മന്ത്രി ബാബുവിന് എതിരായ കോഴ ആരോപണം: വിജിലന്‍സ് ത്വരിത പരിശോധന ആരംഭിച്ചു

babuകൊച്ചി: മന്ത്രി കെ. ബാബുവിന് എതിരായ ബാര്‍ കോഴ ആരോപണം സംബന്ധിച്ച് വിജിലന്‍സ് ത്വരിത പരിശോധന ആരംഭിച്ചു. നടപടിയുടെ ആദ്യഘട്ടമായി പരാതി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളത്തിന്റെ മൊഴി എറണാകുളം മേഖലാ എസ്.പി ആര്‍. നിശാന്തിനി രേഖപ്പെടുത്തി.

മന്ത്രി ബാബുവിന് 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേരള ബാര്‍ ഹോട്ടല്‍ ഉടമാസംഘം വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോര്‍ജ് വട്ടുകുളം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. തുടര്‍ന്ന് കോടതിയുടെ ഉത്തരവുപ്രകാരമാണ് പരിശോധന നടത്തുന്നത്.

മൊഴി നല്‍കാനത്തെിയ പരാതിക്കാരന്‍, മന്ത്രി ബാബുവിന് 50 ലക്ഷം രൂപ നേരിട്ട് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ചാനല്‍ അഭിമുഖം അടങ്ങിയ സീഡി വിജിലന്‍സിന് കൈമാറി. മന്ത്രിക്ക് 10 കോടിയാണ് നല്‍കിയതെന്ന് ബിജു രമേശ് വെളിപ്പെടുത്തിയ സ്ഥിതിക്ക് ബാക്കി പണം എങ്ങനെ കൈമാറിയെന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കൂടാതെ, അഭിമുഖം നടത്തിയ ചാനല്‍പ്രവര്‍ത്തകനില്‍ നിന്ന് മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കൈക്കൂലി വാങ്ങുന്നത് പോലെതന്നെ കൊടുക്കുന്നതും കുറ്റകരമായതിനാല്‍ ബിജുവിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടതായി സൂചനയുണ്ട്. മന്ത്രി ബാബുവിനെതിരായ ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം ആറു മാസമായിട്ടും തുടര്‍നടപടി സ്വീകരിക്കാത്തതിനെ വ്യാഴാഴ്ച ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു. ത്വരിത പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചെന്ന് ഒരാഴ്ചക്കകം വിജിലന്‍സ് വിശദീകരണപത്രിക സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഹൈകോടതിയുടെ പരാമര്‍ശങ്ങളോടുള്ള നിലപാട് വിജിലന്‍സ്തന്നെ കോടതിയില്‍ അറിയിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വെള്ളിയാഴ്ച കൊച്ചിയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍, കഴിയുന്നതുംവേഗം അന്വേഷണം പൂര്‍ത്തിയാക്കി പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് വിജിലന്‍സ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment