായ വിധിയെഴുത്തായിരിക്കുമെന്ന് പി.ബി അംഗം വൃന്ദ കാരാട്ട് പറഞ്ഞു. വര്‍ഗീയതയെയാണ് ഇരുപാര്‍ട്ടികളും പിന്തുണക്കുന്നത്. സി.പി.എം ഭരണത്തിലായിരുന്നപ്പോള്‍ ഗുജറാത്ത് കലാപത്തിലെ ഇര ഖുത്ബുദ്ദീന്‍ അന്‍സാരിക്ക് ബംഗാള്‍ അഭയം നല്‍കിയെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് അന്‍സാരിയെ പുറത്താക്കുകയായിരുന്നെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news