ഇവിടെ ഭരണമുണ്ടോ? ഡി.ജി.പി ജേക്കബ് തോമസ്

DGP Jacob thomas speech

കൊച്ചി: സര്‍ക്കാറും ഭരണസംവിധാനങ്ങളും ജനങ്ങളില്‍നിന്ന് അകലുന്നുവെന്ന് ഡി.ജി.പി ഡോ. ജേക്കബ് തോമസ്. യഥാര്‍ഥ നേതൃത്വമില്ലാത്തതാണ് നമ്മുടെ പ്രതിസന്ധി. ഇവിടെ ഭരണം നടക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സെന്‍റര്‍ ഫോര്‍ പബ്ളിക് പോളിസി റിസര്‍ച്ചിന്‍െറ ആഭിമുഖ്യത്തില്‍ ‘ഭരണവും ഉത്തരവാദിത്തവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കാഴ്ചപ്പാടില്ലാത്തവരാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. സര്‍ക്കാര്‍ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്. ഇവിടെ പ്രഖ്യാപനങ്ങള്‍ മാത്രം നടക്കുന്നു. ഉത്തരവാദിത്തങ്ങളും നടപടികളും മറക്കുന്നു. ജനകീയ കോടതിയെന്നത് ജനങ്ങളെ വിഡ്ഢികളാക്കലാണ്. തെരഞ്ഞെടുപ്പും ജനവിധിയും രാഷ്ട്രീയപാര്‍ട്ടി തലത്തിലാണ് നടക്കുന്നത്. വ്യക്തികളില്‍ അല്ല. വോട്ടിന്‍െറ 10 ശതമാനമേ വ്യക്തികളെ കണക്കിലെടുത്ത് ചെയ്യുന്നുള്ളൂ.

രാഷ്ട്രീയ നേതാക്കള്‍ പണത്തിന്‍െറ പിന്നാലെയാണ് പോകുന്നത്. ഇവിടെ മൂല്യങ്ങള്‍ക്ക് സ്ഥാനമില്ല. നേതാക്കള്‍ക്ക് നിര്‍ധനരെയും സാധാരണക്കാരെയും അറിയില്ല. നമ്മുടെ ആസൂത്രണം വളരെ മോശമാണ്. നമ്മുടെ വിദ്യാഭ്യാസ നിലവാരത്താഴ്ചക്കും മാലിന്യപ്രശ്നത്തിനും കുട്ടികളുടെ പ്രതിരോധ ശേഷിക്കുറവിനും പരിസ്ഥിതി നശീകരണം തുടങ്ങി മറ്റു പ്രശ്നങ്ങള്‍ക്കും ആരാണ് ഉത്തരവാദികള്‍. ബഹുനില കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായാല്‍ ആരാണ് ഉത്തരവാദി. താനടക്കം അഞ്ച് മേധാവികള്‍ ഫയര്‍ ഫോഴ്സിന്റെ തലപ്പത്തത്തെി. ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ.

സര്‍ക്കാറിന്റെ അവഗണന മൂലം നിരവധി ജീവനാണ് പൊലിയുന്നത്. ദുരന്തങ്ങളില്‍ മരിക്കുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സര്‍ക്കാറിന്റെ അനാസ്ഥക്കും അവഗണനക്കും ആരെങ്കിലും കണക്കുപറയുന്നുണ്ടോ. വാഗ്ദാനങ്ങളും ബജറ്റ് പ്രഖ്യാപനങ്ങളും നടപ്പാക്കുന്നുണ്ടെന്ന് സമയബന്ധിതമായി വിലയിരുത്തപ്പെടണം. അഴിമതി വിരുദ്ധ ഏജന്‍സികള്‍ നിരവധിയുണ്ട്. അവ യഥാംവണ്ണം പ്രവര്‍ത്തിക്കാത്തതിനാല്‍ അഴിമതി കുറയുന്നില്ല. നമ്മള്‍ ഇപ്പോഴും 1960കളിലെയും ’70കളിലെയും നേട്ടങ്ങളില്‍ അഭിരമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment