പത്താന്‍‌കോട്ട് ഭീകരാക്രമണം; ആരാണ് യഥാര്‍ത്ഥ പ്രതികള്‍ ? (എഡിറ്റോറിയല്‍)

pathankot2

രാജ്യത്തിന്റെ ഏഴ് ധീരജവാന്മാരുടെ ജീവന്‍ കവര്‍ന്ന ഭീകരരെ ഉന്മൂലനം ചെയ്തു….പത്താന്‍കോട്ട് ഇപ്പോള്‍ വെടിയൊച്ചകളില്ല….എല്ലാം നിശ്ശബ്ദം…!!! പക്ഷെ, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.

വന്‍ സുരക്ഷാ സംവിധാനമുള്ള വ്യോമസേനാ താവളത്തിലേക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി ഭീകരര്‍ക്ക് എങ്ങനെ എത്തിപ്പെടാന്‍ കഴിഞ്ഞു എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരില്‍ ആരുടെടെയെങ്കിലും പിന്തുണ ഭീകരര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യമാണുയരുന്നത്. ഗുരുദാസ്‌പൂര്‍ പോലീസ് സൂപ്രണ്ടും, അയാളുടെ പാചകക്കാരനും, ഒരു സുഹൃത്തും തീര്‍ത്ഥയാത്രക്കു പോയി മടങ്ങും വഴി അവരെ ഭീകരര്‍ ആക്രമിച്ചെന്നും, വാഹനം തട്ടിയെടുത്ത് അതില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് പത്താന്‍‌കോട്ടുള്ള വ്യോമകേന്ദ്രത്തിലേക്ക് പോയി ആക്രമണം നടത്തിയെന്നു പറയുന്നതില്‍ എത്രത്തോളം സത്യമുണ്ട്? തന്നെയുമല്ല, രാത്രി പന്ത്രണ്ടു മണിക്ക് മഫ്‌ടിയില്‍ യാത്ര ചെയ്യുന്ന പോലീസ് സൂപ്രണ്ട് സല്‍‌വിന്ദര്‍ സിംഗിന് ഔദ്യോഗിക വാഹനം ഉപയോഗിക്കേണ്ട ആവശ്യമില്ല, അതുപോലെ ഇത്രയും തന്ത്രപ്രധാനമായ ആ മേഖലയില്‍ കൂടി യാത്ര ചെയ്യേണ്ട ആവശ്യവുമില്ലെന്ന് ആര്‍മി ഇന്റലിജന്‍സും പറയുന്നു. ഇവരെ റാഞ്ചിയ ഭീകരര്‍ അവരെ മാരകമായി പരുക്കേല്പിച്ച് വഴിയില്‍ തള്ളിയെന്നൊക്കെ പറയുന്നതില്‍ ദുരൂഹതകള്‍ ഏറെയുണ്ട്.

രാജ്യമൊട്ടാകെ പാക്കിസ്ഥാനെ പഴി ചാരുമ്പോള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വളരെ മുന്‍‌പുതന്നെ ഇങ്ങനെയൊരു ആക്രമണം നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന് പ്രതിരോധ മന്ത്രാലയത്തേയും ബന്ധപ്പെട്ട രാജ്യരക്ഷാ വകുപ്പുകളേയുമൊക്കെ അറിയിച്ചിട്ടും അതൊന്നും മുഖവിലയ്ക്കെടുക്കാതെ അലംഭാവം കാണിച്ച ഇന്ത്യന്‍ ഭരണകൂടത്തിന്റെ കഴിവുകേടാണ് ഈ ആക്രമണമെന്ന് സമ്മതിക്കുന്നില്ല. കാറ്റു വിതച്ച് കൊടുങ്കാറ്റു കൊയ്യുന്ന സ്ഥിതിയിലാണ് പാക്കിസ്ഥാന്‍. ഇന്ത്യക്കുനേരെ ആക്രമണം അഴിച്ചുവിടാനും, ഇന്ത്യയെ അസ്ഥിരപ്പെടുത്താനും ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തി വലുതാക്കിയ ഭീകര പ്രവര്‍ത്തകര്‍ ഇപ്പോള്‍ അവര്‍ക്കുതന്നെ വിനയായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. അടുത്ത കാലങ്ങളില്‍ പാക്കിസ്ഥാനില്‍ നടന്ന ആക്രമണങ്ങള്‍ അതിനുദാഹരണമാണ്. ‘തങ്ങള്‍ ഈ ഭീകര പ്രവര്‍ത്തകരുടെ  ഇരകളാണിപ്പോള്‍’ എന്ന് പാക്കിസ്ഥാന്‍ പ്രധാന മന്ത്രി നവാസ് ഷരീഫ് ഒരിക്കല്‍ പറഞ്ഞതിന്റെ പൊരുളും അതുതന്നെ.

