Flash News

The last bus for CPI(M) – സി.പി.എമ്മിന്റെ അവസാനത്തെ ബസ്

January 7, 2016 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

cpm bus-1ബഹുജന പാതയിലെ വിപ്ലവപാര്‍ട്ടിയാകുമെന്ന പ്രതിജ്ഞയോടെയാണ് സി.പി.എമ്മിന്റെ കൊല്‍ക്കത്തപ്ലീനം പുതുവര്‍ഷ പിറവിക്കു തൊട്ടുമുമ്പ് സമാപിച്ചത്. ശുദ്ധീകരിക്കപ്പെട്ട, ആരോഗ്യമുള്ള ഒരു കുഞ്ഞായി പ്ലീനത്തില്‍നിന്ന് പാര്‍ട്ടി പുറത്തുവന്നെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

പ്ലീനം കടന്ന സി.പി.എമ്മിന്റെ സാധ്യതകളെ സംബന്ധിച്ച ആഴത്തിലുളള ഒരു വിലയിരുത്തലിന് സമയമായിട്ടില്ല. സംഘടന നവീകരിക്കുന്നതു സംബന്ധിച്ചും വര്‍ഗ സംഘടനകള്‍ കെട്ടിപ്പടുക്കുന്നതു സംബന്ധിച്ചും നവ ഉദാരീകരണ കാലഘട്ടത്തിന്റെ വെല്ലവിളികളെയും കേന്ദ്രത്തിലെ വലതുപക്ഷ-വര്‍ഗീയ സര്‍ക്കാറിന്റെ നീക്കങ്ങളെ ചെറുക്കുന്നതിനെക്കുറിച്ചും പ്ലീനം കൈക്കൊണ്ട സംഘടനാപരമായ തീരുമാനങ്ങളുടെ വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല.

v-s-in-kolkata

നിശ്ചലത : കൊല്‍ക്കത്ത പ്ലീനം വേദിയില്‍ വി.എസ് അച്യുതാനന്ദനെ പി.ബി.അംഗം ബിമന്‍ബസു ആദരിക്കുന്നു. വികാരമറ്റ മുഖവുമായി കേരളത്തില്‍നിന്നുള്ള നേതാക്കള്‍.

ആദ്യമേ എടുത്തുപറയേണ്ട ഒരു കാര്യമുണ്ട്. സി.പി.എമ്മിനകത്തും പുറത്തും നേരത്തേ ഉന്നയിച്ചുപോന്ന നയവ്യതിയാനങ്ങളേയും അതിന്റെ ഫലമായി ചെയ്തുകൂട്ടിയ തെറ്റുകളേയും സംബന്ധിച്ച് ആദ്യമായി നേതൃത്വം ഏറ്റുപറഞ്ഞിരിക്കുന്നു, തിരുത്താന്‍ തയാറായിരിക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം ഈ തെറ്റുകള്‍ ശരികളായി കാണാനും വിമര്‍ശനം ഉന്നയിക്കുന്നവരെ ആക്രമിച്ച് നശിപ്പിക്കാനും പാര്‍ട്ടി ശത്രുക്കളായി പ്രഖ്യാപിക്കാനും മാത്രമാണ് നേതൃത്വം ശ്രമിച്ചുപോന്നത്. മനസ്സില്ലാമനസ്സോടെയാണെങ്കിലും അതിനുള്ള പ്രായശ്ചിത്തം ചെയ്യാതെ പാര്‍ട്ടിയുടെ വിശ്വാസ്യത നിലനിര്‍ത്താനും പാര്‍ട്ടിവിട്ടുപോക്ക് തടയാനും പാര്‍ട്ടിയിലേക്ക് ആളുകളെ അടുപ്പിക്കാനും കഴിയില്ലെന്നും ബോധ്യമായിരിക്കുന്നു. ഈ പ്രായശ്ചിത്തത്തിന്റെ പ്രതീകാത്മകമായ ചെറിയൊരു പ്രകടനമാണ് വി.എസ് അച്യുതാനന്ദന് പ്രീനം വേദിയില്‍ ഇടം നല്‍കിയതും സ്വീകരിച്ചതും. പാര്‍ട്ടി വിരുദ്ധനെന്നും നേതാവായി കേരളാ പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന സമ്മേളനം തീരുമാനിച്ച് കേന്ദ്രനേതൃത്വത്തോട് തുടര്‍ നടപടി ആവശ്യപ്പെട്ട ഒരാളെയാണ് ഇത്തരത്തില്‍ പ്ലീനം വേദിയില്‍ നേതൃത്വത്തിന് ഉള്‍ക്കൊള്ളേണ്ടിവന്നത്. കേരള നേതൃത്വത്തിലെ ഒരു വിഭാഗം തുപ്പാനും വിഴുങ്ങാനുമാകാത്ത അവസ്ഥയിലാണെങ്കിലും.

പാര്‍ട്ടി നയത്തിന്റേയും സംഘടനാ ചട്ടങ്ങളുടേയും പേരില്‍ നടപ്പാക്കിപ്പോന്ന വ്യക്തി വിദ്വേഷത്തിന്റേയും മാര്‍ക്‌സിസ്റ്റ് വിരുദ്ധതയുടേയും ഈ ശൈലി പാടേ തിരുത്താതെ പിറകോട്ടല്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന് സി.പി.എം കേന്ദ്രകമ്മറ്റിയിലെ ഭൂരിപക്ഷത്തിനും ബോധ്യമുണ്ട്. പ്രശ്‌നം ഒരു വി.എസ് വിഷയത്തില്‍ ഒതുങ്ങുന്നതല്ലെന്ന് മനസ്സിലാക്കി ഈ നിലപാട് തുടര്‍ന്നാല്‍ ഒരു മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെന്ന നിലക്ക് വലിയൊരു തിരിച്ചുവരവ് സി.പി.എമ്മിനും ഇടതുപക്ഷത്തിനും നടത്താന്‍ കഴിയും. അതല്ല, ഇതെല്ലാം കേവലം അക്ഷരങ്ങളായി പ്രമേയത്തിലും റിപ്പോര്‍ട്ടിലും വീണ്ടും ഒതുങ്ങുകയാണെങ്കില്‍ ഒരു പാഴ്ക്കടലാസ് പ്ലീനമെന്നോ പാഴായ പ്ലീനമെന്നോ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടിവരും. വളരെ വൈകി തിരുത്തി മുന്നേറാനുള്ള ഒരേയൊരു അവസരമായിരുന്നു പ്ലീനമെന്നും ഇത് സി.പി.എമ്മിനു മാത്രമല്ല ഇടതുപക്ഷത്തിനാകെ അവസാന അവസരമാണെന്നും ഉള്‍ക്കൊള്ളേണ്ടത് പാര്‍ട്ടി നേതൃത്വംതന്നെയാണ്. കാരണം ഇത് പ്രയോഗത്തില്‍ വരുത്തേണ്ടതും അവര്‍തന്നെയാണ്.

പാര്‍ട്ടിയെ വിപ്ലവപാര്‍ട്ടിയാക്കുമെന്ന് കൊല്‍ക്കത്ത പ്ലീനവേദിയില്‍നിന്ന് പ്രഖ്യാപിക്കുമ്പോള്‍ തൊട്ടുരുമ്മി മുപ്പത്താറു വര്‍ഷക്കാലത്തെ ചരിത്രപാത നില്‍പ്പുണ്ട്. ഇതേ കൊല്‍ക്കത്തയില്‍ 1978 ഡിസംബറിലെ ഇതേ തീയതികളിലാണ് അഞ്ചുദിവസം നീണ്ടുനിന്ന ചരിത്രപരമായ രണ്ടാമത്തെ പ്ലീനം സി.പി.എം ചേര്‍ന്നത്. അതുവരെ ഇന്ത്യന്‍ ഇടതുപക്ഷത്തിനിടയില്‍ ഒരു വിപ്ലവകാരി എന്ന നിലയിലാണ് സി.പി.എം ചിന്തിച്ചതും പ്രവര്‍ത്തിച്ചുപോന്നതും. കേരളം, ബംഗാള്‍, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ അപൂര്‍വ്വമായി അധികാരത്തിലും പാര്‍ലമെന്റേതര പാതയിലും ഒതുങ്ങിയും ഏതാണ്ട് ഒറ്റപ്പെട്ടും കഴിയുകയായിരുന്നു ഏറെക്കുറെ സി.പി.എം. ആ നില അവസാനിപ്പിച്ച് ഒരു വിപ്ലവ-ബഹുജന പാര്‍ട്ടിയാക്കി സി.പി.എമ്മിനെ മാറ്റാനുള്ള തീരുമാനം ആ സാല്‍ക്കിയാ പ്ലീനത്തില്‍വെച്ചാണ് പാര്‍ട്ടി കൈക്കൊണ്ടത്.

ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയെ അടയാളപ്പെടുത്തുംവിധം ഡല്‍ഹിയില്‍ ഒരു കേന്ദ്ര ആഫീസ് സുസജ്ജമാക്കിയതും വര്‍ഗ – ബഹുജന സംഘടനകള്‍ കെട്ടിപ്പടുക്കാനും നയിക്കാനുമുള്ള കേന്ദ്ര ആസ്ഥാനങ്ങള്‍ അവിടെ തുറന്നതും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും ഒരു ചലനശേഷിയുള്ള നേതൃത്വത്തിനു കീഴില്‍ സി.പി.എം ഏകോപിപ്പിക്കപ്പെട്ടതും ഇതിന്റെ തുടര്‍ച്ചയായാണ്. ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം വിയോജിപ്പിന്റെ മേഖലകള്‍ മാറ്റിനിര്‍ത്തി ഊട്ടിയുണ്ടാക്കിയതും ഭരണപക്ഷത്തടക്കമുള്ള വര്‍ഗ-ബഹുജന സംഘടനകളുടെ സംയുക്ത പ്രക്ഷോഭങ്ങള്‍ ആഞ്ഞടിപ്പിക്കാനായതും  ഇതിന്റെ ഫലമാണ്. അങ്ങനെ അതിരുകളില്ലാതെ സി.പി.എം വളര്‍ന്ന ഒരു കാലഘട്ടം. അതും സോവിയറ്റു യൂണിയനിലും യൂറോപ്പിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സോഷ്യലിസ്റ്റ് പാതയും തകര്‍ന്നമരുമ്പോള്‍.

മൂന്നു സംസ്ഥാനങ്ങളില്‍ ഭരണം. വിവിധ സംസ്ഥാന നിയമസഭകളില്‍ പ്രാതിനിധ്യം. ലോകസഭയില്‍ അറുപത്തഞ്ചോളം സീറ്റുകളില്‍ പ്രാതിനിധ്യം. കേന്ദ്രത്തില്‍ ഏത് ഗവണ്മെന്റ് വരണം, വരാതിരിക്കണം എന്നതില്‍ നിര്‍ണ്ണായക തീരുമാനം ഇടതുപക്ഷത്തിന്റെ കൈയിലാണെന്ന സ്ഥിതി. ബിഹാര്‍, യു.പി, ഒറീസ, ജമ്മു-കശ്മീര്‍ തുടങ്ങി വിപുലമായ പരിധികളില്‍നിന്നുയരുന്ന സി.പി.എമ്മിന്റെ വേറിട്ട ശബ്ദം. ഇത്രയൊക്കെ നിര്‍വ്വഹിക്കാനുള്ള സമര്‍പ്പിതമായൊരു നേതൃത്വവും സംഘടനാ രൂപവും അടവുനയവും ഇടപെടല്‍ ശക്തിയും സി.പി.എം കാണിച്ചു എന്നത് വസ്തുതയാണ്.

