Flash News

അമേരിക്കയില്‍ ‘ചെക്ക് വാഷിംഗ്’ തട്ടിപ്പ് വ്യാപകം; മലയാളികള്‍ ജാഗ്രത പാലിക്കണം

January 3, 2016 , തോമസ് കൂവള്ളൂര്‍

jagratha1ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സ് സിറ്റിയില്‍ ഈയ്യിടെ നടന്ന ‘ചെക്ക് വാഷിംഗ്’ എന്ന തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ വളരെ ആശങ്കയുയര്‍ത്തിയ സംഭവമായിരുന്നു. ന്യൂയോര്‍ക്കില്‍ മാത്രമല്ല അമേരിക്കയിലെമ്പാടും ഇങ്ങനെയുള്ള തട്ടിപ്പുകള്‍ നടക്കുന്നുണ്ട് എന്നതിനുള്ള സൂചനകളും ലഭിച്ചിരുന്നു. ഇതേപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ലേഖനമെഴുതുന്നത്.

കുറേ നാളുകള്‍ക്കു മുന്‍പ് അമേരിക്കയില്‍ അങ്ങോളമിങ്ങോളം ഇന്റേണല്‍ റവന്യൂ സര്‍വീസില്‍ (ഐ.ആര്‍.എസ്സ്) നിന്നും ടാക്സ് കുടിശ്ശിഖ വരുത്തിയതിനാല്‍ വിളിക്കുന്നതാണെന്നും, ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ കുടിശ്ശിഖത്തുക അവര്‍ നിര്‍ദ്ദേശിക്കുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് അയച്ചില്ലെങ്കില്‍ വീട്ടില്‍ വന്ന് അറസ്റ്റു ചെയ്യുമെന്നു ഭീഷണിപ്പെടുത്തി സാധാരണക്കാരില്‍ നിന്നും, പ്രത്യേകിച്ച് ഇന്ത്യാക്കാരായ ഇമിഗ്രന്‍റ്സില്‍ നിന്നും, ടെലിഫോണിലൂടെ വന്‍ തട്ടിപ്പു നടത്തിയ സംഭവം പലരും മറന്നുകാണാനിടയില്ല. എഫ്.ബി.ഐ, ലോക്കല്‍ പോലീസ് ഏജന്‍സികള്‍, തുടങ്ങി വിവിധ ഗവണ്മെന്‍റ് ഏജന്‍സികളുടെ നിരന്തരപരിശ്രമഫലമായി ഇത്തരത്തില്‍ തട്ടിപ്പു നടത്തിയ പലരേയും അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നിന്ന് അറസ്റ്റുചെയ്തു ജയിലിലടച്ചതായും നമ്മള്‍ കേട്ടുകഴിഞ്ഞു. വളരെ വൈകി മാത്രമാണ് ഇന്ത്യാക്കാരായ പലരും ഈ തട്ടിപ്പിനു വിധേയരായിട്ടുണ്ടെന്ന വിവരം ജനം അറിഞ്ഞതു തന്നെ.

അമേരിക്കന്‍ ഗവണ്മെന്‍റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് ഈ തട്ടിപ്പിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരിലധികവും ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരാണെന്നാണ്. വളരെ താമസിച്ചു മാത്രമാണു ഗവണ്മെന്‍റിന് ഈ വിവരം മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ടെലിഫോണ്‍ തട്ടിപ്പു പിടിക്കപ്പെടുന്നു എന്നു മനസ്സിലാക്കിയതുകൊണ്ടാണെന്നു തോന്നുന്നു, തട്ടിപ്പുകാര്‍ അവരുടെ തന്ത്രം മാറ്റി, മെയില്‍ ബോക്സുകളില്‍ നിന്നും വന്‍തോതില്‍ മെയില്‍ മോഷ്ടിച്ച് , അവയില്‍ നിന്നു കിട്ടുന്ന ചെക്കുകളില്‍ കൃത്രിമം നടത്തി വളരെ എളുപ്പത്തില്‍ ആരുമറിയാതെ പണം തട്ടിയെടുക്കുകയാണ് അവര്‍ ചെയ്യുന്നത്. മെയില്‍ ബോക്സുകളില്‍ നിന്നു മോഷ്ടിച്ചെടുക്കുന്ന ബില്ലുകളടങ്ങിയ കവറുകള്‍ ഇക്കൂട്ടര്‍ എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കുകയും, അവയോടൊപ്പമുള്ള ചെക്കുകളിലെ തുകയും ആര്‍ക്കുള്ളതാണെന്നുള്ള വിവരവും മെമ്മോയില്‍ എഴുതിയിരിക്കുന്ന വിവരവും ചില കെമിക്കലുകളുപയോഗിച്ചു പൂര്‍ണമായി മായ്ച്ചു കളഞ്ഞ ശേഷം, തുകയുടെ സ്ഥാനത്തു വന്‍ തുകയും, ആര്‍ക്കുള്ളതാണെന്നുള്ള സ്ഥലത്ത് അജ്ഞാതരായ തട്ടിപ്പുസംഘത്തില്‍പ്പെട്ടവരുടെ പേരും, മെമ്മോയില്‍ ‘പേചെക്ക് അക്കൗണ്ട്’ എന്നുമെഴുതി അന്യ സംസ്ഥാനങ്ങളിലുള്ള ബാങ്കുകളിലൂടെ നിഷ്‌പ്രയാസം ക്യാഷ് ആക്കി എടുക്കുകയാണു ചെയ്യുന്നത്.

ഇത്തരത്തില്‍ വന്‍ തോതില്‍ തട്ടിപ്പു നടന്നുകൊണ്ടിരിക്കുന്ന വിവരം ആദ്യമായി പുറം ലോകത്തിനു നല്‍കിയത് ഈ ലേഖകന്‍ താമസിക്കുന്ന ന്യൂയോര്‍ക്കിലെ വന്‍ നഗരങ്ങളിലൊന്നായ യോങ്കേഴ്സ് സിറ്റി കൗണ്‍സില്‍ മെജോറിറ്റി ലീഡര്‍ ജോണ്‍ ലാര്‍ക്കിന്‍ ആണ്. ഐ.ആര്‍.എസ്സിന്‍റെ ടെലിഫോണ്‍ തട്ടിപ്പുകാര്‍ 2014-ല്‍ ലേഖകന്റെ മകളേയും തട്ടിപ്പിന്നിരയാക്കാന്‍ ശ്രമിച്ചിരുന്നു. ആ വിവരം പോലീസില്‍ റിപ്പോര്‍ട്ടു ചെയ്തതിന്‍റെ ഫലമായി പോലീസ് ഡിപ്പാര്‍ട്ടുമെന്‍റില്‍ ഇത്തരത്തിലുള്ള കേസുകള്‍ അന്വേഷിക്കുന്നതിന് ഒരു പ്രത്യേക ഡിറ്റക്റ്റീവ് സ്‌ക്വാഡിനെ നിയമിക്കുകയും ചെയ്തിരുന്നു. ഏതായാലും യോങ്കേഴ്‌സ് സിറ്റി പോലീസിന് ചെക്ക് മോഷണത്തെപ്പറ്റിയുള്ള പരാതികള്‍ പലരില്‍ നിന്നും ലഭിച്ചതിന്‍റെ വെളിച്ചത്തില്‍ പോലീസ് അന്വേഷണം നടത്തിയപ്പോഴാണു ചെക്കുകള്‍ കെമിക്കലുകളുപയോഗിച്ചു’വാഷ്’ ചെയ്തു കൃത്രിമം നടത്തിയതായി കണ്ടെത്തിയത്.

ഇത്തരത്തില്‍ നടക്കുന്ന സംഭവം സിറ്റി കൗണ്‍സിലില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്തു കഴിഞ്ഞപ്പോഴാണ് ലേഖകന്റെ വളരെ അടുത്ത ഒരു സുഹൃത്തിനും ഇത്തരത്തില്‍ ഒരനുഭവമുണ്ടായെന്ന കാര്യം മനസ്സിലായത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ഒരനുഭവമുണ്ടായാല്‍, അതെങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ മാനസികമായി വിഷമിയ്ക്കുക സ്വാഭാവികമാണ്. ചുരുക്കം ചിലരെങ്കിലും ആരേയുമറിയിക്കാതെ, പോയതു പോകട്ടെ എന്നു വയ്ക്കും. സാമ്പത്തികമായി കഴിവുള്ളവരും സ്വന്തമായി വക്കീലന്മാരുള്ളവരുമാണെങ്കില്‍ എല്ലാം വക്കീലന്മാരെ ഏല്പിക്കും. ഒടുവില്‍ വക്കീലന്മാര്‍ നഷ്ടപ്പെട്ട തുകയേക്കാള്‍ കൂടുതല്‍ അവരുടെ ഫീസിനത്തില്‍ വസൂലാക്കി എടുക്കുകയും ചെയ്യും.

ഏതായാലും എന്റെ സുഹൃത്തും അദ്ദേഹത്തിന്‍റെ ഭാര്യയും അവര്‍ക്കുണ്ടായ അനുഭവം എന്നെ അറിയിയ്ക്കുന്നതു സംഭവം നടന്ന ശേഷം രണ്ടു മാസം കഴിഞ്ഞപ്പോഴാണ്. ഈ സംഭവം പോലീസില്‍ അറിയിയ്ക്കാന്‍ പോലീസ് സ്റ്റേഷന്‍ വരെയൊന്നു വരാമോയെന്ന് എന്റെ സുഹൃത്ത് ചോദിച്ചപ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പോലീസ് സ്റ്റേഷനില്‍ പോകേണ്ട ആവശ്യമില്ലെന്നും, പോലീസിനെ വീട്ടിലേയ്ക്കു തന്നെ വിളിച്ചുവരുത്താമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്കു വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല. കാരണം, പരാതി കൊടുക്കാന്‍ പോലീസ് സ്റ്റേഷനില്‍ പോയേ പറ്റൂ എന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. ഇതാണു നമ്മുക്കിടയിലെ സാധാരണക്കാരില്‍ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. അവരുടെ അറിവില്ലായ്മയില്‍ സഹതപിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലല്ലോ.

സാധാരണക്കാരായ ജനങ്ങളുടെ അറിവിലേക്കായി, എന്‍റെ സുഹൃത്തിനും ഭാര്യക്കും ഉണ്ടായ അനുഭവം ഇവിടെ പങ്കുവയ്ക്കുകയാണ്. ഇതിലൂടെ ആര്‍ക്കെങ്കിലും പ്രയോജനം ലഭിക്കുമെങ്കില്‍ ലഭിക്കട്ടെ എന്ന സദുദ്ദേശത്തോടെ……

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 14-നാണ് ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന, തുച്ഛമായ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്ന, എന്‍റെ സുഹൃത്തും ഭാര്യയും മാസം തോറും എ.എ.ആര്‍.പി. പിയുടെ മെഡിക്കെയര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന്റെ ഭാഗമായി അയയ്ക്കാറുള്ള രണ്ടു ചെക്കുകള്‍ യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ കവറില്‍ അയച്ചുകൊടുത്തത്. സാധാരണ ചെയ്യുന്നതുപോലെ അവരുടെ താമസസ്ഥലത്തിനടുത്തുള്ള യുണൈറ്റഡ് പോസ്റ്റല്‍ സര്‍വീസിന്‍റെ വക മെയില്‍ ബോക്സിലാണ് കവര്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍, ഒക്റ്റോബര്‍ മാസത്തെ പണം കുടിശ്ശിഖയായെന്നും, രണ്ടു മാസത്തെ ബില്ല് അടയ്ക്കാനുണ്ടെന്നു കാണിച്ച് യുണൈറ്റഡ് ഹെല്‍ത്ത് കെയറില്‍ നിന്നു നോട്ടീസു വന്നപ്പോഴാണ് ജോര്‍ജും ഭാര്യയും ഞെട്ടിയത്. ചെക്കു മോഷണം പോയതാണെന്ന് ആദ്യം അറിഞ്ഞില്ലെങ്കിലും, തങ്ങള്‍ കൃത്യദിവസം പോസ്റ്റ് ചെയ്ത ചെക്കുകള്‍ എവിടെപ്പോയി എന്ന ആകാംക്ഷയില്‍ അവര്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് നോക്കി. അവര്‍ എഴുതിയ ഒരു ചെക്കിലെ തുക 69 ഡോളറായിരുന്നു. എന്നാല്‍ ആ ചെക്കിലെ തുക 1500 ഡോളര്‍ ആണെന്നാണ് സ്റ്റേറ്റ്മെന്റില്‍ കാണിച്ചിരിക്കുന്നത്.

ഉടനെ സുഹൃത്തും ഭാര്യയും അവരുടെ ബാങ്കായ ചേയ്സ് ബാങ്കില്‍ ചെന്ന് മാനേജരെക്കണ്ടു വിവരം ധരിപ്പിച്ചു. അപ്പോഴാണ് അവര്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന വിവരം അവര്‍ അറിയുന്നത്. 69 ഡോളറിന്റെ ചെക്ക് 1500 ഡോളര്‍ എന്നാക്കി മൈക്കിള്‍ സി ഫോസ്റ്റര്‍ എന്ന പേരില്‍ ഒരാള്‍ അയാളുടെ അക്കൗണ്ടിലൂടെ വിര്‍ജീനിയയിലെ റിച്ച്മണ്ട് എന്ന സ്ഥലത്തുള്ള ക്യാപ്പിറ്റല്‍ വണ്‍ എന്ന ബാങ്കിന്‍റെ ബ്രാഞ്ചില്‍ ക്യാഷ് ചെയ്തിരിക്കുന്നു..!! രണ്ടു ചെക്കുകളില്‍ ഒന്നു മാത്രമേ ക്യാഷ് ചെയ്തിട്ടുള്ളൂ എന്നു കണ്ട സുഹൃത്ത് മാനേജര്‍ പറഞ്ഞതനുസരിച്ച് രണ്ടാമത്തെ ചെക്ക് ‘സ്റ്റോപ്പ് പെയ്മന്റ്’ ചെയ്യിച്ചു. കൂടാതെ അവരുടെ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്ത് പുതിയ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തു.

അനധികൃതമായി ബാങ്കിടപാടു നടത്തിയിരിക്കുന്നതിനാല്‍ അതിനെതിരേ നടപടികളെടുക്കാന്‍ ഒരു സത്യവാങ്മൂലവും പൂരിപ്പിച്ച് അതൊരു നോട്ടറിയെക്കൊണ്ട് അറ്റസ്റ്റു ചെയ്യിച്ചു കൊണ്ടുവരാന്‍ മാനേജര്‍ പറഞ്ഞതനുസരിച്ച് അതും അവര്‍ക്ക് ചെയ്യേണ്ടി വന്നു. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ബലിയാടുകളാകേണ്ടിവന്ന സുഹൃത്തിനേയും ഭാര്യയേയും ബാങ്ക് മാനേജര്‍ക്കു സഹായിക്കാമായിരുന്നു. എല്ലാ ബാങ്കുകളിലും നോട്ടറികളുണ്ട്. അവര്‍ക്ക് വേണമെങ്കില്‍ ആ സത്യവാങ്മൂലം നോട്ടറൈസ് ചെയ്യാമായിരുന്നു. കൂടാതെ, ‘സ്റ്റോപ്പ് പെയ്മെന്റിന്’ ബാങ്ക് ഈടാക്കിയ 30 ഡോളര്‍ ഒഴിവാക്കുകയുമാകാമായിരുന്നു. ഇവ രണ്ടും ചെയ്യാന്‍ ബാങ്ക് മാനേജര്‍ക്ക് അധികാരവുമുണ്ട്. അതിനുവേണ്ടി ശബ്ദമുയര്‍ത്താന്‍ സുഹൃത്തിനും ഭാര്യയ്ക്കും കഴിഞ്ഞില്ല എന്നുള്ളത് നിരാശാജനകമാണ്. സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന മാനേജരുടെ നിര്‍ദ്ദേശമനുസരിച്ചാണ് ആ വൃദ്ധദമ്പതികള്‍ എന്‍റെ സഹായം തേടിയത്.