ഇന്ത്യന്‍ പ്രധാന മന്ത്രിമാര്‍ എപ്പോള്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ടോ അതിന്റെ പിറ്റേ ദിവസം ഇങ്ങനെയുള്ള ഭീകരാക്രമണങ്ങള്‍ അതിര്‍ത്തിയില്‍ നടക്കുന്നത് പതിവാണ്. ഇത്തവണ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ‘മിന്നല്‍’ സന്ദര്‍ശനം സമ്മിശ്ര പ്രതികരണങ്ങളാണ് ഇരു രാജ്യങ്ങളില്‍ നിന്നും ഉണ്ടായത്. വിമര്‍ശനങ്ങളും പരാമര്‍ശനങ്ങളുമൊക്കെ ഉണ്ടായെങ്കിലും നല്ലൊരു നാളെയെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അശുഭകരമായ ആ വാര്‍ത്ത കേള്‍ക്കുന്നത്.

മുന്‍കൂട്ടി ഇന്‍റലിജന്‍സ് വിവരമുണ്ടായിട്ടും ഭീകരാക്രമണം നേരിടുന്നതില്‍ സംഭവിച്ച സുരക്ഷാ വീഴ്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്ര മന്ത്രിസഭയിലെ ഏകോപനമില്ലായ്മയും പഞ്ചാബ് സര്‍ക്കാറിന്‍െറ ഉദാസീനതയും നിമിത്തമാണ് ഭീകരാക്രമണം നേരിടുന്നതില്‍ ഗുരുതരമായ പിഴവു പറ്റിയതെന്നും ആവര്‍ ആരോപിക്കുന്നു. ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പു കൊടുത്തിട്ടും സൈനികനീക്കത്തിന്‍െറ പൂര്‍ണ നിയന്ത്രണം പ്രധാനമന്ത്രിയോ പ്രതിരോധ, ആഭ്യന്തര മന്ത്രിമാരോ ഏറ്റെടുത്തതുമില്ല. ഭരണത്തിലേറി 19 മാസത്തിനുള്ളില്‍ 33 വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സ്വന്തം ‘മോടി’ കൂട്ടുകയും സെല്‍‌ഫിയെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റു ചെയ്യാനുമാണ് നരേന്ദ്ര മോദി സമയം ചിലവഴിച്ചതെന്നും പരിഹസിക്കുന്നവര്‍ അതിലേറേ. സ്വന്തം രാജ്യത്തിന്റേയും  ജനങ്ങളുടെ സുരക്ഷയുടേയും കാര്യത്തില്‍ മോദി അമ്പേ പരാജയപ്പെട്ടിരിക്കുകയാണെന്ന് ഈ ഭീകരാക്രമണത്തിലൂടെ മനസ്സിലായിരിക്കുന്നതെന്ന ആരോപണവും പ്രധാന മന്ത്രി നേരിട്ടുകൊണ്ടിരിക്കുന്നു.

രണ്ട് ഇന്‍ഫന്ററി ഡിവിഷനും രണ്ട് സായുധ ബ്രിഗേഡും അടക്കം അരലക്ഷം പട്ടാളക്കാരുള്ള ഇന്ത്യയുടെ ഏറ്റവും വലിയ കന്‍േറാണ്‍മെന്‍റ് പത്താന്‍കോട്ട് ഉണ്ട്. ഇന്‍റലിജന്‍സ് വിവരം കിട്ടിയിട്ടും ഈ സായുധസന്നാഹം വ്യോമകേന്ദ്രം വളയാന്‍ ഉപയോഗപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

ആക്രമണത്തില്‍ പാക് തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിട്ടുണ്ടെങ്കിലും ആ തെളിവുകള്‍ കൊണ്ട് മാത്രം ഇപ്പോള്‍ സംഭവിച്ച മുറിവുണക്കാന്‍ കഴിയുമോ? പാക് സര്‍ക്കാര്‍ ഭീകരര്‍ക്ക് ഒത്താശ ചെയ്തു കൊടുത്തെങ്കില്‍ ആ ഭീകരരെ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ എളുപ്പ വഴി പറഞ്ഞും കാണിച്ചും കൊടുത്തത് ഇന്ത്യന്‍ സേനയിലെ തന്നെ രാജ്യദ്രോഹികളല്ലേ? അവരെ എന്തു ചെയ്യും? ഇപ്പോള്‍ ആക്രമണം നടന്ന വ്യോമസേനാ ആസ്ഥാനത്തിന്റെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിദേശ വനിതക്ക് ചോര്‍ത്തിക്കൊടുത്ത ആ മലയാളി മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ എന്തു ചെയ്യും?

