കൊച്ചി: സ്വാമി ശാശ്വതീകാനന്ദ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തുടരാമെന്ന് ഹൈകോടതി. പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ കുറിപ്പും പോസ്റ്റ്മോര്‍ട്ടം പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച് മരണം കൊലപാതകമാണെന്ന് വിലയിരുത്തിയുള്ള രേഖാമൂലമുള്ള പരാതികള്‍ നിലവിലില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ഉത്തരവ്.
പോസ്റ്റ്മോര്‍ട്ടം ചെയ്ത രീതിയിലോ ഇത് സംബന്ധിച്ച ഫലത്തിലോ പ്രഥമദൃഷ്ട്യാ അപാകതകളില്ലന്ന് കോടതി വ്യക്തമാക്കി. ശാശ്വതീകാനന്ദയുടെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട കുറിപ്പും വിഡിയോ ദൃശ്യങ്ങളും ഉത്തരവിലൂടെ വിളിച്ചുവരുത്തിയാണ് കോടതി പരിശോധിച്ചത്. സ്വാമി ശാശ്വതികാനന്ദ കേസില്‍ തുടരന്വേഷണം വേണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശങ്ങളുണ്ടായത്. തലയില്‍ കണ്ട മുറിവിനെക്കുറിച്ചുള്ള ഡോക്ടറുടെ മൊഴിയുള്പ്പെടെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി. ആസഫലി കോടതിയില്‍ ഹാജരാക്കിയത്.
മുങ്ങിമരണമെന്നാണ് കണ്ടത്തെിയതെങ്കിലും കേസ് അവസാനിപ്പിച്ചിട്ടില്ല. മരണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നുണ്ട്. മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ആരും പരാതി നല്‍കിയിട്ടില്ല. എന്നാല്‍, കൊലപാതകമാണെന്ന വെളിപ്പെടുത്തലുകള്‍ ഏറെ ഉണ്ടാകുന്നുണ്ട്. ആവശ്യമെങ്കില്‍ ഈ വെളിപ്പെടുത്തലുകള്‍ അന്വേഷണസംഘം പരിശോധിക്കുമെന്നും ഡി.ജി.പി കോടതിയെ അറിയിച്ചു.
മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്തുകള്‍ തന്‍െറ ഓഫിസിലും വീട്ടിലും ലഭിക്കുന്നുണ്ടെന്നും എന്നാല്‍, രേഖാമൂലമുള്ള പരാതികള്‍ എങ്ങുമില്ലന്നും കോടതിയും വെളിപ്പെടുത്തി. തുടര്‍ന്നാണ് നിലവിലെ അന്വേഷണം തുടരട്ടേയെന്ന് സിംഗ്ള്‍ബെഞ്ച് വ്യക്തമാക്കിയത്. കേസ് വീണ്ടും രണ്ടുമാസം കഴിഞ്ഞ് പരിഗണിക്കും.