പ്രവര്‍ത്തനം അവസാനിപ്പിച്ച പ്രവാസികാര്യ മന്ത്രാലയം ഇനി പുനരാരംഭിക്കില്ല; സുഷമ സ്വരാജ്

pravasiന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്കു വേണ്ടി യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച പ്രവാസികാര്യ മന്ത്രാലയം തുറക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മ ന്ത്രി സുഷമ സ്വരാജ്. ആലോചിച്ച ശേഷമാണു ഈ വകുപ്പിനെ വിദേശകാര്യ വകുപ്പില്‍ ലയിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നു മുഖ്യമ ്രന്തി ഉമ്മന്‍ചാണ്ടിയെ സുഷമ അറിയിച്ചു. യുപിഎ സര്‍ക്കാരില്‍ ഇ. അഹമ്മദ്, വയലാര്‍ രവി എന്നിവരായിരുന്നു പ്രവാസികാര്യ വകുപ്പില്‍ സഹമന്ത്രിമാരായിരുന്നത്. വിദേശകാര്യ മന്ത്രാലയത്തിനു കീഴില്‍ത്തന്നെയായിരുന്നു ഇത്. എന്നാല്‍ മിനിമം ഗവണ്‍മെന്‍റ്, മാക്സിമം ഗവേണന്‍സ് എന്ന കേന്ദ്രനയത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവാസി വകുപ്പിനെ വിദേശകാര്യ മന്ത്രാലയത്തില്‍ത്തന്നെ കൂട്ടിച്ചേര്‍ക്കുകയാണെന്നു സുഷമ വ്യക്തമാക്കി.

ഒരേ കാര്യത്തില്‍ രണ്ടു മന്ത്രാലയങ്ങള്‍ ഇടപെടുന്നതു വലിയ തോതില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നാണു കേന്ദ്ര നിലപാട്. വിദേശത്തെ നയതന്ത്ര കാര്യാലയങ്ങള്‍ വഴിയാണു വിദേശകാര്യ മന്ത്രാലയവും പ്രവാസി മന്ത്രാലയവും ഒരേ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതിനാല്‍ പ്രത്യേകം മന്ത്രാലയങ്ങള്‍ വേണ്ടെന്നു കേന്ദ്രം പറയുന്നു. ജനറല്‍ വി.കെ.സിങ്ങാണ് ഇപ്പോള്‍ വിദേശകാര്യ സഹമന്ത്രി. പ്രവാസികളുടെ ഒട്ടേറെ പ്രശ്നങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെടല്‍ നടത്തുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി വകുപ്പ് ഉപേക്ഷിക്കാനുള്ള സുഷമയുടെ നിര്‍ദേശം പ്രധാനമന്ത്രി അംഗീകരിക്കുകയായിരുന്നു.

എന്നാല്‍, തീരുമാനം ശരിയായില്ലെന്നും പ്രവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള അവസരമില്ലാതായെന്നും ഉമ്മന്‍ചാണ്ടി സുഷമയെ അറിയിച്ചു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹം നിവേദനം നല്‍കി. കേരളമാണ് ഇത്തരത്തില്‍ ആദ്യമായി ഒരു വകുപ്പു രൂപീകരിച്ചു വിദേശത്തുള്ളവര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ പറയാനും ചര്‍ച്ച ചെയ്യാനുമുള്ള അവസരമുണ്ടാക്കിയത്. പ്രവാസി ഭാരതീയ ദിവസ് രണ്ടു വര്‍ഷത്തിലൊരിക്കലായി കുറച്ചതിനെയും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.

Print Friendly, PDF & Email

Leave a Comment