വി.പി സിങിന്റേയും ഐ.കെ ഗുജ്‌റാളിന്റേയും ദേവഗൗഡയുടേയും ഗവണ്മെന്റുകളെ രൂപപ്പെടുത്തുന്നതിലും പരിപാടികള്‍ മുന്നോട്ടുവെക്കുന്നതിലും സി.പി.എം മുഖ്യപങ്കുവഹിച്ചതും ചരിത്രമാണ്. എന്തിന്, ബി.ജെ.പിയുടെ ഗവണ്മെന്റിന്റെ വഴിതടഞ്ഞ് ഒന്നാം യു.പി.എ ഗവണ്മെന്റിനെ അധികാരത്തില്‍ എത്തിച്ചതിന്റേയും നാലുവര്‍ഷത്തോളം ഇടച്ചങ്ങലയില്‍ മുന്നോട്ടുകൊണ്ടു പോയതിന്റേയും അവകാശവാദവും അതിന്റെ നേതാക്കള്‍ അഭിമാനപൂര്‍വ്വം അവകാശപ്പെട്ടിരുന്നു.

മുപ്പത്താറ് വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ക്കൂടി കൊല്‍ക്കത്തയില്‍ സി.പി.എം സംഘടനാ പ്രശ്‌നങ്ങള്‍ പ്ലീനം ചേര്‍ന്ന് അവലോകനം ചെയ്തപ്പോള്‍ മുമ്പിലുണ്ടായത് പാര്‍ട്ടി ഉണ്ടാക്കിയ നേട്ടമെല്ലാം നഷ്ടപ്പെടുത്തിയതിന്റെ ബാക്കിപത്രമാണ്. ഒരു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന നിലയില്‍ സി.പി.എമ്മിനെ നേതൃത്വത്തിനുപോലും തിരിച്ചറിയാന്‍ കഴിയാത്ത രാസപരിണാമം സംഭവിച്ചിരിക്കുന്നു എന്ന ദുരന്തമാണ്. മൂന്നര പതിറ്റാണ്ടോളം അധികാരത്തിലിരുന്ന ബംഗാളില്‍പോലും പഴയ നിലയിലേക്ക് തിരിച്ചു വരണമെങ്കില്‍ പാര്‍ട്ടി പരിപാടി ഇപ്പോഴും വര്‍ഗ ശത്രുവായി പ്രഖ്യാപിക്കുന്ന കോണ്‍ഗ്രസ് ഐയുമായി സഹകരിക്കണമെന്ന അവസ്ഥയിലാണ്. മുന്‍ഗണന നിശ്ചയിച്ച് പ്രവര്‍ത്തനം തീരുമാനിച്ച ഹിന്ദി മേഖലയില്‍ ഉള്ള വേരുകള്‍പോലും പൂര്‍ണ്ണമായി നഷ്ടപ്പെട്ടു എന്ന വസ്തുതയാണ്.

ഇതിനൊക്കെ കാരണം ആഗോളീകരണം സമൂഹത്തിലുണ്ടാക്കിയ മാറ്റമാണ് എന്ന വ്യാഖ്യാനം സംഘടനാപരവും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ തകര്‍ച്ചക്കും തിരിച്ചടിക്കുമുള്ള ഒറ്റമൂലി മറുപടിയാകുന്നില്ല. ഇതിന്റെ കാരണങ്ങള്‍ പാര്‍ട്ടിക്കകത്ത് ആശയസമരം നടത്തി പുറത്തായവര്‍ മുതല്‍ പാര്‍ട്ടി അനുഭാവികളായ ബുദ്ധിജീവികളും ചരിത്രകാരന്മാരും മറ്റ് ഇടതുപാര്‍ട്ടികളിലുള്ളവര്‍പോലും നിരന്തരം ഓര്‍മ്മിപ്പിച്ചതാണ്. അതെല്ലാം സ്വരുക്കൂട്ടി രേഖയാക്കി നേതൃത്വം ഇപ്പോഴെങ്കിലും ഒരു പോസ്റ്റുമോര്‍ട്ടത്തിനൊരുങ്ങി എന്നതാണ് ഗുണപരമായ കാര്യം.

വിപ്ലവ – ബഹുജന പാര്‍ട്ടി കെട്ടിപ്പടുക്കുകയെന്ന സാല്‍ക്കിയാ പ്ലീന തീരുമാനത്തിന്റെ ഉല്പന്നമായി 1998 വരെയുള്ള സി.പി.എമ്മിന്റെ പാര്‍ലമെന്ററി തലത്തിലേയും ബഹുജനങ്ങള്‍ക്കിടയിലെയും പ്രവര്‍ത്തനം ഒന്നിച്ചുകൊണ്ടുപോകുക എന്ന യഥാര്‍ത്ഥ അജണ്ട നടപ്പാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിനു തെറ്റുപറ്റി. അതാണ് സി.പി.എമ്മിനെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചത്. അംഗങ്ങള്‍ പാര്‍ട്ടിവിട്ട് ബി.ജെ.പിയിലടക്കം ഇടംതേടുന്നതിനുപോലും ഇതിനിടയാക്കിയത്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍മാത്രം കേന്ദ്രീകരിച്ച് അധികാരത്തിന്റെ നടത്തിപ്പുകാരായപ്പോള്‍ വിപ്ലവ മൂല്യങ്ങള്‍ നഷ്ടപ്പെട്ട് അഴിമതിയടക്കമുള്ള മുതലാളിത്ത ദുഷ്പ്രഭുത്വത്തിന്റെ വാലായി പാര്‍ട്ടി മാറി. ഇതിന്റെ മറ്റൊരു പ്രത്യാഘാതമാണ് പാര്‍ട്ടിയില്‍ പൊതുവിലും ഏറ്റവും വലിയ ഘടകമായ കേരളത്തില്‍ വിശേഷിച്ചും ശക്തിപ്പെട്ട വിഭാഗീയത.

പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ മുഖ്യ ചുമതല ഈ വിഭാഗീയത തീര്‍ക്കലും പാര്‍ലമെന്ററി അധികാരവുമായി ബന്ധപ്പെട്ട അടവുനയങ്ങള്‍ ആവിഷ്‌ക്കരിക്കലും മറ്റുമായിരുന്നു. സാല്‍ക്കിയാ പ്ലീനത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാപരമായി എടുത്ത നേതൃത്വത്തിന്റെ കടമകളും പ്രവര്‍ത്തനശൈലിയും ചുമതലകളും കീഴ്‌മേല്‍ മറിച്ചതിനും നേതൃത്വംതന്നെയാണ് ഉത്തരവാദി. പി.ബി അംഗങ്ങള്‍തൊട്ടുളള നേതാക്കളും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ട കീഴ് ഘടകങ്ങളും പ്രവര്‍ത്തിക്കാതായതിന് വിഭാഗീയതയെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല.

പാര്‍ട്ടി കേന്ദ്രത്തില്‍ വേണ്ടത്ര നേതാക്കളെ വിന്യസിച്ച് പാര്‍ട്ടിയെ ദേശീയതലത്തില്‍ വ്യാപിപ്പിക്കേണ്ട ചുമതല ഏല്‍പ്പിച്ചാണ് പഴയ തലമുറക്കാരായ നേതാക്കള്‍ ചരിത്രത്തില്‍നിന്നു പിന്മാറിയത്. പുതിയ നേതൃത്വം ഗ്രൂപ്പടിസ്ഥാനത്തില്‍ പി.ബിയേയും കേന്ദ്രകമ്മറ്റിയേയും വിഭാഗീയമാക്കുകയും ആ വിഭാഗീയത പടര്‍ത്താന്‍ സംസ്ഥാനത്തുതന്നെ കേന്ദ്രീകരിക്കുകയുമാണ് ചെയ്യുന്നത്. 2000-ത്തിനു ശേഷമുള്ള കേന്ദ്രകമ്മറ്റി – പി.ബി അംഗങ്ങളുടെ പ്രവര്‍ത്തന അജണ്ട സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. പേരില്‍ മാര്‍ക്‌സിസ്റ്റാണെങ്കിലും ഒരു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ദീര്‍ഘദര്‍ശിത്വവും മാനുഷിക പരിഗണനയും ജനപ്രതിബദ്ധതയുമുള്ള ഒരു നേതൃവൃന്ദം സി.പി.എമ്മിന് ഇല്ലാതെവന്നത് അതുകൊണ്ടാണ്.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും പാര്‍ട്ടിയായി മാറുകയും അവരുടെ ഭാവി രൂപീകരണത്തിന് നേതൃത്വം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യം നിര്‍വ്വഹിക്കണോ അതല്ല കേരളത്തില്‍ ആരായിരിക്കണം മുഖ്യമന്ത്രി എന്ന തര്‍ക്കവുമായി ഇനിയും ജനങ്ങളുടെ ഇടയിലേക്ക് രഥവുമുരുട്ടി പാര്‍ട്ടി പോകണോ എന്ന തിരിച്ചറിവാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നയിക്കുന്ന സി.പി.എം പൊളിറ്റ് ബ്യൂറോയ്ക്ക് ഉണ്ടാകേണ്ടത്. അധികാരത്തില്‍ വരണമോ, മാര്‍ക്‌സിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി ബംഗാളിനെ നയിക്കാന്‍ പ്രാപ്തി നേടണോ എന്നതാണ് പശ്ചിമ ബംഗാളിന്റെ കാര്യത്തില്‍ അവര്‍ തീരുമാനിക്കേണ്ടത്.

വിപ്ലവം ചോര്‍ന്ന് കേവലം ബഹുജന പാര്‍ട്ടിയായെന്ന് നിലവിളിച്ചതുകൊണ്ടായില്ല. സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ ആവര്‍ത്തിച്ചെടുത്ത് രോഗനിര്‍ണ്ണയം ചര്‍ച്ച ചെയ്തതുകൊണ്ടുമായില്ല. അടിയന്തര ശസ്ത്രക്രിയക്കും ആരോഗ്യ വീണ്ടെടുപ്പിനുമാണ് ശ്രമിക്കേണ്ടത്. പ്രവര്‍ത്തനത്തിന്റെ ഒരു നൂറ്റാണ്ടിലേക്ക് നടന്നുനീങ്ങുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം അക്കാര്യത്തിലാണ് ഏകീകരിച്ച തീരുമാനവും ശക്തമായ നിലപാടും എടുക്കേണ്ടത്. മറ്റൊരവസരം കിട്ടാന്‍ സാധ്യമാകാത്തവിധം ഇടതുപക്ഷത്തിന്റെ ഇടം രാജ്യത്തുമാത്രമല്ല ജനങ്ങളുടെ മനസ്സിലും നഷ്ടപ്പെടുകയാണെന്നുകൂടി അവര്‍ തിരിച്ചറിയണം.

തങ്ങളൊഴിഞ്ഞ ഇടങ്ങളില്‍ സാമ്രാജ്യത്വത്തിന്റെ പുതുസേവകരും കപട ജനപക്ഷ നിലപാടുകളുമായി തീവ്രവര്‍ഗീയതയുടെ പുതിയ പടത്തലവന്മാരും ഇറങ്ങിയിരിക്കയാണ്. അവസാന അവസരത്തിന്റേതായ ഈ ബസും വിട്ടുപോകുംമുമ്പ് സി.പി.എം നേതൃത്വം സ്വന്തം ചുമതല നൂറുശതമാനം ഉറപ്പുവരുത്തുമോ എന്നാണ് അണികളും അനുഭാവികളും ഉറ്റുനോക്കുന്നത്. വാക്ജാഢകള്‍കൊണ്ട് ചരിത്രഗതിയെ സ്വാധീനിക്കാനോ പിടിച്ചുനിര്‍ത്താനോ കഴിയില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top