Flash News

മൂന്നു പേരും ഭായി ഭായി; സോണിയയുടെ ഉത്തരവില്‍ ഉമ്മന്‍ ചാണ്ടിയും സുധീരനും ചെന്നിത്തലയും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി

December 31, 2015 , സ്വന്തം ലേഖകന്‍

Congress leaders pressmeetതിരുവനന്തപുരം: കോണ്‍ഗ്രസില്‍ പടലപ്പിണക്കമില്ലെന്ന് ഘടകകക്ഷികള്‍ക്കു മുന്നില്‍ വരുത്തിത്തീര്‍ക്കാന്‍ സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഒന്നിച്ച് വാര്‍ത്താ സമ്മേളനം നടത്തി. നേതൃത്വവും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് മൂവരും പ്രഖ്യാപിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി യു.ഡി.എഫ് കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയത് ഏറെ ഗുണകരമായെന്ന് സുധീരന്‍ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷയുടെ നിര്‍ദേശപ്രകാരമാണ് സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ നേതാക്കള്‍ തള്ളി. ഐക്യസന്ദേശം നല്‍കാന്‍ ഒന്നിച്ച് മാധ്യമങ്ങളെ കാണാമെന്ന് തങ്ങള്‍ തന്നെയാണ് തീരുമാനിച്ചത്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണ്- സുധീരന്‍ അറിയിച്ചു. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ദേശീയ നേതൃത്വത്തിന് നല്ല മതിപ്പുണ്ട്. പാര്‍ട്ടിയുമായോ, മുന്നണിയുമായോ, സര്‍ക്കാറുമായോ ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ വിവാദപരമായ പരസ്യ പ്രതികരണങ്ങള്‍ തീര്‍ത്തും ഒഴിവാക്കപ്പെടണം. ഘടകകക്ഷികളുമായി നല്ല ബന്ധമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അത് ഊട്ടി ഉറപ്പിക്കുന്നതിനാണ് അവരുമായി മുഖ്യമന്ത്രി പ്രത്യേകം ചര്‍ച്ച നടത്തിയത്. ഇതിനു പുറമെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആശയ വിനിമയവും നടന്നത്. എല്ലാ ഘടകകക്ഷിയുടെയും ആഗ്രഹം മുന്നണിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോവുക എന്നുതന്നെയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ അര്‍പ്പിതമായ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായും നിറവേറ്റുമെന്നും സുധീരന്‍ അറിയിച്ചു.

സുധീരന്‍ പറഞ്ഞത് കൂട്ടായ തീരുമാനവും വികാരവുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചില പോരായ്മകള്‍ സംഭവിച്ചു. എങ്കിലും ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും യു.ഡി.എഫ് നില മെച്ചപ്പെടുത്തി. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കത്ത് വിവാദത്തില്‍ അന്വേഷണം നടത്തേണ്ട കാര്യമില്ലെന്ന് മൂന്ന് നേതാക്കളും പറഞ്ഞു. കത്ത് അയച്ചിട്ടില്ലെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു. പിന്നെ എന്തിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയും ചോദിച്ചു. കത്ത് കിട്ടിയിട്ടില്ലെന്ന് ഹൈക്കമാന്‍ഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മലയാളികള്‍ വായിക്കാത്ത പത്രത്തില്‍ വന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ നടത്തുന്ന ജനരക്ഷായാത്രയുടെ വിജയത്തിന് ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും മൂവരും അറിയിച്ചു.

വ്യക്തിയെ മുന്നില്‍ നിര്‍ത്തിയല്ല, കൂട്ടായ നേതൃത്വത്തിന് കീഴിലായിരിക്കും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മറ്റ് പാര്‍ട്ടികളിലുള്ളതുപോലെ നേതാവിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫില്‍ ഐക്യസന്ദേശം നല്‍കി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നേതാവിനെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന രീതി കോണ്‍ഗ്രസിലില്ല. മുമ്പുമില്ല, ഇനിയുമുണ്ടാവില്ല.

തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി നേതൃത്വവും എം.എല്‍.എമാരുമാണ് നേതാവിനെ തീരുമാനിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ തെരഞ്ഞെടുപ്പിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി എന്ന നിലയില്‍ രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയില്‍ താനും ഉള്‍പ്പെടെ മുഴുവന്‍ പേരും മുന്നിലുണ്ടാകുമെന്ന് സുധീരനും പറഞ്ഞു.
കോണ്‍ഗ്രസില്‍ നേതൃമാറ്റം എന്ന ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ചെന്നിത്തല അറിയിച്ചു. 14 ജില്ലകളിലെയും പ്രവര്‍ത്തകരുമായും നേതാക്കളുമായും ചര്‍ച്ച നടത്തുകയുണ്ടായി. ഒരു കോണില്‍ നിന്നുപോലും അത്തരമൊരു നിര്‍ദേശം വന്നിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top