നവംബര്‍ 30-ന് സുഹൃത്തിന്‍റെ വീട്ടില്‍ പോയി സംഭവത്തെക്കുറിച്ച് വിശദമായി ചോദിച്ച് മനസ്സിലാക്കുകയും, കിട്ടാവുന്ന രേഖകളെല്ലാം ശേഖരിക്കുകയും യോങ്കേഴ്‌സ് പോലീസില്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഒരു സാമൂഹ്യപ്രവര്‍ത്തകനായ ഞാന്‍ എന്റെ സുഹൃത്തിനെ സഹായിക്കുകയാണെന്നും പോലീസിനെ ധരിപ്പിച്ചു. അധികം താമസിയാതെ രണ്ട് പോലീസ് ഓഫീസര്‍മാര്‍ സ്ഥലത്തെത്തി. ചെക്ക് അയച്ചുകൊടുത്തിരുന്ന വിവരം ഇന്‍ഷ്വറന്‍സ് കമ്പനിക്കാരെ അറിയിച്ചോ എന്നു ചോദിച്ചപ്പോഴാണ് അതു മാത്രം ചെയ്തിട്ടില്ല എന്നറിയാന്‍ കഴിഞ്ഞത്. ഇത്രയും നാള്‍ കഴിഞ്ഞിട്ടും എന്‍റെ സുഹൃത്തും ഭാര്യയും ഇന്‍ഷൂറന്‍സ് കമ്പനിയെപ്പോലും വിവരം അറിയിച്ചിട്ടില്ലെന്ന് അപ്പോഴാണു ഞാനും അറിയുന്നത്.

ഇന്‍ഷ്വറന്‍സ് കമ്പനിയെ വിവരമറിയിച്ച് ആ റിപ്പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ച് പോലീസ് ഓഫീസര്‍മാര്‍ തിരിച്ചു പോയി. വാസ്തവത്തില്‍ ഇങ്ങനെയുള്ള സംഭവങ്ങളുണ്ടാകുമ്പോള്‍ അജ്ഞതകൊണ്ട് എന്താണ് ചെയ്യേണ്ടതെന്നറിയാത്ത സാധാരണക്കാരായ ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് പോലീസുകാരുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഇവിടെ സംഭവിച്ചതോ നേരെ തിരിച്ചും. ഈ സംഭവം നേരില്‍ കണ്ടപ്പോള്‍ പോലീസുകാരുടെ അനാസ്ഥ വ്യക്തമായി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നതാണ് സത്യം

വാസ്തവത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുമ്പോള്‍ നമ്മുടെ സമൂഹത്തില്‍ പെട്ട സാധാരണക്കാരെ ബോധവല്‍ക്കരിക്കേണ്ട കടമ ആരുടേതാണ്? ജനങ്ങളില്‍ നിന്നും വന്‍തോതില്‍ സംഭാവനകള്‍ പിരിച്ച് അതിന്റെ തണലില്‍ വളര്‍ന്നു വലുതാകുന്ന സാമൂഹിക-സാംസ്ക്കാരിക-മതസംഘടനകള്‍ക്ക് ആ ഉത്തരവാദിത്വബോധമുണ്ടായിരുന്നെങ്കില്‍ വളരെയധികം അനര്‍ത്ഥങ്ങള്‍ ഒഴിവാക്കാമായിരുന്നില്ലേ? ഇനിയെങ്കിലും അവരെ വളര്‍ത്തി വലുതാക്കുന്ന ജനങ്ങള്‍ക്ക് സഹായകരമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കണ്‍വെന്‍ഷനുകള്‍ നടത്തിയതുകൊണ്ടോ, നാട്ടിലുള്ള നേതാക്കള്‍ക്കു മാലയിട്ടു സ്വീകരണം നല്‍കിയതുകൊണ്ടോ ഈ പ്രവാസഭൂമിയില്‍ താമസിക്കുന്ന സാധാരണക്കാരായ മലയാളികള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ? ഈ വക കാര്യങ്ങള്‍ ഇതുപോലുള്ള അനുഭവങ്ങള്‍ വരുമ്പോഴെങ്കിലും ചിന്തിക്കുന്നതു നന്നായിരിക്കും.

