സുധീരന്റെ യാത്ര സ്വയരക്ഷക്കെന്ന് പി.സി. ജോര്‍ജ്

pc-george-caseകോട്ടയം: കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ കേരള രക്ഷാ യാത്ര നടത്തുന്നത് ജനത്തെ രക്ഷിക്കാനല്ല, സ്വയം രക്ഷിക്കാന്‍ വേണ്ടിയാണെന്ന് കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി.സി. ജോര്‍ജ്. നാലേമുക്കാല്‍ വര്‍ഷം ഭരിച്ചിട്ട് ജനത്തെ രക്ഷിക്കാനെന്നു പറഞ്ഞ് സുധീരന്‍ നടത്തുന്ന യാത്ര ഉദ്ഘാടനം ചെയ്യേണ്ട ഗതികേടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുണ്ടായത്. ആത്മാഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കുകയാണ് വേണ്ടത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ദയനീയ പരാജയമായിരിക്കും ഉണ്ടാവുക. വി.എസ്. അച്യുതാനന്ദന്‍ കേരളം കണ്ടതില്‍ ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണ്. പിണറായി വിജയന്‍ നല്ല ഭരണാധികാരിയെന്നും തെളിയിച്ചു. വി.എസ് മത്സരിക്കുന്നതില്‍ തെറ്റില്ല, പക്ഷേ അത് സി.പി.എമ്മാണ് തീരുമാനിക്കേണ്ടത്. ഇപ്പോള്‍ സി.പി.എമ്മിലല്ല, യു.ഡി.എഫിലാണ് നേതൃതര്‍ക്കം. മുഖ്യമന്ത്രി ആരാണെന്ന് തെരഞ്ഞെടുപ്പിനുശേഷം സി.പി.എം തീരുമാനിക്കും.

രാഷ്ട്രീയ അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയുമായി ചര്‍ച്ച നടത്താമെന്ന് പറയുന്നത് തെറ്റാണെന്ന് വിവരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ മനോനില സംശയാസ്പദമാണ്. കേരള കോണ്‍ഗ്രസ് സെക്കുലറിനെ എപ്പോള്‍ ഘടകകക്ഷിയാക്കുമെന്ന് തീരുമാനിക്കേണ്ട് മുന്നണി നേതാക്കളാണ്. പൂഞ്ഞാറില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയായി താന്‍ മത്സരിക്കും. പൂഞ്ഞാര്‍ വിട്ട് മറ്റൊരിടത്തേക്കും പോകില്ല. കെ.എം. മാണി വെള്ളാപ്പള്ളി-ബി.ജെ.പി സഖ്യത്തിനൊപ്പം ചേര്‍ന്നാല്‍ കുറ്റപ്പെടുത്താനാവില്ല.

Print Friendly, PDF & Email

Leave a Comment