Flash News

ശമ്പള പരിഷ്കരണ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; പൊതുഅവധി വെട്ടിക്കുറക്കും, പഞ്ചിംഗ് നിര്‍ബന്ധമാക്കും

January 1, 2016 , സ്വന്തം ലേഖകന്‍

5401e41d089fbതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഹാജറിന്റെയും സ്ഥാനക്കയറ്റം കാര്യക്ഷമതയുടെയും അടിസ്ഥാനത്തിലാവണമെന്നും പൊതു അവധികള്‍ വെട്ടിക്കുറക്കണമെന്നും ശമ്പളപരിഷ്കരണ കമീഷന്‍ ശിപാര്‍ശ. റാങ്ക് ലിസ്റ്റുകളുടെ കാലാവധി രണ്ടുവര്‍ഷമായി കുറക്കുക, ജീവനക്കാരുടെ പ്രവര്‍ത്തനം മാസം തോറും വിലയിരുത്തുക, അഡ്മിനിസ്ട്രേറ്റിവ് സര്‍വിസില്‍ സെക്രട്ടേറിയറ്റിനെയും ഉള്‍പ്പെടുത്തുക, അനാവശ്യ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കുക, അധിക ജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളിലേക്കടക്കം പുനര്‍വിന്യസിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. ശമ്പള-പെന്‍ഷന്‍ പരിഷ്കരണ ശിപാര്‍ശകള്‍ പ്രാഥമികമായി നേരത്തേ നല്‍കിയ കമീഷന്‍, സര്‍വിസ് പരിഷ്കാര നിര്‍ദേശങ്ങളാണ് അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത്. കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറി.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണം. ആദ്യം പ്രീമിയം സര്‍ക്കാര്‍ അടക്കുകയും പിന്നീട് ശമ്പളത്തില്‍ നിന്ന് നിശ്ചിത വിഹിതം പിടിക്കുകയും വേണം.

എല്ലാ ഓഫിസിലും പഞ്ചിങ് നിര്‍ബന്ധമാക്കും. വൈകി വരുകയോ നേരത്തേ പോവുകയോ ചെയ്താല്‍ ശമ്പളം സ്വാഭാവികമായി കുറയുന്ന സംവിധാനം വേണം. ഫീല്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് മൊബൈല്‍ വഴി പഞ്ചിങ് നടത്താനാവണം. കാഷ്വല്‍ ലീവ് 20ല്‍ നിന്ന് 15 ആയും വര്‍ഷത്തിലുള്ള 25 അവധികള്‍ 15 ആയും കുറക്കണം. 10 നിയന്ത്രിത അവധികള്‍ അഞ്ചെണ്ണമാക്കി കുറച്ച് ആവശ്യമുള്ളപ്പോള്‍ എടുക്കാനാവും വിധമാക്കണം. ഒരു കാരണവശാലും കൂടുതല്‍ പൊതുഅവധികള്‍ സര്‍ക്കാര്‍ നല്‍കരുത്. വര്‍ഷം 285 പ്രവൃത്തിദിനമെങ്കിലും ഉറപ്പാക്കണം.
ജീവനക്കാരുടെ മികവ് വിലയിരുത്താന്‍ മാസംതോറും പ്രവര്‍ത്തന റിപ്പോര്‍ട്ട് തയാറാക്കണം. ഇതനുസരിച്ചാവണം കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് തയാറാക്കേണ്ടത്. 5000 ലേറെ വരുന്ന അനാദായകരമായ സ്കൂളുകള്‍ പുനഃക്രമീകരിക്കണം.

സെക്രട്ടേറിയറ്റിലെ അധിക തസ്തികകള്‍ നിയന്ത്രിക്കും. അവിടെയുള്ള തസ്തികകള്‍ നിലനിര്‍ത്തുന്നതിനൊപ്പം താഴത്തേട്ടിലുളള ഡെപ്യൂട്ടേഷന്‍ വ്യവസ്ഥ അവസാനിപ്പിക്കണം. ഡെപ്യൂട്ടി/ജോയന്റ്, അഡീഷനല്‍ സെക്രട്ടറിമാരെ ഡെപ്യൂട്ടേഷനില്‍ വിട്ടാല്‍ ആ തസ്തിക സ്ഥാനക്കയറ്റത്തിലൂടെ നികത്തേണ്ടതില്ല. വകുപ്പുകളിലെ അധിക ജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളിലുള്‍പ്പെടെ പുനര്‍വിന്യസിക്കണം. സെക്രട്ടേറിയറ്റിലെ പുതിയ നിയമനങ്ങള്‍ക്ക് രണ്ടുമാസം പരിശീലനം നല്‍കണം.

രണ്ടുവര്‍ഷത്തിലൊരിക്കല്‍ എല്ലാ തസ്തികയിലേക്കും റിക്രൂട്ട്മെന്റ് നടത്തണം. തുല്യതസ്തികകളിലേക്ക് പൊതുപരീക്ഷ. പ്രധാനപ്പെട്ട തസ്തികകളിലേക്ക് രണ്ടുതട്ടിലുള്ള പരീക്ഷ. പ്രത്യേക തസ്തികകളിലേക്ക് ഓപ്ഷന്‍ നല്‍കാന്‍ സംവിധാനം. റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ടുവര്‍ഷത്തിലധികമാകരുത്. സ്ഥാനക്കയറ്റം സര്‍വിസ് കാലാവധിയുടെ അടിസ്ഥാനത്തില്‍ മാത്രമാകരുത്. വ്യക്തമായ മാനദണ്ഡങ്ങള്‍ വേണം. എഴുത്തുപരീക്ഷയുടെയും മറ്റും അടിസ്ഥാനത്തില്‍ യോഗ്യത കണക്കാക്കി സ്ഥാനക്കയറ്റം നല്‍കണം.