2015 ഡിസംബര്‍ ഒന്നാം തീയതി ഞാന്‍ വീണ്ടും സുഹൃത്തിന്റെ വീട്ടില്‍ പോയി. യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്‍റെ ഫ്രോഡ് ഡിപ്പാര്‍ട്ടുമെന്‍റില്‍ വിളിച്ച് ചെക്ക് അയച്ചുകൊടുത്തിരുന്ന വിവരവും ചെക്കില്‍ കൃത്രിമം നടത്തി മൈക്കിള്‍ സി ഫോസ്റ്റര്‍ എന്നയാള്‍ 1500 ഡോളര്‍ തട്ടിച്ചെടുത്ത വിവരവും അറിയിച്ചു. അവര്‍ രണ്ടുമൂന്നു വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളിലേയ്ക്കു കോള്‍ ട്രാന്‍സ്‌ഫര്‍ ചെയ്തു; ഒടുവില്‍ അവര്‍ക്കു ചെക്കു കിട്ടിയിട്ടില്ലെന്നും അതിനാല്‍ ഒന്നും ചെയ്യാനില്ലെന്നും മെയില്‍ മോഷണവും ഫ്രോഡും ആയതിനാല്‍ യു. എസ്. പോസ്റ്റല്‍ ഇന്‍സ്പെക്‌ഷന്‍ സര്‍വീസില്‍ വിളിക്കാനും പറഞ്ഞ് അവര്‍ കൈമലര്‍ത്തി.

ഡിസംബര്‍ രണ്ടിന് യു. എസ്. പോസ്റ്റല്‍ ഇന്‍സ്പെക്‌ഷന്‍ സര്‍വീസില്‍ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഡിസംബര്‍ ആറിന് ഓണ്‍ലൈനിലൂടെ മെയില്‍ മോഷണവും, മെയില്‍ ഫ്രോഡും (കൃത്രിമം) നടന്നതായി പരാതികള്‍ ഫയല്‍ ചെയ്തു.

ഇത്രയും ചെയ്തെങ്കിലും പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കില്‍ മാത്രമേ നടപടി പൂര്‍ത്തിയാവുകയുള്ളൂ എന്നു ഞാന്‍ മനസ്സിലാക്കി. അതനുസരിച്ച് യോങ്കേഴ്‌സ് പോലീസ് ഡിപ്പാര്‍ട്ടുമെന്‍റില്‍ മെയില്‍ മോഷണവും മെയിലിലെ കൃത്രിമവും കൈകാര്യം ചെയ്യുന്ന സ്പെഷ്യല്‍ ഡിറ്റക്റ്റീവുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം അധികം താമസിയാതെ രണ്ടു പോലീസ് ഓഫീസര്‍മാര്‍ സുഹൃത്തിന്റെ വീട്ടിലെത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും റിപ്പോര്‍ട്ട് റിക്കാര്‍ഡ് ചെയ്യുകയും ചെയ്തു.

ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നാം നേരിടുമ്പോള്‍ അത് രഹസ്യമായി സൂക്ഷിക്കാതെ ഉത്തരവാദിത്വമുള്ളവരെ അറിയിക്കണമെന്നതാണ് ഈ സംഭവത്തില്‍ നിന്നു മനസ്സിലാക്കാനുള്ളൊരു കാര്യം. മറ്റൊന്ന്, സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നാം പോലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങേണ്ടതില്ലെന്നതും, പോലീസിനെ നമ്മുടെ വീട്ടിലേയ്ക്കു വിളിച്ചുവരുത്തി അവരെക്കൊണ്ടു റിപ്പോര്‍ട്ടെഴുതിക്കാന്‍ ശ്രമിക്കുകയാണു വേണ്ടതെന്നതുമാണ്. കൂടാതെ, പോലീസിനോട് സംഭവം വിവരിക്കുമ്പോള്‍ ചുരുക്കിപ്പറയാനും ശ്രദ്ധിക്കണം.

ലോക്കല്‍ പോലീസും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റും മറ്റു ഏജന്‍സികളും ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ എന്റെ സുഹൃത്തിനും ഭാര്യക്കും നീതി ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു.

ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ പരിഭ്രാന്തരാകാതെ സം‌യമനം പാലിക്കുകയും സാമൂഹ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും ചെയ്താല്‍ ധനനഷ്ടവും സമയനഷ്ടവും ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്. ഈ സംഭവത്തെപ്പറ്റി അറിഞ്ഞ പലരും ഒരു വക്കീലിനെ കാണാനാണ് സുഹൃത്തിനെ ഉപദേശിച്ചത്. ഇത്തരത്തിലുള്ള കേസുകള്‍ സാധാരണ വക്കീലന്മാര്‍ എടുക്കാറില്ലെന്നും അഥവാ എടുത്താല്‍ തന്നെ ഭീമമായ ഫീസും വസൂലാക്കുമെന്നുകൂടി ഓര്‍ക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top