ഗുര്‍ദാസ്‌പൂര്‍ എസ്.പി. യുടെ വാഹനം തട്ടിയെടുത്തതും, സുഹൃത്തിനെ ആക്രമിച്ചതും, മൊബൈല്‍ ഫോണുകള്‍ ഭീകരര്‍ കൊണ്ടുപോയെന്നുമൊക്കെ ഇതേ എസ്.പി. തന്നെയാണ് പോലീസില്‍ അറിയിച്ചത്. പക്ഷെ, ഭീകരര്‍ ആക്രമിച്ചെന്നു പറയുന്നുണ്ടെങ്കിലും എസ്.പി.ക്ക് യാതൊരു പരുക്കുമില്ല. പോലീസില്‍ വിവരം അറിയിച്ച് 24 മണിക്കൂറിനുശേഷമാണ് ഭീകരരും സൈന്യവും വെടിവയ്പ്പ് തുടങ്ങിയതത്രെ. ദുരൂഹമായ ഈ തട്ടിക്കൊണ്ടുപോകല്‍ കഥയെ ചുറ്റിപ്പറ്റി പൊലീസിനും സൈന്യത്തിനും ഇടയില്‍ സംശയങ്ങള്‍ മുളപൊട്ടിയിരിക്കുകയാണ്. ഗണ്‍മാനില്ലാതെ എസ്.പി. സഞ്ചരിച്ചതും ഭീകരര്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ കാര്‍ തന്നെ റാഞ്ചിയതും, എസ്.പി.യടക്കം യാത്രക്കാരെ കൊല്ലാതെ വിട്ടതുമൊന്നും സൈന്യത്തിന്‍റെ യുക്തിക്ക് ദഹിക്കുന്നില്ല. പൊലീസാണെങ്കില്‍ തങ്ങളുടെ എസ്.പി.യുടെ കൈയില്‍ത്തന്നെ ഭീകരര്‍ വന്നുചാടിയതും അദ്ദേഹം സമര്‍ഥമായി നാടകം കളിച്ച് പിടിച്ചുനിന്ന് വിവരം കൈമാറിയതിനാല്‍ രാജ്യം രക്ഷപെട്ടു എന്നുമൊക്കെ മേനി നടിക്കുന്നു.

എസ്.പി. ഉള്‍പ്പെട്ട ഒരു കെട്ടുകഥയോ അതല്ല മയക്കുമരുന്ന് കടത്ത് പോലെ മറ്റെന്തെങ്കിലും കുറ്റകൃത്യമോ ആകാം ഈ തട്ടിക്കൊണ്ടുപോകല്‍ കഥയുടെ പിന്നിലെന്നു കരുതുന്നു ചിലര്‍. അതല്ല എസ്പി തന്നെ ഭീകരരെ സഹായിച്ചിരിക്കാം എന്നു വിശ്വസിക്കുന്നു മറ്റു ചിലര്‍. കഥയുടെ ചുരുളഴിക്കാന്‍ അന്വേഷണ സംഘം എസ്.പി.യേയും കൂട്ടരെയും ഇപ്പോഴും ചോദ്യം ചെയ്യുകയാണെന്നും പറയുന്നു.

ഇവിടെ ഒരു കാര്യം വ്യക്തമാണ്. ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി ഇന്ത്യക്കു നേരെ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ നടത്തിയ/നടത്തിക്കൊണ്ടിരുന്ന കുത്സിത പ്രവര്‍ത്തികള്‍ക്ക് തിരിച്ചടിയാണ് ഈ ആക്രമണത്തിലൂടെ മനസ്സിലാകുന്നത്. ഒപ്പം പാക് ഭീകരര്‍ക്ക് ഇന്ത്യയില്‍ നിന്നു തന്നെ സഹായങ്ങളും ആവശ്യാനുസരണം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ബോംബെ ടാജ് ഹോട്ടല്‍ ആക്രമണം തന്നെ ഉദാഹരണം. വന്‍ സുരക്ഷാസംവിധാനമുള്ള വ്യോമസേനാ താവളത്തിലേക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി ഭീകരര്‍ക്ക് അനായാസം എത്തിപ്പെടാന്‍ കഴിഞ്ഞത് ഇന്ത്യന്‍ അതിര്‍ത്തി സേനയിലെതന്നെ ചിലരുടെ സഹായം ലഭിച്ചതുകൊണ്ടു തന്നെയാണ്. അപ്പോള്‍ ആരാണ് യഥാര്‍ത്ഥ പ്രതികള്‍? അതിനുത്തരം നല്‍കേണ്ടത് പ്രതിരോധ മന്ത്രാലയമാണ്.

ചീഫ് എഡിറ്റര്‍

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News