പ്രിന്‍സിപ്പല്‍ തഹസില്‍ദാര്‍, അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, പൊലീസ് വകുപ്പിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, ഡിവൈ.എസ്.പി/അസിസ്റ്റന്റ് കമീഷണര്‍ എന്നീ പ്രധാന തസ്തികകളിലെ നിയമനത്തിന് പ്രത്യേക സെലക്ഷന്‍ ബോര്‍ഡുകള്‍ വേണം.

സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഓഡിറ്റ് സംവിധാനം. ഏത് വകുപ്പിലും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാന്‍ അവകാശം നല്‍കണം. അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിയന്ത്രണത്തില്‍ ഇത് കൊണ്ടുവരണം.

ലാറ്ററല്‍ എന്‍ട്രി പോസ്റ്റുകളില്‍ നിശ്ചിത ശതമാനത്തില്‍ മാറ്റം വരുത്തരുത്. പി.എസ്.സി നടപടിക്രമങ്ങളിലൂടെ മാത്രമേ ഇതിനാവശ്യമായ ആള്‍ക്കാരെ കണ്ടത്തൊവൂ. പ്രബേഷന്‍ പൂര്‍ത്തിയാകുന്നതുവരെ ഡെപ്യൂട്ടേഷനോ മറ്റ് ഡ്യൂട്ടികളോ നല്‍കരുത്. അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് ഗുണകരമാകും.

ജീവനക്കാരെ ആവശ്യമുള്ളിടങ്ങളില്‍ മാത്രം നിയമിക്കണം. കൃഷിഭൂമിയില്ലാത്തിടത്ത് കൃഷി ഓഫിസര്‍മാരെയും മൃഗങ്ങളില്ലാത്തിടത്ത് ആ വകുപ്പ് ജീവനക്കാരെയും നിയമിക്കേണ്ട. ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്ന വകുപ്പുകളില്‍ ഫ്രണ്ട് ഓഫിസ് സംവിധാനം ഉണ്ടാക്കണം. കൂടുതല്‍ പേരെ നിയമിക്കാതെ നിലവിലുള്ളവരെ ഇതിന് ഉപയോഗിക്കണം.

ആശ്രിതനിയമനം മൂന്നുവര്‍ഷത്തിനകം വേണം. അല്ലങ്കില്‍ അവകാശം നഷ്ടപ്പെട്ടതായി കണക്കാക്കണം. ഇപ്പോള്‍ 20 വര്‍ഷം വരെ കഴിഞ്ഞ് നിയമനം നടക്കുന്നു. മരിച്ച വ്യക്തിയുടെ ആശ്രിതര്‍ക്ക് 15 വര്‍ഷം അല്ലങ്കില്‍ അയാള്‍ വിരമിക്കുമായിരുന്ന സമയം ഇതില്‍ ഏതാണോ ആദ്യം അതുവരെ മരിച്ചയാള്‍ അവസാനം വാങ്ങിയ ശമ്പളം നല്‍കണം.ആശ്രിതനിയമനം ക്ലാസ് മൂന്ന്, നാല് വിഭാഗങ്ങളില്‍ മാത്രമാക്കണം. വകുപ്പിലെ തസ്തികയുടെ അഞ്ചു ശതമാനത്തിലധികമാവാനും പാടില്ല. ആശ്രിത നിയമനം മറ്റുള്ളവരുടെ സീനിയോറിറ്റിയെ ബാധിക്കരുത്.

സ്പോര്‍ട്സ് ക്വോട്ടയില്‍ നിയമിക്കുന്നവര്‍ക്ക് തുടര്‍നേട്ടങ്ങളുടെ പേരില്‍ സ്ഥാനക്കയറ്റത്തിനുപകരം സാമ്പത്തികസഹായം നല്‍കണം. ഡ്രൈവര്‍ തസ്തിക നിര്‍ത്തി ഡ്രൈവര്‍/ പ്യൂണ്‍ തസ്തികയാക്കി മാറ്റണം. സര്‍ക്കാര്‍ സെക്രട്ടറിമാര്‍ക്കും വകുപ്പുതലവന്മാര്‍ക്കും മാത്രം വാഹനങ്ങള്‍ മതി. ബാക്കിയുള്ളവര്‍ക്ക് ഇന്ധന ചാര്‍ജ് നല്‍കാം. അല്ലങ്കില്‍ വാഹനങ്ങള്‍ വാടകക്കെടുക്കാന്‍ സംവിധാനം ഒരുക്കണം. അധിക വാഹനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കണം. വകുപ്പു തലവന്മാര്‍, സ്പെഷല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ നിയമനത്തിന് സര്‍വിസ് സെലക്ഷന്‍ ബോര്‍ഡ് രൂപവത്കരിക്കണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top